Connect with us

Ongoing News

ആറന്മുള വിമാനത്താവളത്തിനെതിരെ ബി ജെ പി പ്രകടനപത്രിക

Published

|

Last Updated

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി അംഗീകരിക്കില്ലെന്ന് എന്‍ ഡി എ. വികസനത്തിന്റെ മറവില്‍ നടത്തുന്ന ഇത്തരം ജനദ്രോഹനടപടികള്‍ക്കെതിരെ പൊതുജനാഭിപ്രായം ഉയര്‍ത്തും. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട കേരളത്തിലെ ഭരണകക്ഷി നടത്തിയ അഴിമതികള്‍ അന്വേഷിക്കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) പ്രകടനപത്രികയില്‍ വ്യക്തമാക്കി. ജനപങ്കാളിത്തത്തോടെ പശ്ചിമഘട്ടത്തെ സംരക്ഷിക്കും. ഗാഡ്ഗില്‍കമ്മറ്റി റിപ്പോര്‍ട്ട് ആശങ്കയകറ്റി നടപ്പാക്കാന്‍ ശ്രമിക്കും. പരിസ്ഥിതി സംരക്ഷണം ജനവിരുദ്ധനയമാകാതെ നടപ്പാക്കണം.

മത്സ്യത്തൊഴിലാളികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തും. മത്സ്യത്തൊഴിലാളികള്‍ക്കെതിരായ ഇറ്റാലിയന്‍ നാവികരുടെ അക്രമങ്ങള്‍പോലുള്ള സംഭവങ്ങള്‍ അനുവദിക്കില്ല. എല്ലാവര്‍ക്കും തുല്യനീതി എന്നതാണ് എന്‍ഡിഎയുടെ നയം.
കോണ്‍ഗ്രസ് അഞ്ചരപതിറ്റാണ്ട് ഭരിച്ചിട്ടും മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ മാറിയിട്ടില്ല. സച്ചാര്‍കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം സി പി എം 37 വര്‍ഷം ഭരിച്ച പശ്ചിമ ബംഗാളിലാണ് മുസ്‌ലിംകള്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. അവിടെ 27 ശതമാനമാണ് മുസ്‌ലിംകള്‍. എല്ലാവര്‍ക്കും തൊഴിലും അതിലൂടെയുള്ള സാമ്പത്തിക ശാക്തീകരണവുമാണ് ലക്ഷ്യം. ജനങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മബലം പകര്‍ന്നുനല്‍കുന്ന കര്‍മപദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് എന്‍ ഡി എയുടെ കേരള വികസനത്തിനുള്ള രൂപരേഖ പ്രകാശനം ചെയ്ത് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിന്റെ ചലനങ്ങള്‍ കേരളത്തിലും കാണാം. സംഘടിത മതശക്തികളെ പ്രീണിപ്പിച്ച് രാഷ്ട്രീയ വിജയം നേടിയെടുക്കാനുള്ള ശ്രമം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. വികസനരാഷ്ട്രീയത്തെയും നരേന്ദ്രമോദിയെയും സ്വീകരിക്കുന്ന സമീപനമാണ് പൊതുവെയുള്ളത്.
ഐ ടി ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഐടി കയറ്റുമതിയില്‍ വളരെ ചെറിയ സംഭാവന മാത്രമാണ് ഇന്ന് കേരളത്തിലുള്ളത്. ഇതിന്റെ പതിന്മടങ്ങ് കര്‍ണാടകത്തിനുണ്ട്. അവിടെ ഈ രംഗത്ത് ജോലി ചെയ്യുന്നവരില്‍ ഏറിയഭാഗവും മലയാളികളാണെന്നുള്ളതാണ് വിരോധാഭാസം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് പ്രവാസി മലയാളികള്‍ക്കുള്ളത്. പ്രവാസികളുടെ സഹകരണം പരമാവധി ഗുജറാത്ത് പ്രയോജനപ്പെടുത്തുന്നുണ്ട്. ആ മാതൃക എന്‍ഡിഎ കേരളത്തിലും കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും നേതാക്കള്‍ വിശദീകരിച്ചു. ബി ജെ പി ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസ്, എല്‍ ജെ പി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ്, എല്‍ ജെ പി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ രമാ ജോര്‍ജ്, ആര്‍ എസ് പി ബി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ആര്‍ രാജേഷ്, മാനിഫെസ്റ്റോ കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ ജയകുമാര്‍ എന്നിവരും പങ്കെടുത്തു.