വിദ്യാര്‍ഥിയെ പുറത്താക്കിയ സംഭവം ഹെഡ്മാസ്റ്ററെ തസ്തികയില്‍ നിന്ന് നീക്കി

Posted on: March 27, 2014 12:13 am | Last updated: March 26, 2014 at 10:21 pm
SHARE

കാസര്‍കോട്: തളങ്കര മുസ്‌ലിം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഉമൈറിനെ സ്‌കൂളില്‍ നിന്ന് അകാരണമായി പുറത്താക്കുകയും പരീക്ഷ എഴുതാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രധാനധ്യാപകനെതിരെ നടപടി. പ്രധാനധ്യാപകനായ വി ജെസ്‌ക്കറിയയെ തത്സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് വിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.
പ്രധാനധ്യാപകനായ സ്‌ക്കറിയ തന്റെ ചുമതല ആര്‍ക്കും കൈമാറാതെ മാര്‍ച്ച് ഒന്ന്, രണ്ട്, നാല് തിയ്യതികളില്‍ വിദ്യാലയത്തില്‍ നിന്ന് വിട്ടുനിന്നു. ഇതുകാരണം മുഹമ്മദ് ഉമൈറിന് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഡി ഡി ഇയുടെ ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമൊരുക്കി. മേലാധികാരിയുടെ ഉത്തരവ് നടപ്പാക്കാതെ ഗുരുതരമായ കുറ്റമാണ് പ്രധാനധ്യാപകന്‍ ചെയ്‌തെന്ന് വിദ്യഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
റിപ്പോര്‍ട്ടില്‍ പറഞ്ഞ പ്രകാരം പ്രധാനധ്യാപകന് യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ച ആള്‍ക്കെതിരെ നടപടി അനിവാര്യമാണെന്ന് വിദ്യഭ്യാസ വകുപ്പ് കണ്ടെത്തി. നിഷ്‌കളങ്കനായ വിദ്യാര്‍ഥിയോട് അകാരണമായി പകവെച്ചുപുലര്‍ത്തിയ സ്‌കൂള്‍ അധികൃതരുടെ നടപടി വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.