Connect with us

National

കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത തവണ അധികാരത്തില്‍ വന്നാല്‍ മികച്ച ആരോഗ്യ പരിരക്ഷ എല്ലാവരുടെയും അവകാശമാക്കുമെന്ന് ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും സാന്നിദ്ധ്യത്തില്‍ സോണിയാ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

വ്യവസായികളെ അവഗണിച്ച് മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും സ്വകാര്യമേഖലക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. സംവരണത്തിലൂടെ സ്ത്രീശാക്തീകരണം നടപ്പാക്കും. ഒരു ലക്ഷം രൂപ വരെ വനിതകള്‍ക്ക് എളുപ്പത്തില്‍ വായ്പ നല്‍കും.

അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്‍ഡ് സംവിധാനം, കള്ളപ്പണം ഇല്ലാക്കാന്‍ ശക്തമായ നടപടി, എട്ട് ശതമാനം വളര്‍ച്ചാനിരക്ക് എന്നിവയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.

congress prakadana pathrika

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീണ്ടും കേന്ദ്രത്തില്‍ സര്‍ക്കാര്‍ വരുമെന്നും അഭിപ്രായ സര്‍വേകളില്‍ വിശ്വാസമില്ലെന്നും പ്രകടന പത്രിക പുറത്തിറക്കി സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. വരാണസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും സോണിയാഗാന്ധി പറഞ്ഞു.

മോഡി രാജ്യത്തെ നശിപ്പിക്കുമെന്നും തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പലരും അമ്പരക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മന്ത്രിമാരായ എ കെ ആന്റണി, പി ചിദംബരം തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പ്രകടന പത്രികക്ക് രൂപം നല്‍കിയിരിക്കുന്നത്.