അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ആക്രമണം; ആറ് പോലീസുകാര്‍ മരിച്ചു

Posted on: April 3, 2014 7:00 am | Last updated: April 3, 2014 at 7:34 am

കാബൂള്‍:അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ചാവേര്‍ സ്‌ഫോടനം. ആറ് പോലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനിക വേഷത്തിലെത്തിയ അക്രമികള്‍ ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ആഭ്യന്തര മന്ത്രാലയത്തിലെ മാനവ വിഭവ വകുപ്പിന്റെ ഓഫീസിലേക്ക് പ്രവേശിക്കാനിരിക്കെ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര വകുപ്പ് വക്താവ് പറഞ്ഞു.
പോലീസും സൈന്യവും ചേര്‍ന്ന് മന്ത്രാലയ ജീവനക്കാരെ ഒഴിപ്പിച്ച ശേഷം സംഭവ സ്ഥലം സീല്‍ ചെയ്തു. വന്‍ സുരക്ഷാ സംവിധാനങ്ങളും നിരവധി ചെക്ക് പോയിന്റുകളുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കാര്യാലയത്തിലേക്ക് ചാവേര്‍ എങ്ങനെ പ്രവേശിച്ചു എന്നത് വ്യക്തമല്ല. അടുത്ത ശനിയാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമീപ ദിവസങ്ങളിലായി അഫ്ഗാനിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ പതിവായിരിക്കുകയാണ്. അഫ്ഗാനിന്റെ വടക്ക് ഭാഗത്ത് വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന്റെ പിന്നിലും താലിബാനാണ് പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാനുള്ള താലിബാന്റെ പ്രഖ്യാപനത്തിന് പിറകെയാണ് സംഭവങ്ങള്‍ നടക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.