കെ എസ് ആര്‍ ടി സിയില്‍ അനര്‍ഹരെ കുടിയിരുത്താന്‍ ചട്ടം ഭേദഗതി ചെയ്യുന്നു

Posted on: March 25, 2014 12:29 am | Last updated: March 25, 2014 at 12:29 am
SHARE

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നതിനിടയിലും കെ എസ് ആര്‍ ടി സിയിലെ ഉന്നത തസ്തികകളില്‍ നിശ്ചിത യോഗ്യതയില്ലാത്തവരെ തിരുകി കയറ്റാനുള്ള ശ്രമം നടക്കുന്നതായി ആരോപണം. പി എസ് സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ തസ്തികക്കുള്ള യോഗ്യത ഭേദഗതി ചെയ്യാനാണ് നീക്കം നടക്കുന്നത്.

നിശ്ചിത യോഗ്യതയില്ലാത്തവരെ ഈ തസ്തികകളില്‍ തിരുകി കയറ്റുന്നതിന് ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ പി എസ് സിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്മേലുള്ള അനന്തര നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എം ഡി. കെ ജി മോഹന്‍ലാലിന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി അടുത്ത മാസം അവസാനിക്കുന്നതോടെയാണ് കോര്‍പ്പറേഷനില്‍ നാല് ഉന്നത തസ്തികകള്‍ കൈയടക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നത്. അഡ്മിനിസ്‌ട്രേഷന്‍, വിജിലന്‍സ്, മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്ക്്‌സ്, ഓപ്പറേഷന്‍സ് എന്നീ വിഭാഗങ്ങളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ കസേരകള്‍ക്ക് വേണ്ടിയാണ് അനധികൃതമായ ഇടപെടല്‍ നടക്കുന്നത്. ഈ തസ്തികകളില്‍ കണ്ണുവെച്ച ഏതാനും ഉദ്യോഗസ്ഥരാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരുക്കള്‍ നീക്കുന്നത്.
നിലവില്‍ അഡ്മിനിസ്‌ട്രേഷന്‍, ഓപ്പറേഷന്‍ വിഭാഗങ്ങളില്‍ താത്കാലിക ചുമതലക്കാരാണുള്ളത്. വിജിലന്‍സ് വിഭാഗത്തിന്റെ തലപ്പത്തുള്ള സുരേഷ് കുമാര്‍ അടുത്ത മാസം ഡപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് നിയമ വകുപ്പിലേക്ക് തിരികെ പോകാനിരിക്കുകയാണ്. ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥനും അടുത്ത മാസം വിരമിക്കാനിരിക്കുകയാണ്. അതേ സമയം മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ കസേര രണ്ടര വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയുമാണ്. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് ഉദ്യോഗസ്ഥ ലോബി ഉന്നതസ്ഥാനങ്ങളില്‍ അനധികൃതമായി കയറിപ്പറ്റാനുള്ള കരുനീക്കങ്ങള്‍ നടത്തുന്നത്.
റെഗുലര്‍ എം ബി എ ബിരുദവും എല്‍ എല്‍ ബിയുമുള്ളവരെ മാത്രമേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തികയിലേക്ക് പരിഗണിക്കാനാകൂ എന്നാണ് ചട്ടം. എന്നാല്‍ ഈ തസ്തികകളില്‍ വിദൂര വിദ്യാഭ്യാസ എം ബി എയും എല്‍ എല്‍ ബിയും നേടിയവരെ നിയമിക്കാനാണ് ശക്തമായ ചരടുവലികള്‍ നടക്കുന്നത്.
ശമ്പളവും പെന്‍ഷനും കത്യമായി നല്‍കാന്‍ ഏറെ പ്രയാസപ്പെടുന്ന കോര്‍പ്പറേഷനില്‍ കനത്ത ശമ്പളം പറ്റുന്ന തസ്തികകള്‍ കൈയടക്കാനാണ് ഉദ്യോഗസ്ഥ ലോബി ചട്ട വിരുദ്ധമായി നീക്കങ്ങള്‍ നടത്തുന്നത്.