വിജയക്കൊടി നാട്ടാന്‍ സുധാകരന്‍

    Posted on: March 30, 2014 6:00 am | Last updated: March 29, 2014 at 11:16 pm
    SHARE

    sudhakaranരാഷ്ട്രീയത്തില്‍ പോരാട്ടവീര്യം കൂടപ്പിറപ്പായിക്കൊണ്ടു നടക്കുന്ന സുധാകരന് അതിശയിപ്പിക്കുന്ന ജനപിന്തുണയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. മൂര്‍ച്ചയേറിയ വാക്കുകളുമായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് എതിരാളികളുടെ ആരോപണങ്ങളെ കുന്തംകൊണ്ടെറിഞ്ഞുവീഴ്ത്തി മണ്ഡലത്തിന്റെ മുക്കും മൂലയിലുമെത്തുന്ന സുധാകരന്റെ പ്രചാരണ രീതി ഒന്നു വേറിട്ടതു തന്നെയാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ പതിവു സ്റ്റൈലില്‍ ത്രിവര്‍ണ ഷാള്‍ വീശി തീയുണ്ട പോലെ വാക്കുകള്‍ ചിതറിച്ച് സുധാകരന്റെ പര്യടനം ഓരോ സ്വീകരണ കേന്ദ്രത്തിലും ഒരുത്സവത്തിന്റെ പ്രതീതിയാണുളവാക്കുന്നത്. വാദ്യമേളങ്ങളും വെടിക്കെട്ടുമായി മഹാ സമ്മേളനങ്ങള്‍ തന്നെയായി മാറുകയാണ് സുധാകരന്റെ തിരഞ്ഞെടുപ്പ് പര്യടനം.
    യു ഡി എഫിന് സാമാന്യം മേല്‍ക്കൈയുള്ള അഴീക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന യു ഡി എഫ് സ്ഥാനാര്‍ഥി സുധാകരന്റെ പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ നാറാത്ത് മഠത്തില്‍ കൊവ്വലില്‍ നിന്നാരംഭിച്ച പര്യടനം രാത്രിയാണ് അഴീക്കോട് പൂതപ്പാറയില്‍ സമാപിച്ചത്. യു ഡി എഫിന്റെ മുന്‍നിര നേതാക്കളോടൊപ്പം മണ്ഡലത്തിലെത്തിയ സുധാകരന് അണികളിലോരോരുത്തരെയും നേരിട്ടറിയാം. ഓരോരുത്തരോടും കുശല പ്രശ്‌നങ്ങള്‍ അന്വേഷിച്ച് സുധാകരന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പ്രസംഗം തുടങ്ങി. ‘ഈ മത്സരത്തില്‍ നമുക്ക് ജയിക്കണം, ജയിച്ചേ മതിയാകൂ. അത് കെ സുധാകരന് എം പിയാകാനല്ല, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര സര്‍ക്കാറിനെ അധികാരത്തിലെത്തിക്കാനാണ്. ആ മതേതര കൂട്ടായ്മയില്‍ ചെറിയൊരു ബിന്ദുവായി ഞാനുമുണ്ടാകണം’ പ്രസംഗം അല്‍പ്പം നീണ്ടു. ആവേശത്തോടെ ജനം മുദ്രാവാക്യം മുഴക്കി. അടുത്ത കേന്ദ്രത്തിലേക്ക് യാത്രയാകാനൊരുങ്ങി. അപ്പോഴും അഭിവാദ്യമര്‍പ്പിക്കാനെത്തുന്നവരുടെ നിര തീര്‍ന്നിരുന്നില്ല. തുറന്ന വാഹനത്തില്‍ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്കു തിരിക്കുമ്പോള്‍ സമയമോ ചൂടോ ഒന്നും പ്രശ്‌നമല്ല.
    ഓരോ കേന്ദ്രത്തിലും സുധാകരനെത്തുമ്പോഴുണ്ടാകുന്ന അണികളുടെ ഇളകിമറിച്ചില്‍ ഒരു പക്ഷേ മറ്റൊരിടത്തും ഉണ്ടാകാനുമിടയില്ല. അറബി കോളജ്, പഴഞ്ചിറ, കല്ലിക്കല്‍ പള്ളി, പാപ്പിനിശ്ശേരി ചുങ്കം തുടങ്ങിയയിടങ്ങളിലെല്ലാം സുധാകരന് ലഭിച്ച സ്വീകരണം ഏറെ ഹൃദ്യമായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന പ്രചാരണ വാഹനത്തില്‍ നിന്ന് അഭിവാദ്യം ചെയ്യുമ്പോള്‍ ചെങ്കൊടി മാത്രം കണ്ട പ്രദേശങ്ങളില്‍ നിന്നുപോലും ചില പ്രത്യഭിവാദ്യങ്ങള്‍. പള്ളിക്കുന്നിലെത്തുമ്പോള്‍ ലീഗ് പ്രവര്‍ത്തകരുടെ ആവേശത്തിരയിളക്കിയ സ്വീകരണവും ശ്രദ്ധിക്കപ്പെട്ടു. വൈകുന്നേരം കോണ്‍ഗ്രസ് കേന്ദ്രമായ തളാപ്പിലായിരുന്നു സുധാകരന് സ്വീകരണം. അവിടെയും സുധാകരന്റെ പ്രസംഗം നീളുമ്പോള്‍ വീണ്ടും ആവേശത്തിരയിളക്കം.