ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടറില്‍ ബാഴ്‌സക്കും ബയേണിനും സമനില

Posted on: April 2, 2014 6:00 am | Last updated: April 2, 2014 at 4:34 pm
ribas
അത്‌ലറ്റികോയുടെ ഡിയേഗോ റിബാസ് ബാഴ്‌സക്കെതിരെ ഗോള്‍ നേടുന്നു

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ഒന്നാം പാദത്തിലെ രണ്ട് കളികളും സമനിലയില്‍ അവസാനിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് സമനില വഴങ്ങി. സൂപ്പര്‍ താരങ്ങളുടെ കൂടാരമായ ബാഴ്‌സലോണയെ സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡ് സമനിലയില്‍ തളച്ചിട്ടു.

bastian
ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗര്‍ ബയേണിന്റെ ഗോള്‍ നേടുന്നു

ലണ്ടനില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്ററിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മികച്ച കളി കെട്ടഴിച്ചത് ബയേണ്‍ മ്യൂണിക്കായിരുന്നു. കരുത്തും വേഗതയും ഒത്തുചേര്‍ന്ന നീക്കങ്ങളായിരുന്നു ബയേണിന്റെത്. ആര്യന്‍ റോബന്റെയും ഫ്രാങ്ക് റിബറിയുടെയും മികവിന് മുമ്പില്‍ പലപ്പോഴും മാഞ്ചസ്റ്റര്‍ വിറച്ചു. മാഞ്ചസ്റ്ററാണ് ആദ്യ ഗോള്‍ നേടിയത്. അന്‍പത്തി എട്ടാം മിനുട്ടില്‍ വിഡിക്കാണ് ചുവന്ന കുപ്പായക്കാരുടെ ആദ്യഗോള്‍ നേടിയത്. മനോഹരമായ ഹെഡറിലൂടെയായിരുന്നു ഗോള്‍. മറുപടിയായി 67ാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗറിന്റെ ഹാഫ് വോളിയാണ് സ്‌കോര്‍ സമനിലയിലെത്തിയത്.

championsleague

ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ നൗകാംപില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ബാഴ്‌സയെ പിടിച്ചുകെട്ടുകയായിരുന്നു അത്‌ലറ്റികോ മാഡ്രിഡ്. അത്‌ലറ്റികോക്കുവേണ്ടി ഡിയേഗോ റിബാസാണ് ആദ്യം ഗോള്‍ നേടിയത്. ടൂര്‍ണമെന്റിലെ തന്നെ അതിമനോഹരമായ ഗോളുകളുടെ പട്ടികയില്‍ ഇടം പിടിക്കാവുന്നതായിരുന്നു റിബാസിന്റെ ഗോള്‍. ബാഴ്‌സയുടെ മറുപടി ഗോള്‍ നേടിയത് ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറായിരുന്നു. ഇന്ന് രാത്രി നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റയല്‍ ബൊറൂഷ്യയെയും ചെല്‍സി പാരിസ് സെന്റ് ജര്‍മനെയും നേരിടും.