യു ഡി എഫിന് ജയിക്കാന്‍ സര്‍ക്കാറിന്റെ മികവ് മാത്രം മതി: കുഞ്ഞാലിക്കുട്ടി

Posted on: March 27, 2014 12:41 am | Last updated: March 27, 2014 at 12:41 am
SHARE

kunjalikkuttyതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വിജയിക്കാന്‍ യു ഡി എഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തന മികവ് മാത്രം മതിയെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിലയിരുത്തും. രാജ്യത്ത് വിലക്കയറ്റവും അഴിമതിയുമൊക്കെയുണ്ടെങ്കിലും താരതമ്യേന യു പി എ സര്‍ക്കാര്‍ തന്നെയായിരിക്കും കേന്ദ്രത്തില്‍ മെച്ചമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ‘ഇന്ത്യ എങ്ങോട്ട്’ തിരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫിനുവേണ്ടി എല്ലായിടത്തും മത്സരിക്കുന്നത് രാഷട്രീയ നേതാക്കളാണ്. എന്നാല്‍ സി പി എമ്മിന്റെ സ്ഥിതി അതല്ല. ഇന്നലെ വരെ കോണ്‍ഗ്രസിനും യു ഡി എഫിനുമൊപ്പം നിന്നവര്‍ ഇന്ന് മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമ്പോള്‍ പ്രവര്‍ത്തകരില്‍ ഉണ്ടാകുന്ന വികാരം പ്രകടമാണ്. കോണ്‍ഗ്രസ് നേതാക്കളെ സി പി എം സ്ഥാനാര്‍ഥികളാക്കിയത് യു ഡി എഫ് വിജയത്തെ ബാധിക്കില്ല. വി എസ് അച്യുതാനന്ദന്റെ നിലപാടുമാറ്റത്തെ കുറിച്ച് പ്രതികരിക്കാനില്ല. അത്തരം പ്രതികരണങ്ങള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് മങ്ങലേല്‍പ്പിക്കും.
മലപ്പുറത്ത് ഇ അഹമ്മദിന്റൈ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ലീഗില്‍ പ്രതിഷേധം ഉയര്‍ന്നിട്ടില്ല. യുവജന പ്രാതിനിധ്യം കൊടുക്കേണ്ടിടത്ത് കൊടുക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുവത്വത്തേക്കാള്‍ പാധാന്യം ദേശീയതലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ്. അതുകൊണ്ടാണ് ഇ അഹമ്മദിനെയും ഇ ടിയെയും വീണ്ടും പരിഗണിച്ചത്. മലയാള ഭാഷപോലും അറിയാത്ത ഇബ്‌റാഹിം സുലൈമാന്‍ സേട്ടിനെയും ബനാത്ത്‌വാലയെയും മലപ്പുറത്തുകാര്‍ വിജയിപ്പിച്ചിട്ടുണ്ട്. അന്ന് അവര്‍ ജയിക്കേണ്ടത് ആവശ്യമായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ലീഗില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. കൊണ്ടോട്ടിയില്‍ പ്രതിഷേധപ്രകടനം നടത്തിയത് 12 പേരാണ്. ഇവര്‍ പാര്‍ട്ടിക്കാരല്ല. പ്രാദേശിക ഘടകങ്ങളുമായി ചര്‍ച്ച ചെയ്താണ് ലീഗ് എല്ലാക്കാലത്തും സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയിട്ടുള്ളത്. അന്നൊന്നും ദൃശ്യമാധ്യമങ്ങളില്ല. ഇപ്പോഴും അത്തരം ചര്‍ച്ചകള്‍ നടത്തി. മാധ്യമങ്ങള്‍ നിസ്സാര വിഷയങ്ങളെ വലിയ വാര്‍ത്തയാക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ലീഗുമായി ചര്‍ച്ച ചെയ്തിട്ടില്ല. അങ്ങനൊരാവശ്യം മുന്നോട്ടുവെച്ചാല്‍ അപ്പോള്‍ ചിന്തിക്കാമെന്നും മന്ത്രി മറുപടി നല്‍കി. ബി ജെ പി അവരുടെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായ മോദിയെ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് വാജ്‌പേയി മിതവാദിയായിരുന്നെന്ന പരാമര്‍ശം കെ പി സി സി അധ്യക്ഷന്‍ നടത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി പിളര്‍പ്പിലേക്ക് നീങ്ങുമെന്നും കര്‍ണാടകയിലെ സ്ഥിതിയാകും അവര്‍ക്കുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.