പലയിടത്തും ശമ്പളം മുടങ്ങി: പത്ത് വരെ ട്രഷറി നിയന്ത്രണം

Posted on: April 3, 2014 12:58 am | Last updated: April 5, 2014 at 5:19 pm

moneyതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തുടരുന്നുവെന്ന വ്യക്തമായ സൂചനകള്‍ നല്‍കി ധനവകുപ്പിന്റെ പുതിയ ഉത്തരവ്. വോട്ടെടുപ്പ് കഴിയും വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധനകാര്യഅഡീഷനല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരമാണ് ഉത്തരവിറക്കിയത്. ജീവനക്കാരുടെ ലീവ് സറന്‍ഡര്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടെന്നാണ് നിര്‍ദേശം. ചില ജില്ലകളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരത്ത് പ്രാദേശിക അവധിയായിരുന്നതിനാല്‍ ഇന്നലെ ശമ്പള വിതരണം നടന്നിട്ടില്ല.

ലീവ് സറന്‍ഡര്‍ മരവിപ്പിച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ലീവ് സറന്‍ഡര്‍ ബില്ലുകള്‍ ട്രഷറിയില്‍ð സ്വീകരിക്കുന്നുണ്ടെന്നും തുക ഏപ്രില്‍ð 11 മുതല്‍ നല്‍കി തുടങ്ങുമെന്നും ധനമന്ത്രി കെ എം മാണി അറിയിച്ചു. അതേസമയം, ട്രഷറിയിലെ ധനസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് കാണിച്ച് ട്രഷറി ഡയറക്ടര്‍ ട്രഷറി ഓഫീസര്‍മാര്‍ക്ക് ഇ-മെയില്‍ അയച്ചു.
16 ഇനങ്ങളില്‍ മാത്രം പണം അനുവദിച്ചാല്‍ മതിയെന്നാണ് ഏപ്രില്‍ ഒന്നിന് ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷനുകള്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണം, വിപണി ഇടപെടല്‍, തൊഴിലില്ലായ്മ വേതനം, എന്‍ഡോസള്‍ഫാന്‍ പാക്കേജ് തുടങ്ങിയവക്ക് പണം അനുവദിക്കാം.
എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമ്പോള്‍ അതോടൊപ്പം അനുവദിക്കേണ്ട ലീവ് സറന്‍ഡര്‍ നല്‍കാന്‍ പാടില്ല. പി എഫ്, പി എഫ് അക്കൗണ്ട് വഴിയുള്ള വായ്പ തുടങ്ങിയവക്കും നിയന്ത്രണമുണ്ടാകും. ആഭ്യന്തരം, റവന്യൂ, പൊതുമരാമത്ത്, വനം, ജലസേചനം ട്രഷറി, തുടങ്ങിയ വകുപ്പുകളിലാണ് ആദ്യപ്രവൃത്തി ദിവസം ശമ്പളം നല്‍കാറുള്ളത്. ചില ജില്ലകളില്‍ ഈ ഗണത്തില്‍പ്പെടുന്ന പലര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
വിദ്യാഭ്യാസം , ആരോഗ്യം വകുപ്പുകളില്‍ രണ്ടാം ദിവസവും കൃഷി, മൃഗസംരക്ഷണം ഉള്‍പ്പെടെ ശേഷിക്കുന്ന വകുപ്പുകളില്‍ മൂന്നാം ദിവസവും ശമ്പളം നല്‍കുന്നതാണ് പതിവ്. ട്രഷറിയില്‍ നിന്ന് പാസാക്കിയെടുത്ത തുകകള്‍ അതാത് വകുപ്പുകള്‍ ട്രഷറി സേവിംഗ്‌സില്‍ തന്നെ നിക്ഷേപിച്ചതിനാല്‍ ശമ്പള വിതരണത്തിന് തടസ്സം നേരിടില്ലെന്നാണ് വിലയിരുത്തിയിരുന്നതെങ്കിലും കാര്യങ്ങള്‍ സുഗമമല്ലെന്നാണ് ശമ്പള വിതരണം തുടങ്ങിയ ആദ്യദിവസത്തെ സൂചനകള്‍.
സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിരന്തരം വാര്‍ത്തകള്‍ വന്നതോടെയാണ് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനെതിരെ ഭീഷണിയുമായി ട്രഷറി ഡയറക്ടര്‍ പുതിയ ഉത്തരവിറക്കിയത്.
എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതിന് ട്രഷറിയില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളില്‍ ശമ്പള വിതരണം സാധാരണ നിലയില്‍ നടന്നുവരികയാണ്.
ഇത് സംബന്ധിച്ച ആശങ്കകള്‍ അസ്ഥാനത്താണെന്ന് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് എന്‍ ജി ഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന സൂചനയാണ് സര്‍ക്കാര്‍ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.