Connect with us

Ongoing News

ഇല്ലം വിട്ടവര്‍ തമ്മില്‍ മുട്ടുമ്പോള്‍

Published

|

Last Updated

ഇടതു മുന്നണിയുടെ നിലപാടുകള്‍ ചാനല്‍ ചര്‍ച്ചകളിലൂടെ വാക്ചാതുരി തെല്ലും കുറഞ്ഞുപോകാത്ത വിധം അവതരിപ്പിച്ച എന്‍ കെ പ്രേമചന്ദ്രന്‍ ഇക്കുറി പോര്‍ക്കളത്തിലിറങ്ങിയിരിക്കുന്നത് യു ഡി എഫിന് വേണ്ടി. മത്സരരംഗത്തുള്ള സി പി എമ്മിന്റെ ഒരേയൊരു പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി എതിര്‍പക്ഷത്ത്. കൊല്ലത്തെ പോരാട്ടത്തിന് ഇത്തവണ തിളക്കമേറെയാണ്. സി പി എം വഞ്ചനയില്‍ പുറത്തുപോകേണ്ടി വന്ന ആര്‍ എസ് പിയും ആര്‍ എസ് പി വഞ്ചിച്ചെന്ന് വിലപിക്കുന്ന സി പി എമ്മും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ഇത്തവണ കൊല്ലത്ത്. വിജയം മുന്നണികള്‍ക്ക് അഭിമാനപ്രശ്‌നം,

മുന്നണി രാഷ്ട്രീയത്തില്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിച്ച സി പി എമ്മിന്റെ അപ്രമാദിത്വത്തിനുള്ള ശക്തമായ പ്രതിഷേധമാണ് ആര്‍ എസ് പിയുടെ ചുവടുമാറ്റമെന്ന് പ്രഖ്യാപിച്ചാണ് പ്രേമചന്ദ്രന്‍ വോട്ടര്‍മാരെ കാണുന്നത്. സംസ്ഥാനത്ത് മത്സരരംഗത്തിറങ്ങിയ ഏക പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ എം എ ബേബിയുടെ സ്ഥാനാര്‍ഥിത്വവും ശ്രദ്ധയാകര്‍ഷിക്കുന്നു. വി എസ് മന്ത്രിസഭയിലെ കരുത്തരായ രണ്ട് പേരാണ് എം എ ബേബിയും എന്‍ കെ പ്രേമചന്ദ്രനും. കൊല്ലം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇടതു കൂടാരം വിട്ടിറങ്ങിയ ആര്‍ എസ് പി, യു ഡി എഫില്‍ ചേക്കേറി. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞ അന്തരീക്ഷത്തില്‍ നടക്കുന്ന കൊല്ലത്തെ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയം തന്നെ ഉറ്റുനോക്കുകയാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൊല്ലം ഇത്തവണ യു ഡി എഫില്‍ നിന്ന് പിടിച്ചെടുക്കാനാണ് പി ബി അംഗത്തെ തന്നെ പാര്‍ട്ടി കളത്തിലിറക്കിയത്. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കൊല്ലം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ്.
തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോഴും കൊല്ലത്തെ പ്രധാന പ്രചാരണ വിഷയം ആര്‍ എസ് പിയുടെ മുന്നണി മാറ്റം തന്നെയാണ്. പാര്‍ലിമെന്ററി വ്യാമോഹമാണ് എന്‍ കെ പ്രേമചന്ദ്രനെ മുന്നണി മാറാന്‍ പ്രേരിപ്പിച്ചതെന്നും ആര്‍ എസ് പി ഇടതു മുന്നണിയോട് ചെയ്തത് രാഷ്ട്രീയ വഞ്ചനയാണെന്നും എല്‍ ഡി എഫ് കുറ്റപ്പെടുത്തുമ്പോള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി എം എ ബേബിയെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ സി പി എമ്മിന്റെ വല്യേട്ടന്‍ മനോഭാവം ഒരിക്കല്‍ കൂടി കേരള ജനതക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നാണ് യു ഡി എഫ് കുറ്റപ്പെടുത്തുന്നത്. മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളെ പ്രചാരണ രംഗത്തു നിന്ന് മാറ്റിനിര്‍ത്തിയ മുന്നണികള്‍ ആര്‍ എസ് പിയുടെ ചുവടുമാറ്റം പരമാവധി വോട്ടുകളാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ചലച്ചിത്ര താരങ്ങളെ ഉള്‍പ്പെടുത്തിയ റോഡ് ഷോകളുമായാണ് പ്രചാരണം നടക്കുന്നത്. തീരദേശ മേഖലയില്‍ കടല്‍ക്കൊലയും പ്രചാരണ വിഷയമാണ്. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമ പ്രകാരം കേസെടുക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി വോട്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.
കൊല്ലത്തിന്റെ കാതലായ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സിറ്റിംഗ് എം പി. എന്‍ പീതാംബരക്കുറുപ്പ് പാടെ പരാജയപ്പെട്ടുവെന്നാണ് എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ആരോപണം. കൊല്ലത്തിന് തീരാശാപമായി മാറിയ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇരുമ്പ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് തുക വകയിരുത്തിയിട്ടില്ലെന്നും എല്‍ ഡി എഫ് കുറ്റപ്പെടുത്തുന്നു. വികസനം പ്രഖ്യാപനത്തില്‍ ഒതുങ്ങിയതല്ലാതെ ഒന്നും പ്രായോഗികമാക്കിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഫ്‌ളൈ ഓവറും മൂന്ന് മെമു ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതും ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ എം പിക്ക് നടപ്പാക്കാന്‍ കഴിഞ്ഞതായി യു ഡി എഫ് കേന്ദ്രങ്ങള്‍ പറയുന്നു. ജില്ലയിലെ ഒന്നര ലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികള്‍ സ്വീകരിക്കുന്ന സമീപനവും സാമുദായിക സംഘടനകള്‍ കൈക്കൊള്ളുന്ന നിലപാടുകളും വിധിനിര്‍ണയത്തില്‍ പ്രതിഫലിക്കും. 33 ശതമാനം നായര്‍ വോട്ടുകളും ഏതാണ്ട് അത്ര തന്നെ ഈഴവ വോട്ടുകളും മണ്ഡലത്തിലുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയ ഭൂരിപക്ഷം രണ്ട് വര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് നേടാനായിട്ടില്ല. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം എന്നീ നാല് നിയോജക മണ്ഡലങ്ങളില്‍ യു ഡി എഫ് വ്യക്തമായ ലീഡ് നേടിയപ്പോള്‍ പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ ഡി എഫിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് യു ഡി എഫിന് തുണയായത്. മത്സരിച്ച ഒരു സീറ്റുകളില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞിട്ടുമില്ല. ചവറയില്‍ നിന്ന് വിജയിച്ച ഷിബു ബേബിജോണ്‍ (ആര്‍ എസ് പി- ബി), പത്തനാപുരത്ത് നിന്ന് വിജയിച്ച കെ ബി ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ്- ബി) എന്നിവര്‍ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു ഡി എഫിന്റെ മാനം കാത്തത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍, ചടയമംഗലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ എട്ടു മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോള്‍ പത്തനാപുരം, കുന്നത്തൂര്‍, ചവറ എന്നീ മണ്ഡലങ്ങള്‍ മാത്രമാണ് ഐക്യമുന്നണിക്കൊപ്പം നിന്നത്. ചവറ, കൊല്ലം, ചാത്തന്നൂര്‍, ഇരവിപുരം, ചടയമംഗലം, കുണ്ടറ, പുനലൂര്‍ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം.
ബി ജെ പി സ്ഥാനാര്‍ഥിയായി രംഗത്തുള്ളത് സംസ്ഥാന വൈസ് പ്രസിഡന്റ് പി എ വേലായുധനാണ്. കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച വയക്കല്‍ മധുവിന് 33,013 വോട്ടാണ് ലഭിച്ചത്. ബി ജെ പിയും പ്രചാരണ രംഗത്ത് സജീവമാണ്. ആര്‍ എം പി, എസ് യു സി ഐ ( കമ്മ്യൂണിസ്റ്റ്), എം സി പി ഐ ( യുനൈറ്റഡ്) എന്നീ കക്ഷികള്‍ ചേര്‍ന്ന് രൂപവത്കരിച്ച ഇടതുപക്ഷ ഐക്യമുന്നണിയുടെ പിന്തുണയോടെ കെ ഭാസ്‌കരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിക്കുന്നുണ്ട്. എസ് ഡി പി ഐ സ്ഥാനാര്‍ഥിയും മത്സര രംഗത്തുണ്ട്.
മാറിയ രാഷ്ട്രീയ സാഹചര്യം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ ഡി എഫ്. എന്നാല്‍ എന്‍ കെ പ്രേമചന്ദ്രന്റെ വരവ് യു ഡി എഫ് പാളയത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ ആവേശമാണുണ്ടാക്കിയിട്ടുള്ളതെന്നും പ്രേമചന്ദ്രന് എളുപ്പം ജയിച്ചു കയറാന്‍ സാധിക്കുമെന്നുമാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍. എല്‍ ഡി എഫിന്റെ ശക്തികേന്ദ്രമായ പുനലൂര്‍, ചാത്തന്നൂര്‍, ചടയമംഗലം മണ്ഡലങ്ങളിലെ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞാല്‍ യു ഡി എഫിന് അത് വന്‍ നേട്ടമാകും. എം എ ബേബിയും എന്‍ കെ പ്രേമചന്ദ്രനും പ്രചാരണ രംഗത്ത് ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.