കണ്ണൂരിന്റെ ശ്രീയാവാന്‍ ശ്രീമതി

    Posted on: March 30, 2014 6:00 am | Last updated: March 29, 2014 at 11:14 pm
    SHARE

    pk sreemathiചെങ്കൊടി കെട്ടിയ വാഹനത്തില്‍ നിന്ന് പ്രസരിപ്പോടെ സ്ഥാനാര്‍ഥിയിറങ്ങിയപ്പോള്‍ ‘ടീച്ചറേ’യെന്ന വിളിയുമായി നിരവധി കുഞ്ഞുങ്ങളാണ് ആദ്യമെത്തിയത്. സമയം രാവിലെ എട്ട് മണി. കൂടാളി തെരുവില്‍ അനൗണ്‍സ്‌മെന്റ് വാഹനമെത്തിയപ്പോള്‍ പടക്കങ്ങളും മുദ്രാവാക്യങ്ങളും മുഖരിതമാക്കിയ അന്തരീക്ഷം. പരാതികളും പരിഭവങ്ങളുമായി സ്ത്രീകളടക്കം തിങ്ങിക്കൂടി. നല്ല വീടില്ല, വെള്ളമില്ല, റോഡില്ല…. വയോധികരായ അമ്മമാരുടെ വാക്കുകളില്‍ ദുരിത ജീവിതത്തിലേക്ക് തള്ളിയവര്‍ക്കെതിരെയുള്ള രോഷം. വിശ്രമരഹിതമായ പ്രചാരണത്തിന്റെ അലോസരമില്ലാതെ എല്ലാ പരാതികളും കേട്ട്, എല്ലാറ്റിനും പരിഹാരമുണ്ടാക്കാമെന്ന് ടീച്ചര്‍ ഉറപ്പേകിയപ്പോള്‍ നാട്ടുകാരുടെ മുഖം പ്രത്യാശാഭരിതം. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തിക്കിത്തിരക്കിയെത്തിയ വയോധിക അണിയിച്ച ചുവപ്പുമാല അടുത്തുനിന്ന കുട്ടികളുടെ കഴുത്തിലിട്ട് ചെറുവാക്കുകളോടെ വോട്ടഭ്യര്‍ഥന. കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയുടെ ഒരു പര്യടന ദിവസത്തിന്റെ തുടക്കം ഇങ്ങനെയാണ്.
    നാടും നഗരവും കീഴടക്കിയാണ് ടീച്ചറുടെ പര്യടനം. രാവിലെ കൂടാളി തെരുവില്‍ നിന്നാരംഭിച്ച് നാല്‍പ്പതോളം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് രാത്രി കാര എന്‍ എം സ്മാരകത്തിലാണ് സമാപിച്ചത്. ആദ്യ സ്വീകരണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത കേന്ദ്രമായ കൂടാളിയിലെത്തുമ്പോഴേക്കും സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു. കൂടാളിയില്‍ കാത്തുനിന്നത് സ്ത്രീകളടക്കമുള്ള വലിയ ജനക്കൂട്ടം. പ്രചാരണ വാഹനത്തിലെത്തിയ നേതാക്കന്മാരുടെ പ്രസംഗത്തിനു ശേഷം നിറഞ്ഞ ചിരിയുമായി മൈക്കുമേന്തി സ്ഥാനാര്‍ഥി ആള്‍ക്കൂട്ടത്തിനിടയിലേക്ക്. പിന്നീട് ചെറിയ വാക്കുകളിലുള്ള വോട്ടഭ്യര്‍ഥനക്കൊപ്പം അല്‍പ്പം രാഷ്ട്രീയവും. ജനം മാത്രമല്ല കോടതികളും ഈ സര്‍ക്കാറിനെതിരാണ്. ആധാര്‍ പോലെ ജനങ്ങളെ വലച്ച പദ്ധതി പരമോന്നത നീതിപീഠം ഇടപെട്ട് റദ്ദാക്കി. നാടിന്റെ മാറ്റത്തിനു വേണ്ടിയാകണം ഇത്തവണത്തെ വോട്ട്. നിറഞ്ഞ ഹര്‍ഷാരവങ്ങള്‍ക്കിടെ വാഹനം വീണ്ടും മുന്നോട്ട്. താറ്റിയോട്, പൂവത്തൂര്‍, ചാലോട് തുടങ്ങിയ അടുത്ത സ്വീകരണ കേന്ദ്രങ്ങളിലെത്തുമ്പോള്‍ നൂറുകണക്കിനാളുകള്‍ രക്തഹാരങ്ങളും പൂക്കളുമായി കാത്തുനില്‍ക്കുന്നു. ഒരിറക്ക് ഇളനീര്‍ നുകര്‍ന്ന് ക്ഷേമാന്വേഷണങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക്. തുറന്ന വാഹനത്തില്‍ കൈവീശി അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് യാത്രയാകുമ്പോള്‍ വഴിയില്‍ കാത്തുനിന്ന സ്ത്രീകളുടെ പ്രത്യാഭിവാദ്യം. ചെങ്കൊടി കെട്ടിയ ബൈക്കുകളും റിക്ഷകളും റാലിയായി മലയോര ഗ്രാമമായ ബ്ലാത്തൂരിലെത്തുമ്പോഴേക്കും സ്വീകരണത്തിന് വന്‍ തിരക്ക്. എല്ലായിടത്തും ചുരുങ്ങിയ വാക്കുകളില്‍ രാഷ്ട്രീയം പറഞ്ഞ് വോട്ട് തേടിയ ടീച്ചറുടെ ഒരു ദിവസത്തെ പര്യടനം സമാപിക്കുമ്പോഴേക്കും നേരമിരുട്ടിയിരുന്നു.