Connect with us

Gulf

കെട്ടിടങ്ങള്‍ക്ക് പുതിയ മേല്‍വിലാസ സംവിധാനം നടപ്പാക്കും

Published

|

Last Updated

ദുബൈ: അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിവേഗം കെട്ടിടങ്ങളില്‍ എത്തിച്ചേരാന്‍ ഉതകുന്ന രീതിയില്‍ ദുബൈ നഗരസഭ പുതിയ മേല്‍ വിലാസ സംവിധാനം നടക്കാക്കുന്നു. അമേരിക്കയിലെ സിപ് കോഡിന് സമാനമായ രീതിയിലാണ് സംവിധാനം നടപ്പാക്കുകയെന്ന് നഗരസഭ വ്യത്തങ്ങള്‍ വ്യക്തമാക്കി.
കെട്ടിടം സ്ഥിതി ചെയ്യുന്ന മേഖലയും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രത്യേക നമ്പറുകള്‍ ഉപയോഗിച്ചുള്ള സംവിധാനം നടപ്പാക്കുക. ഈ രീതി പ്രാവര്‍ത്തികമാവുന്നതോടെ അഗ്നിബാധ, മറ്റു സമാനമായ, അത്യാഹിതങ്ങള്‍ തുടങ്ങിയവ സംഭവിക്കുമ്പോള്‍ കംപ്യൂട്ടര്‍ സഹായത്തോടെ ഏത് മേഖലയില്‍ ഏത് നമ്പറിലാണിതെന്ന് കണ്ടെത്തി അതിവേഗം എത്തിച്ചേരാന്‍ സാധിക്കും. പ്രധാനമായും സിവില്‍ ഡിഫന്‍സ് വിഭാഗത്തിനാവും ഈ സംവിധാനം ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുക. സംവിധാനം ഏറെക്കുറെ പൂര്‍ത്തിയായതായും അവസാന അവലോകനമാണ് നടന്നുവരുന്നതെന്നും നഗരസഭയുടെ ജ്യോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡയറക്ടര്‍ അബ്ദുല്‍ ഹഖീം അബ്ദുല്‍ കരീം മാലിക് വ്യക്തമാക്കി.
ആദ്യ ഘട്ടത്തില്‍ 1,30,000 കെട്ടിടങ്ങളെയാണ് ഇതുമായി ബന്ധിപ്പിക്കുകയെന്നും 2020 ലേക്കുള്ള നഗരാസൂത്രണം എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു.
നഗരസഭയുടെ സ്മാര്‍ട്ട് ജിയോ അഡ്രസിംഗ് സിസ്റ്റത്തിന്റെ ഭാഗമാണിത്. താമസ കെട്ടിങ്ങളിലും വ്യാപാര ആവശ്യങ്ങള്‍ക്കുള്ള എടുപ്പുകളിലും പ്രത്യേക പ്ലേറ്റ് ഘടിപ്പിക്കും. ഇതിലാവും ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുക. സംവിധാനം ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് ലഭ്യമായാല്‍ ഉടന്‍ നടപ്പാക്കല്‍ ആരംഭിക്കും.
സംവിധാനം നടപ്പാക്കാന്‍ 50 ലക്ഷം ദിര്‍ഹം ചെലവു വുരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ~ഒരു വര്‍ഷത്തിനകം നഗരത്തിലെ മുഴുവന്‍ കെട്ടിടങ്ങളിലും സംവിധാനം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അത്യാഹിതം സംഭവിക്കുമ്പോള്‍ ആദ്യം കാണുന്ന വ്യക്തിക്ക് 999ല്‍ വിളിച്ചു വിവരം നല്‍കാന്‍ സാധിക്കും. വിവരം നല്‍കുന്നവര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തിയ നമ്പര്‍ അധികാരികളെ അറിയിച്ചാല്‍ മാത്രം മതി, ഉടന്‍ ആവശ്യമായ സന്നാഹങ്ങളുമായി അവിടെ കുതിച്ചെത്താന്‍ ഇതിലൂടെ കഴിയുമെന്നും മാലിക് പറഞ്ഞു.

 

Latest