വഖാസും നാസിര്‍ ഹുസൈനും

Posted on: March 27, 2014 6:00 am | Last updated: March 27, 2014 at 2:19 pm
SHARE

waqasഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിരഞ്ഞെടുപ്പ് വാര്‍ത്തകളെ തമസ്‌കരിച്ച് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രധാന വിഭവമായി ആ വാര്‍ത്ത ഇടം നേടിയത്; പാക് ഭീകരന്‍ പിടിയില്‍, രാജ്യത്തെ അഞ്ച് സ്‌ഫോടനങ്ങളില്‍ പങ്ക്, മൂന്ന് കൂട്ടാളികളും പിടിയിലായി, ലക്ഷ്യം തിരഞ്ഞെടുപ്പ് കാലത്തെ ആക്രമണം. ഇങ്ങനെ നീളുന്നു മലയാളത്തിലുള്‍പ്പടെയുള്ള മാധ്യമങ്ങളുടെ വിതരണം. പാക് പൗരനായ 24കാരന്‍ സിയാഉര്‍റഹ്മാന്‍ എന്ന വഖാസാണ് പിടിയിലായ പ്രധാന ഭീകരന്‍. മുസ്‌ലിം സംഘടനാ പരിപാടികളില്‍ പങ്കെടുക്കുന്ന പണ്ഡിതന്‍മാരുടെ പേര് നേരെ ചൊവ്വെ കൊടുക്കാന്‍ പഠിച്ചിട്ടില്ലാത്ത നമ്മുടെ നാട്ടിലെ പത്രങ്ങള്‍ വഖാസിന്റെ ‘സനദുള്ള’ പേരും ഒപ്പിച്ചെടുത്തു. ഒപ്പം ഫോട്ടോയും പ്രസിദ്ധീകരിച്ചു. വഖാസിന്റെ അറസ്റ്റ് വലിയ വിജയമാണെന്നും പിടികിട്ടാനുള്ള 23 പാക് തീവ്രവാദികളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉടന്‍ തന്നെ പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ആഭ്യന്തരമന്ത്രിയെ നമ്മുടെ പ്രബുദ്ധരായ മാധ്യമ പ്രവര്‍ത്തകരും വെറുതെ വിട്ടില്ല. അവര്‍ ചോദിച്ചു, ‘തീവ്രവാദികള്‍ മോദിയെ ലക്ഷ്യം വെച്ചോ? ചുമ്മാ ഇരിക്കെട്ടേന്ന്..’ വെറുതെ ഒരു ചോദ്യം. ചിലപ്പോള്‍ ബിരിയാണി വിളമ്പിയാലോ. തിരഞ്ഞെടുപ്പല്ലേ? കിട്ടിയാല്‍ നല്ലൊരു വാര്‍ത്ത. പോയാല്‍ ഒരു ചോദ്യം. ആര്‍ജവമുള്ള ആഭ്യന്തര മന്ത്രി അവരെ നിരാശരാക്കിയില്ല. ‘പാട്‌ന സ്‌ഫോടനത്തിന് ശേഷം ഞാന്‍ തന്നെ നേരിട്ട് ഇടപെട്ട് മോദിക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ല’ അദ്ദേഹം മറുപടി പറഞ്ഞു. ഇങ്ങനെയൊക്കായാണ് കാര്യങ്ങളുടെ പോക്ക്. തീവ്രവാദികളെ പിടിക്കേണ്ടതും മാതൃകാപരമായി ശിക്ഷിക്കേണ്ടതും നമ്മുടെ രാജ്യ സുരക്ഷക്ക് അത്യന്താപേക്ഷിതമാണ്. അതിനെ എതിര്‍ക്കാന്‍ രാജ്യനന്മ ആഗ്രഹിക്കുന്ന ഒരാള്‍ക്കും സാധ്യവുമല്ല. എന്നാല്‍ ഇവിടെ അതൊന്നുമല്ല പ്രശ്‌നം. ഇതില്‍ ഇത്ര മേല്‍ ആഘോഷമാക്കാനെന്തിരിക്കുന്നു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇവിടെ ചില കേസുകളില്‍ മാത്രം മാധ്യമങ്ങളും ഭരണാധികാരികളും ഇത്ര അമിതാവേശം കാട്ടുന്നതെന്തിന്? അതിന്റ പിന്നില്‍ എന്തെങ്കിലും നിഗൂഢ ലക്ഷ്യങ്ങളുണ്ടോ? സംശയിക്കാനേറെയുണ്ട്.

അത്തരം കാര്യങ്ങളിലേക്ക് കടക്കും മുമ്പ് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതും മുഖ്യധാരാ മാധ്യമങ്ങള്‍ വിസ്മരിച്ചതുമായ ചില വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ രാജ്യ തലസ്ഥാനത്ത് നിന്നും പുറത്തേക്ക് വന്നിട്ടുണ്ട്. ഏഴ് വര്‍ഷമായി തീവ്രവാദിയെന്ന് മുദ്രകുത്തി ജയിലിലടക്കപ്പെട്ട നാസിര്‍ ഹുസൈന്‍ എന്ന 32 കാരന്റെ മോചന വാര്‍ത്തയായിരുന്നു അതിലൊന്ന്. നിരോധിത ഹര്‍കത്തുല്‍ ജിഹാദുല്‍ ഇസ്‌ലാമി (ഹുജി)ക്കുവേണ്ടി നാട്ടിലെങ്ങും സ്‌ഫോടനങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ബിരുദധാരിയായ ഈ യുവാവിനെ ഏഴ് വര്‍ഷം മുമ്പ് യു പി പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാനില്‍ പരിശീലനം നേടിയ ഇയാളില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രത്യേക ദൗത്യസേന അവകാശപ്പെട്ടിരുന്നു. വിചാരണത്തടവുകാരനായി ഇത്രനാള്‍ ജയിലില്‍ കഴിഞ്ഞ നാസിറിനെ നിരപരാധിയെന്നു കണ്ട് ഭീകര കേസുകള്‍ കൈകാര്യം ചെയ്യുന്ന ലഖ്‌നോവിലെ പ്രത്യേക കോടതി വെറുതെ വിടുകയായിരുന്നു. ഇതിന് കാരണമായതാകട്ടെ സ്വാമി ശിവാനന്ദ് എന്ന 70കാരന്റെ മൊഴിയും.
ബിജ്‌നൂര്‍കാരനായ നാസിര്‍ ഹുസൈനെ ലഖ്‌നോവിലെ ഹോട്ടലില്‍ നിന്ന് പിടികൂടി എന്നായിരുന്നു പോലീസ് അന്ന് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, തന്റെ ആശ്രമത്തില്‍ ജോലിക്കെത്തിയ നാസിറിനെ 2007 ജൂണ്‍ 19ന് ഒരു സംഘം ആളുകള്‍ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡ് തെഹ്‌രി ഗഡ്വാളിലെ കോടതിയെ സ്വാമി ശിവാനന്ദ് ബോധിപ്പിച്ചു. ഹരിദ്വാര്‍ വഴി പോകുന്ന ട്രെയിനില്‍ ബോംബ് വെച്ച് കാവേരി മേളക്കെത്തുന്ന തീര്‍ഥാടകരെ കൊലപ്പെടുത്താന്‍ നാസിര്‍ പദ്ധതിയിട്ടുവെന്ന പോലീസ് ഭാഗം സാക്ഷിമൊഴി തള്ളിക്കളഞ്ഞ കോടതി സ്വാമിയുടെ സാക്ഷ്യം ശരി വെക്കുകയായിരുന്നു. വയോധികനായ സ്വാമി സ്വന്തം ചെലവില്‍ സാക്ഷി പറയാന്‍ വന്നതും ട്രെയിന്‍ യാത്ര മുടങ്ങിയതിനാല്‍ 8,700 രൂപ മുടക്കി ഡെറാഡൂണില്‍ നിന്ന് ലക്‌നോവിലേക്ക് വിമാനത്തിലെത്തി നിരപരാധിയുടെ മോചനത്തിന് വഴി തുറക്കാന്‍ തയ്യാറായതും സത്യത്തോട് ഭരണകൂടം മുഖം തിരിച്ചാലും മനുഷ്യസ്‌നേഹികള്‍ക്ക് മാറി ചിന്തിക്കാന്‍ കഴിയില്ലെന്നതിന് ഉത്തമ ഉദാഹരണമാണ്. നാസിറിന്റെ വിലപ്പെട്ട അഞ്ച് വര്‍ഷം ആര് തിരിച്ചു നല്‍കും? ഭരണകൂടം ചാര്‍ത്തി നല്‍കിയ ഭീകരവാദി”എന്ന നാമം ഇനി ആര് തിരുത്തി നല്‍കും? സമൂഹവും ഭരണകൂടവും ഇനിയുള്ള കാലവും അവനെ വേട്ടയാടില്ലെന്ന് ആര്‍ക്കാണ് ഉറപ്പ് നല്‍കാന്‍ കഴിയുക.

ഇത് തിരിച്ചറിഞ്ഞതുകൊണ്ടാകണം ഇത്തരം അനീതിക്കെതിരെ ഇനിയും തങ്ങള്‍ കണ്ണടച്ചിരിക്കില്ലെന്ന സന്ദേശവുമായി ഡല്‍ഹിയിലെ ജനങ്ങള്‍ തെരുവിലിറങ്ങിയ വാര്‍ത്ത പിറ്റേ ദിവസം പുറത്തുവന്നത്. ഇവിടെ തീവ്രവാദ ബന്ധമാരോപിച്ച് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ ജനക്കൂട്ടം റോഡ് തടഞ്ഞു. ഝാര്‍ഖണ്ഡ് സ്വദേശികളായ അബ്ദുല്‍ മാജിദ്, അമ്മാര്‍ യാസിര്‍ എന്നിവരെയാണ് ഡല്‍ഹി ഓഖ്‌ല അബുല്‍ ഫസല്‍ എന്‍ക്ലേവില്‍ നിന്ന് ഈ മാസം 23ന് പുലര്‍ച്ചെ പോലീസ് പിടികൂടിയത്. നിരപരാധികളായ വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. പോലീസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയ ജനക്കൂട്ടം രാത്രി ഡല്‍ഹി നോയിഡ ഹൈവേ തടയുകയും ചെയ്തു. ജയ്പൂര്‍ ഗ്‌ളോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (ജി ഐ ടി) എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് ഇവര്‍ ഓഖ്‌ലയില്‍ എത്തിയത്. പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി വഖാസിന്റെ കൂട്ടാളികളെന്ന് പറഞ്ഞ് ജി ഐ ടിയിലെ വിദ്യാര്‍ഥികളായ രണ്ട് പേരെ രാജസ്ഥാന്‍ തീവ്രവാദവിരുദ്ധ സെല്ലും ഡല്‍ഹി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അബ്ദുല്‍ മാജിദിനെയും അമ്മാര്‍ യാസിറിനെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.~ഒടുവില്‍ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയക്കേണ്ടിവന്നു.

ബംഗളൂരുവില്‍ സമാന രീതിയില്‍ പിടിച്ചുകൊണ്ടുപോയി തീവ്രവാദികളാക്കിയ മുസ്‌ലിം ചെറുപ്പക്കാരെ കോടതി പിന്നീട് വിട്ടയച്ചിരുന്നു. അതേ സമയം അവരനുഭവിച്ച പീഡനങ്ങള്‍ക്കും അഭിമാനക്ഷതത്തിനും ഏതു കോടതിക്കാണ് പരിഹാരം കാണാന്‍ കഴിയുക? അവരുടെ മനസ്സിനേറ്റ മുറിവ് ആര്‍ക്കാണ് ഉണക്കാന്‍ സാധിക്കുക? നീതിയില്ലാത്ത നിയമ നടപടികളിലൂടെ ഇവിടെ പോലീസും ഭരണകൂടവും തീവ്രവാദികളെ സൃഷ്ടിക്കുകയല്ലേ അക്ഷരാര്‍ഥത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത്? ഉന്നത വിദ്യാഭ്യാസം നേടുന്ന മുസ്‌ലിം ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന ഒരു നിഗൂഢ സംഘം നമ്മുടെ പോലീസിലുണ്ടെന്ന് ചിലരെങ്കിലും പറഞ്ഞാല്‍ അത്തരക്കാരുടെ വാദം ശരി വെക്കുന്നതല്ലേ ഇത്തരം വാര്‍ത്തകള്‍.
അതേ സമയം ഇവിടെ നടക്കുന്ന ഭീകര വേട്ടക്ക് പിന്നില്‍ നമ്മളറിയാതെ പോകുന്ന ചില സത്യങ്ങളുണ്ട്. പലരും പക്ഷേ അത് ശ്രദ്ധിക്കാറില്ല. ലോകത്തെ ഏറ്റവും വലിയ കച്ചവടമായ സുരക്ഷാ ഉത്പന്നങ്ങളുടെ വിപണനത്തിന് സുഗമമായ മാര്‍ക്കറ്റൊരുക്കുകയാണ് പല അക്രമങ്ങളുടെയും പിന്നിലെ പ്രധാന അജന്‍ഡ. എവിടെയും എന്ന പോലെ ഭരണകൂടങ്ങളില്‍ തന്നെയാണ് അതിന്റെ പ്രാഥമിക ഉപഭോക്താക്കള്‍. ഒരു രാജ്യത്ത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ചെങ്കില്‍ മാത്രമേ രാഷ്ട്ര സുരക്ഷയുടെ പേരില്‍ ആയുധങ്ങള്‍ വാങ്ങാനുള്ള പൊതുബോധം ജനങ്ങളിലും ഭരണാധികാരികളിലും സൃഷ്ടിച്ചെടുക്കാനാകുകയുള്ളൂവെന്ന് ആയുധ ലോബികള്‍ക്ക് നന്നായറിയാം. ഇതിനായി ലോകത്തെ ഒട്ടുമിക്ക ദരിദ്ര രാജ്യങ്ങളിലും സുരക്ഷാ എജന്‍സികളില്‍ ഉള്ള ആരെയെങ്കിലുമൊക്കെ കൂട്ട് പിടിച്ചു ആയുധ വ്യാപാരികള്‍ ഭീകരരെ ‘സൃഷ്ടിക്കാ’റുണ്ട്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് സിഖ് മത വിശ്വാസികളെയാണ് ഭീകരര്‍’ ആയി ഇത്തരം എജന്‍സികള്‍ അവതരിപ്പിച്ചത്. പിന്നെ അത് തമിഴ് വംശജരിലേക്കും മാവോ വാദികളെന്ന പേരില്‍ ആദിവാസികളിലേക്കും നീണ്ടു. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ യോജിച്ച ഒരു ഇരയായി മുസ്‌ലിങ്ങള്‍ മാറിയതോട് കൂടി അവരുടെ പേരുകള്‍ ഇവര്‍ നന്നായി ഉപയോഗിക്കുന്നുവെന്ന് മാത്രം. രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും നില നില്‍ക്കുന്നത് പലപ്പോഴും അഴിമതിക്കാരായ സുരക്ഷാ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കാറുണ്ട്. കാരണം അവര്‍ക്ക് കമ്മീഷന്‍ കിട്ടണമെങ്കില്‍ സുരക്ഷാ ഉത്പന്നങ്ങള്‍ വിറ്റ് മാറേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ചില ഗവേഷണ സ്ഥാപനങ്ങള്‍ തന്നെ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഏറിയ പങ്കും മുന്‍ കാലങ്ങളില്‍ സുരക്ഷാ ഏജന്‍സികളില്‍ സേവനം ചെയ്തവരാണെന്നറിയുമ്പോള്‍ അതിശയപ്പെടേണ്ടതില്ല. ഒരു സ്ഥാപനത്തിന്റെ മേധാവി മോദിയുടെ പ്രിയങ്കരനായ മുന്‍ പഞ്ചാബ് ഡി ജി പിയായിരുന്ന കെ പി എസ് ഗില്‍ ആണ്. ഇത്തരം സ്ഥാപനങ്ങള്‍ ഓരോ ചെറിയ ക്രമസമാധാന പ്രശ്‌നവും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്യുന്നത്. ഇതിനായി തെറ്റായ വിവരങ്ങള്‍ നല്‍കി മാധ്യമങ്ങളെയും ഇവര്‍ സ്വാധീനിക്കാറുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെയും ഭരണ കര്‍ത്താക്കളെയും ദേശീയ സുരക്ഷാ സെമിനാറെന്ന വ്യാജേന സംഘടിപ്പിക്കുന്ന ചില ചടങ്ങുകളില്‍ വിളിച്ചു വരുത്തി നമ്മുടെ നാട്ടിലെ ഓരോ ചെറിയ സംഭവവും പൊലിപ്പിച്ചു കാണിക്കും. അതുവഴി ആയുധം വാങ്ങാനുള്ള കരാറുകള്‍ക്ക് കളമൊരുക്കി അനുമതി നേടിയെടുക്കുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്‌റിറ്റിയൂട്ടിന്റെ കണക്ക് പ്രകാരം ആയുധ ഇറക്കുമതിയില്‍ ലോകത്തെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയും പാകിസ്ഥാനും ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മൂന്നിരട്ടിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യ വാങ്ങിക്കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ മാത്രം നൂറ് കോടി അമേരിക്കന്‍ ഡോളറിന്റെ ആയുധ കരാറാണ് അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ടത്. ഇപ്പോള്‍ ലോക സമാധാന പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 162ല്‍ നിന്നും 141 ആയി താഴ്ന്നിരിക്കയാണ്. ഇത് നമ്മുടെ സാമ്പത്തിക വളര്‍ച്ചയെ തന്നെ വല്ലാതെ പിന്നോട്ട് നയിക്കുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചറിയേണ്ടവര്‍ തിരിച്ചറിയാത്തതാണ് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വിപത്ത്.

അതേ സമയം മതവും ജാതിയും നോക്കി നീതിയും നിയമവും വഴിമാറുന്നത് നമ്മുടെ നാട് നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. മലേഗാവ് സ്‌ഫോടനം, ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനം, സംഝോത എക്‌സ്പ്രസ്സ് ബോംബ് സ്‌ഫോടനം, അജ്മീര്‍ ദര്‍ഗാ സ്‌ഫോടനം തുടങ്ങിയവക്ക് പിന്നില്‍ മുസ്‌ലിം സംഘടനകളാണെന്ന മുന്‍വിധിയോടെ നിയമം പാലിച്ചവര്‍ പിന്നില്‍ ഹൈന്ദവ സംഘടകളാണെന്നറിഞ്ഞപ്പോള്‍ നിയമത്തെ നിയമത്തിന്റെ വഴിക്ക് വിട്ട് കൈ കഴുകി.

എന്നാല്‍ ഹിന്ദുത്വ ഭീകരവാദികളോട് എന്‍ ഐ എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളും വാര്‍ത്താമാധ്യമങ്ങളും മൃദുവായ സമീപനമാണ് വെച്ചുപുലര്‍ത്തുന്നതെന്ന് പറയുന്നവര്‍ക്ക് ഇത്തരം കേസുകളിലെ ഭരണകൂട നിലപാടുകള്‍ കരുത്ത് പകരുകയാണ് ചെയ്യുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ വിചാരണത്തടവുകാരായി കിടക്കുന്ന രണ്ടര ലക്ഷത്തിലധികം വരുന്നവരില്‍ ബഹുഭൂരിപക്ഷവും ഒരു പ്രത്യേക സമുദായത്തില്‍ നിന്നാണെന്നതും ആശങ്കയുളവാക്കുന്നതാണ്. കൊല്ലത്തുകാരനായ മഅ്ദനിയും മലപ്പുറത്തുകാരനായ സക്കരിയ്യയും ഇവരില്‍ നാമറിയുന്ന ചിലര്‍ മാത്രമാണ്. ഇതിനൊക്കെ ശ്വാശ്വത പരിഹാരം ഒന്നേയുള്ളൂ. മത, ജാതി ചിന്തകള്‍ക്കതീതമായി നിയമം നടപ്പാകണം. കുറ്റവാളികള്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. നിരപരാധികള്‍ക്ക് നീതീ കിട്ടണം. ഇത് പറയാനും നടപ്പാക്കാനും ആര്‍ജവമുള്ള ഭരണാധികാരികള്‍ നമ്മുടെ നാട്ടിലുണ്ടാകണം. എന്നാല്‍ അതിന് കഴിയാത്തവര്‍ ഭരണ രംഗത്തുള്ളിടത്തോളം കാലം ഈ നാട് അസ്വസ്ഥമായിരിക്കും. ഇല്ലെങ്കില്‍ ചുരുങ്ങിയ പക്ഷം വഖാസിനെ പോലെയുള്ളവര്‍ പുറത്ത് നിന്നെത്തി ഈ നാട്ടില്‍ അശാന്തിയുടെ വിഷവിത്ത് പാകാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യും.