തീപ്പിടിത്തം: മുന്‍കരുതലെടുക്കണമെന്ന് അഗ്‌നി ശമന സേനയുടെ നിര്‍ദേശം

Posted on: March 31, 2014 7:48 am | Last updated: March 31, 2014 at 7:48 am
SHARE

പാലക്കാട്: അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചതോടെ തീപ്പിടിത്തം പതിവായി. ചെറിയ അശ്രദ്ധയാണ് വലിയ തീപ്പിടിത്തങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണാകുന്നത്. അല്‍പം മുന്‍കരുതലെടുത്താല്‍ വന്‍തോതിലുള്ള നാശ നഷ്ടങ്ങള്‍പോലും തടയാനാകുമെന്ന് അഗ്‌നി രക്ഷാസേന ചൂണ്ടിക്കാട്ടുന്നു.—
ഒരുകപ്പ് വെള്ളംകൊണ്ട് അണയ്ക്കാന്‍ കഴിയുന്ന തീയാണ് മണിക്കൂറുകള്‍ വേണ്ടിവരുന്ന അത്യധ്വാനത്തിന് കാരണമാകുന്നത്. ചെറിയതോതില്‍ തീയും പുകയും കണ്ടാലുടന്‍ 101ല്‍ വിളിച്ച് അഗ്‌നിരക്ഷാസേനക്കായി കാത്തുനില്‍ക്കുന്ന പ്രവണത കൂടിവരികയാണ്. ദൂരസ്ഥലത്തുനിന്ന് അഗ്‌നിരക്ഷാസേന എത്തുമ്പോഴേക്കും വലിയനഷ്ടം സംഭവിച്ചിരിക്കും. ആരെയും കാക്കാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ജനങ്ങളില്‍ അവബോധം ഉണ്ടാക്കേണ്ടതുണ്ടെന്ന് ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ പറയുന്നു.
വേനല്‍കാലത്ത് പറമ്പുകളിലെ ചപ്പുചവറുകള്‍ അടിച്ചുകൂട്ടി കത്തിച്ചുകളയുന്നത് അപ്രതീക്ഷിതമായി തീപ്പിടിത്തമുണ്ടാകുന്നത് തടയും. വനമേഖലയോടുചേര്‍ന്നുള്ള പുരയിടങ്ങളില്‍ ഫയര്‍ ബ്രേക്കുകള്‍ ഉണ്ടാക്കുന്നത് ഫലപ്രദമാണ്. ഉണങ്ങിയ അടിക്കാടും പുല്ലും മുന്‍കൂട്ടി വെട്ടിനീക്കി തീയിട്ടുനശിപ്പിക്കുന്നതും നല്ല മുന്‍കരുതലാണ്.—
സിഗരറ്റും ബീഡിക്കുറ്റിയും തീപ്പെട്ടിക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് മറ്റൊരുപ്രശ്‌നം.—
വീടുകളില്‍ അടുക്കളയില്‍ വിറകും മണ്ണെണ്ണയും ഗ്യാസും സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. ഷോര്‍ട്ട്‌സര്‍ക്യൂട്ടിനുള്ള സാധ്യതകള്‍ മുന്‍കൂട്ടി ഒഴിവാക്കണം. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും കൃഷിക്കായി ഒരുക്കുന്ന പറമ്പുകളിലും തീയിടുമ്പോള്‍ മുന്‍കരുതല്‍ അത്യാവശ്യമാണ്.—
കെട്ടിടങ്ങളിലും പൊതുസ്ഥാപനങ്ങളിലും അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കണം.ചെറുതും വലുതുമായ തീപ്പിടിത്തങ്ങള്‍ ഒരേസമയം ഉണ്ടാകുമ്പോള്‍ അഗ്‌നിരക്ഷാസേനയ്ക്ക് എല്ലായിടത്തും സമയത്ത് ഓടിയെത്താന്‍ കഴിയാറില്ല. വേനല്‍കാലത്ത് അഗ്‌നിരക്ഷവാഹനങ്ങള്‍ക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.