വെമ്പുഴ നവീകരണം; കോള്‍ പടവുകളിലെ ബണ്ടുകളുടെ അടിത്തറ തകര്‍ത്തതായി പരാതി

Posted on: March 28, 2014 9:34 am | Last updated: March 28, 2014 at 9:34 am
SHARE

ചങ്ങരംകുളം: വെമ്പുഴ റിസര്‍വോയറിന്റെ നവീകരണ പ്രവൃത്തിക്കിടയില്‍ കൂളന്‍, ആലാപുറം കോള്‍പടവുകളുടെ ബണ്ടിനെ തകര്‍ക്കും വിധത്തില്‍ മണ്ണ്മാന്തിയെടുത്തതായി പരാതി. ബലക്ഷയമുണ്ടാക്കും വിധത്തില്‍ ബണ്ടിന്റെ അടിത്തറയുടെ മണ്ണ് മാന്തിയെടുത്തത് വരും വര്‍ഷങ്ങളില്‍ ഇവിടെ ബണ്ട് തകര്‍ച്ചക്ക് കാരണമാകുമെന്ന് കോള്‍പടവിലെ കര്‍ഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെമ്പുഴ നവീകരണം പ്രദേശത്തെ കോള്‍ പടവുകളിലെ കര്‍ഷകരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. ഇത് എത്രയും വേഗം പൂര്‍ത്തീകരിക്കേണ്ടതാണ്. എന്നാല്‍ പുനരുദ്ധാരണ പ്രവൃത്തികളില്‍ പ്രദേശത്തെ കോള്‍പടവുകളിലെ കര്‍ഷകരുടെ താല്‍പര്യങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കേണ്ടതായിരുന്നുവെന്നും കര്‍ഷകര്‍ പറഞ്ഞു. കോള്‍പടവുകളിലെ ബണ്ടുകളുടെ അടിവശം വീതികൂടിയതും മുകള്‍ഭാഗം വീതികുറഞ്ഞതുമാണ്. വെമ്പുഴയില്‍ വെള്ളം നിറഞ്ഞുകിടക്കുന്ന സമയത്തായിരുന്നു ആഴം കൂട്ടല്‍ നടന്നിരുന്നത്. ഈസമയത്ത് വെള്ളത്തിനടിയിലെ ബണ്ടിന്റെ പകുതിയോളം ഭാഗം മാന്തിയെടുത്തിട്ടുണ്ട്. ഇത് കരമണ്ണ് കൊണ്ടുവന്ന് പുനര്‍നിര്‍മിച്ചാല്‍ മാത്രമേ ബണ്ട് സുരക്ഷിതമാകുകയുള്ളുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. പദ്ധതിയുടെ ആരംഭം മുതല്‍ പൂര്‍ത്തീകരിക്കുന്ന കാലയളവും അനുവദിച്ച തുകയും ഉള്‍പ്പെടെയുള്ള എസ്റ്റിമേറ്റ് പദ്ധതി പ്രദേശത്ത് പ്രദര്‍ശിപ്പിക്കണമെന്നിരിക്കെ ഇത് അധികൃതര്‍ ലംഘിച്ചതായും കര്‍ഷകര്‍ പറഞ്ഞു.
വെമ്പുഴയിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുന്ന ഈസമയത്ത് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നില്ലെന്നും ഇവിടെയുണ്ടായിരുന്ന യന്ത്രങ്ങളും സാധന സാമഗ്രികളും കയറ്റിക്കൊണ്ടുപോയതായും കര്‍ഷകര്‍ പറഞ്ഞു. ഒന്നരകോടി രൂപയോളം ചെലവഴിച്ചാണ് വെമ്പുഴ നവീകരണ പ്രവൃത്തികള്‍ നടത്തുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ നെല്‍കൃഷിക്കും കരവിളകള്‍ക്കും കുടിവെള്ള ക്ഷാമത്തിനും ഏറെ പ്രയോജനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെ ആയിശക്കുട്ടി ടീച്ചര്‍, കെ കെ ഹസ്സന്‍, വി കെ അബ്ദുല്‍ റസാഖ് എന്നിവര്‍ പങ്കെടുത്തു.