ആവര്‍ത്തിക്കുന്ന ടാങ്കര്‍ അപകടങ്ങള്‍

Posted on: April 1, 2014 6:00 am | Last updated: April 1, 2014 at 12:55 am

SIRAJ.......സംസ്ഥാനത്ത് ടാങ്കര്‍ ലോറി അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. 12 പേരുടെ ജീവനെടുത്ത 2009 ഡിസംബറിലെ കരുനാഗപ്പള്ളിയിലെയും 20 പേരുടെ മരണത്തിനിടയാക്കിയ 2012 ആഗസ്റ്റ് 27ലെ കണ്ണര്‍ ചാലയിലെയും ടാങ്കര്‍ അപകടങ്ങള്‍ക്ക് ശേഷം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും സര്‍ക്കാര്‍ നടപടി പ്രഖ്യാപനത്തിലൊതുങ്ങി. കഴിഞ്ഞ മെയ് 15 ന് കൊടുവള്ളിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു ഒരു വിദ്യാര്‍ഥി മരിച്ചു. ലോറിയില്‍ നിന്ന് പാചകവാതകം ചോരുകയുമുണ്ടായി. ഈ വര്‍ഷം ജനുവരി ഏഴിന് അങ്കമാലിയില്‍ ബുള്ളറ്റ് ടാങ്കറിന്റെ വാല്‍വിന് തകരാര്‍ സംഭവിച്ചു വാതകം ചോര്‍ന്നു. ജനുവരി 14ന് കണ്ണൂരിലെ കല്ല്യാശ്ശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു തീപിടിച്ചു. സമീപവാസികളൂടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അവസരോചിതമായ ഇടപെടല്‍ മൂലമാണ് അവിടെ വന്‍ദുരന്തം ഒഴിവായത്. ജനുവരി 29ന് ഹരിപ്പാട്ട് ടാങ്കര്‍ റോഡില്‍ നിന്നും അഞ്ചടി താഴ്ചയിലേക്ക് പതിച്ചു. ശനിയാഴ്ച കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്ത് ടാങ്കര്‍ ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചതോടെ മൂന്ന് മാസത്തിനിടെ ഉണ്ടായ ടാങ്കര്‍ അപകടങ്ങളുടെ എണ്ണം നാലായി. അഗ്നിശമന വിഭാഗത്തിന്റെയും പോലീസിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനം കൊണ്ടാണ് വെസ്റ്റ്ഹില്ലില്‍ കൂടുതല്‍ ദുരന്തം സംഭവിക്കാതിരുന്നത്.
പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള പെട്രോള്‍ ഉത്പന്നങ്ങളും രാസവസ്തുക്കളും വഹിച്ചുള്ള വാഹനങ്ങള്‍ ദിനം പ്രതി നൂറുകണക്കിനാണ് സംസ്ഥാനത്തെ നിരത്തുകളില്‍ ഉടനീളം ഓടിക്കൊണ്ടിരിക്കുന്നത്. ഈ വാഹനങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കേണ്ടതുണ്ട്. ലോറികളുടെ വേഗം, പ്രധാന റോഡുകളില്‍ ഓടേണ്ട രീതി, െ്രെഡവര്‍മാരുടെ യോഗ്യത, എണ്ണം,’ടാങ്കറിന്റെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടേറെ മാര്‍ഗമനിര്‍ദേശങ്ങള്‍ ഇവക്ക് ബാധകമാണ്.
കേരളത്തില്‍ ഓടുന്ന‘ടാങ്കര്‍ ലോറികളില്‍ ബഹുഭൂരിഭാഗവും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ളവയും കൃത്യമായ സുരക്ഷാപരിശോധനകള്‍ നടത്താതെ ഫിറ്റ്‌നസ് സമ്പാദിച്ചവയുമാണ് ഇവയില്‍ പലതും. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചാല്‍ അവ കേരളത്തിലേക്കുള്ള ഓട്ടം നിര്‍ത്തുകയും സംസ്ഥാനത്ത് പാചകവാതക ക്ഷാമം അനുഭവപ്പെടുകയും ചെയ്യുമെന്നതിനാല്‍ അധികൃതര്‍ കണ്ണുചിമ്മുകയാണ് പതിവ്. സംസ്ഥാനത്തെ റോഡുകളുടെ കിടപ്പും ഡിവൈഡറുകളുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയും അപകടത്തിന് കാരണമാകാറുണ്ട്. ചാല ദുരന്തത്തിനുടനെ ഇത്തരം ഡിവൈഡറുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അവ നടപ്പിലായില്ല. ഇന്ധനങ്ങളുമായി പോകുന്ന ടാങ്കറിന്റെ അരികുകളില്‍ സ്ഥാപിച്ചിരിക്കുന്ന വാല്‍വുകള്‍ മുകളില്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും പ്രാവര്‍ത്തികമായില്ല. ടാങ്കറിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വാല്‍വുകള്‍ മുകളിലേക്ക് മാറ്റിയാല്‍ വാതകച്ചോര്‍ച്ച തടയാന്‍ കൂടുതല്‍ എളുപ്പമാണ്.
അതിര്‍ത്തി കടന്നുവരുന്ന ഗ്യാസ് ടാങ്കറുകളില്‍ രണ്ട് െ്രെഡവര്‍ ഉണ്ടായിരിക്കണമെന്നും െ്രെഡവര്‍ക്ക് വിശ്രമിക്കാന്‍ കാബിനില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്നുമാണ് വ്യവസ്ഥ. ദീര്‍ഘദുരം വാഹനം ഓടിക്കുമ്പോള്‍ െ്രെഡവര്‍ ഉറങ്ങാന്‍ സാധ്യതയുള്ളതിനാലാണിത്. ചാലയിലും കോഴിക്കോട്ടും അപകടം വരുത്തിയ വാഹനങ്ങളില്‍ ഒരു ഡ്രൈവറേ ഉണ്ടായിരുന്നുള്ളുവെന്നത് ശ്രദ്ധേയമാണ്. രാവിലെ എട്ട് മണി മുതല്‍ 11 വരെയും വൈകീട്ട് നാല് മുതല്‍ ആറ് വരെയും കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ പരിധികളില്‍ ടാങ്കറുകള്‍ പ്രവേശിക്കരുതെന്നും വ്യവസ്ഥയുണ്ട്. കഴിഞ്ഞ നവംബറില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ കര്‍ശനമാക്കിയ ഇത്തരം നിര്‍ദേശങ്ങള്‍ പെട്രോളിയം കമ്പനികളുടെ എതിര്‍പ്പിനെ തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിക്കുകയാണുണ്ടായത്. ചാല ദുരന്തത്തിനിരയായര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നേറ്റ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പിന്നീട് ആ വാഗ്ദാനത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയപ്പോഴും അധികൃതര്‍ നിസ്സഹായത പ്രകടിപ്പിച്ചു. നഷ്ടപരിഹാരം നല്‍കണമെന്ന അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഢ്ഡിയുടെ നിര്‍ദേശം ഐ ഒ സി മുഖവിലക്കെടുത്തില്ല. വാഹന നിയമങ്ങളില്‍ സാധരണക്കാരോട് കര്‍ക്കശ നിലപാട് സ്വീകരിക്കുമ്പോള്‍, കമ്പനികളോടും വന്‍കിടക്കാരോടും വിട്ടുവീഴ്ച കാണിക്കുന്ന ഇരട്ടത്താപ്പ് നയം ഒഴിവാക്കി നിയമം എല്ലാവര്‍ക്കും ഒരേപോലെ കര്‍ശനമാക്കാനും ലംഘിക്കുന്നവര്‍ ആരായാലും ശക്തമായ നടപടി സ്വീകരിക്കാനുമുള്ള ആര്‍ജവം കേന്ദ്ര, സംസ്ഥാന ഭരണ കൂടങ്ങള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്.

ALSO READ  മോനേ വിയാന്‍, മാപ്പ്!