സന്ദീപാനന്ദ ഗിരിക്ക് മര്‍ദനം: അഞ്ച് പേര്‍ അറസ്റ്റില്‍

Posted on: April 3, 2014 12:45 am | Last updated: April 3, 2014 at 12:45 am

തിരൂര്‍: തുഞ്ചന്‍പറമ്പില്‍ പ്രഭാഷണത്തിനിടെ സ്വാമി സന്ദീപാനന്ദ ഗിരിയെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാവഞ്ചേരി കോലോത്തുവളപ്പില്‍ ഉണ്ണികൃഷ്ണന്‍ (41), കാവഞ്ചേരി കുഞ്ഞാടിപ്പടിക്കല്‍ വാസു (48), വെട്ടം കൊണ്ടക്കയില്‍ രാജന്‍ (26), ബി പി അങ്ങാടി രഞ്ജിത്ത് അമ്പാട്ട് (23), താനൂര്‍ കാഞ്ഞിരശ്ശേരി വേണുഗോപാല്‍ (48) എന്നിവരെയാണ് തിരൂര്‍ എസ് ഐ സുനില്‍ പുളിക്കലും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സ്വാമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വോയ്‌സ് ഓഫ് ഭഗവത്ഗീത എന്ന പ്രഭാഷണ പരമ്പരക്കിടെയാണ് അക്രമം ഉണ്ടായത്. പ്രഭാഷണം നടക്കവെ പത്തോളം വരുന്ന സംഘം സ്വാമിയെ മര്‍ദിക്കുകയായിരുന്നു.
തുഞ്ചന്‍പറമ്പിലെ ജീവനക്കാരാണ് മര്‍ദനമേറ്റ് അവശ നായ സന്ദീപാനന്ദ ഗിരിയുടെ രക്ഷക്കെത്തിയത്. അദ്ദേഹത്തെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, തുഞ്ചന്‍പറമ്പില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ച സംഭവം ആസൂത്രിതമായിരുന്നുവെന്നും എന്തൊക്കെ ഭീഷണികളും അക്രമങ്ങളും ഉണ്ടായാലും തന്റെ നേതൃത്വത്തിലുള്ള പ്രഭാഷണ പരി പാടികള്‍ സംസ്ഥാ നത്ത് ഉടനീളം തുടരുമെന്നും സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. അക്രമത്തില്‍ പരുക്കേറ്റ് ചികിത്സ തേ ടിയ ശേഷം തിരൂരിലെ പ്രഭാഷണവേദിയിലെത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനസികബോധം നഷ്ടപ്പെട്ടവരാണ് തന്നെ ആക്രമിച്ചത്. ഇത് ധര്‍മ്മവിരുദ്ധമാണ്. പട്ടിയെ കല്ലെറിയുന്നത് പോലെയായിരുന്നു ആക്രമണം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരിക്കുന്നത് കഷ്ടമാണ്. ആ ള്‍ദൈവങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശാസ്ത്രീയ അടിത്തറയില്ലാത്ത ജോതിഷത്തെ തുറന്നുകാട്ടുമെന്നും പറഞ്ഞ അദ്ദേഹം ആര്‍ എസ് എസിനെ തുറന്ന സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.