വേനല്‍ ചൂടില്‍ കെ എസ് ഇ ബി വിയര്‍ക്കുന്നു; പ്രതീക്ഷ ലാഭപ്രഭയില്‍

Posted on: March 25, 2014 12:30 am | Last updated: March 25, 2014 at 12:30 am
SHARE

തിരുവനന്തപുരം: രൂക്ഷമായ വേനല്‍ ചൂടില്‍ കെ എസ് ഇ ബിയും വിയര്‍ക്കുന്നു. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിച്ചതാണ് കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങളിലായി കേരളത്തിലെ വൈദ്യുതി ഉപയോഗം റിക്കാര്‍ഡുകള്‍ ഭേദിച്ചാണ്് മുന്നോട്ട് പോകുന്നത്.

ഇന്നലെ മാത്രം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 66.04 ദശ ലക്ഷം യൂനിറ്റായിരുന്നു. ഈ ആഴ്ചയിലെ ഏറ്റവും കൂടുതല്‍ ഉപയോഗം നടന്നത് ശനിയാഴ്ചയായിരുന്നു. 68.08 ദശലക്ഷം യൂനിറ്റ് വൈദ്യുതിയായിരുന്നു അന്ന് എരിഞ്ഞ് തീര്‍ന്നത്. 2012 മാര്‍ച്ച് 21 ലെ സര്‍വകാല റിക്കാര്‍ഡിനെ മറികടന്നായിരുന്നു ഇത്.
സാധാരണ ഗതിയില്‍ സംസ്ഥാനത്തെ ശരാശരി വൈദ്യുതി ഉപയോഗം 63.5 ദശലക്ഷം യൂനിറ്റാണ്. ഈ മാസം തുടക്കത്തില്‍ തന്നെ ചൂട് കടുത്തതിനെ കൂടാതെ ഉത്സവങ്ങളും പരീക്ഷാക്കാലവും തിരഞ്ഞെടുപ്പ് സമയവും ഒന്നിച്ച് വന്നതാണ് വൈദ്യുതിയുടെ ഉപയോഗം ഉയര്‍ന്ന തോതിലേക്കെത്താന്‍ കാരണമായി ചുണ്ടിക്കാട്ടുന്നത്.
ഇടക്കിടെ ചിലയിടങ്ങളില്‍ മഴ പെയ്യുന്നത് വൈദ്യുതി വകുപ്പിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. അതേ സമയം പ്രധാന വൈദ്യുതോത്പാദന കേന്ദ്രങ്ങളായ ഇടുക്കിയിലും പമ്പയിലും ഇടമലയാറിലും ഡാമിന്റെ സംഭരണ ശേഷിയേക്കാള്‍ നേര്‍ പകുതിയാണ് ഇപ്പോഴുള്ള ജലനിരപ്പ്. കാലാവസ്ഥ പ്രതികൂലമായതോടെ ഇവിടേക്കുള്ള നീരൊഴുക്ക് തീരെ കുറഞ്ഞിരിക്കുകയാണ്. ഡാമുകളില്‍ നിലവിലുള്ള വെള്ളം ഒന്നിച്ച് വൈദ്യുതോത്പാദനത്തിനായി ഉപയോഗിക്കുന്നത് പിന്നീട് വന്‍ പ്രതിസന്ധിക്കിടയാക്കുമെന്നതിനാല്‍ കരുതലോടെയാണ് വൈദ്യുതോത്പാദനം നടത്തുന്നത്.
എന്നാല്‍ ഉപയോഗം കൂടുന്നത് വരും ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ക്ക് കാരണമാകില്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അവകാശപ്പെട്ടു. ഉപയോഗം ശരാശരി 70 ദശലക്ഷം യൂനിറ്റ് വരെ ആയാലും പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മറ്റ് സാങ്കേതിക തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ 2017 വരെ ലോഡ് ഷെഡിംഗ് ഒഴിവാക്കുന്നതിനായി വേണ്ട മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ഇതിനായി ചില കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടന്നും വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയില്‍ പകുതിയലധികവും പുറത്ത് നിന്നും വന്‍ വില നല്‍കി വാങ്ങിയാണ് കെ എസ് ഇ ബി വിതരണം ചെയ്യുന്നത്.
വേനല്‍ ചൂടിനെ അതിജീവിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ലാഭപ്രഭ പോലുള്ള ഊര്‍ജ സംരക്ഷണ പദ്ധതിയിലൂടെ ഉപഭോക്താക്കളെ ബോധവത്കരിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍. നിലവില്‍ 1,20,000ല്‍ പരം പേരാണ് ലാഭപ്രഭയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് ഈ മാസം 31 വരെ രജിസ്‌ട്രേഷന്‍ നീട്ടിയിട്ടുണ്ട്.ഊര്‍ജപ്രതിസന്ധി മറികടക്കാന്‍ ആവിഷ്‌കരിച്ച ലാഭപ്രഭ പദ്ധതി കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തിച്ച് വൈദ്യുതോപയോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ്.