Connect with us

Ongoing News

കേരളത്തില്‍ 46 സ്ഥാനാര്‍ത്ഥികള്‍ കോടിപതികള്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരെഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളില്‍ 46 പേര്‍ കോടിപതികള്‍. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ശശി തരൂരാണ് 23 കോടി രൂപയുടെ സ്വത്തുമായി ഏറ്റവും സമ്പന്നന്‍. സംസ്ഥാനത്ത് പത്തു കോടിക്കു മുകളില്‍ സ്വത്തുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ രണ്ട് പേരും ആം ആദ്മി പാര്‍ട്ടി (എ എ പി) സ്ഥാനാര്‍ത്ഥികളാണ്. എറണാകുളത്ത് എ എ പിക്കുവേണ്ടി മത്സരിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അനിതാപ്രതാപിന് 20 കോടി രൂപയുടെ സ്വത്താണുള്ളത്. എ എ പിയുടെ ചാലക്കുടി മണ്ഡലം സ്ഥാനാര്‍ത്ഥി കെ എം നൂറുദ്ദീന് 15 കോടിയുടെ സ്വത്താണുള്ളത്.

256 സ്ഥാനാര്‍ത്ഥികളില്‍ 74 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ 31 പേര്‍ക്കെതിരെയുള്ളത് ഗൗരവമായ കേസാണ്. കണ്ണൂര്‍ മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി അബ്ദുല്‍ ജബ്ബാറിനെതിരെ ഒമ്പതു കേസും പാലക്കാട് മത്സരിക്കുന്ന എം ബി രാജേഷിനെതിരെ അഞ്ചു കേസുകളും ആറ്റിങ്ങല്‍ മണ്ഡലത്തിലെ ദാസ് വര്‍ക്കലക്കെതിരെ അഞ്ചു കേസുകളുമാണുള്ളത്.

കോട്ടയം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന എന്‍ കെ ബിജു, ആലത്തൂരില്‍ മത്സരിക്കുന്ന എം യു ആല്‍ബിന്‍, ആലപ്പുഴയില്‍ മത്സരിക്കുന്ന ടി എസ് ബാലകൃഷ്ണന്‍ എന്നിവരാണ് ഏറ്റവും കുറവ് സ്വത്ത് കാണിച്ചിരിക്കുന്നത്. അമ്പതു രൂപ മുതല്‍ 900 രൂപ വരെയാണ് ഇവരുടെ സ്വത്ത്.

125 സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ സാമ്പത്തിക ബാധ്യത വെളിപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലെ ഇടതുസ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിന് 94.17 ലക്ഷത്തിന്റെ ബാധ്യതയാണുള്ളത്. വയനാട്ടിലെ സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസിന് 77.11 ലക്ഷത്തിന്റെയും ഇടുക്കിയിലെ സ്ഥാനാര്‍ത്ഥി പി സി ജോളിക്ക് 55 ലക്ഷത്തിന്റെയും ബാധ്യതയുണ്ട്.

അനിതാപ്രതാപിന് 1.07 കോടിയുടെ വരുമാനമാണുള്ളത്. ശശി തരൂരിന് 75.40 ലക്ഷത്തിന്റെയും ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി സി ചാക്കോക്ക് 28.20 ലക്ഷത്തിന്റെയും വരുമാനമുണ്ട്.

മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്ക് ഡോക്ടറേറ്റുള്ളപ്പോള്‍ 93 സ്ഥാനാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസാവാത്തവരാണ്. പ്ലസ്ടു വിദ്യാഭ്യാസമുള്ളവര്‍ 33 പേരും ബിരുദമുള്ളവര്‍ 31 പേരും പി ജി ബിരുദമുള്ളവര്‍ 42 പേരുമാണ് സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്. 256 സ്ഥാനാര്‍ത്ഥികളില്‍ 231 പേര്‍ പുരുഷന്‍മാരും 25 പേര്‍ സ്ത്രീകളുമാണ്.

Latest