Connect with us

Ongoing News

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായില്ല; പ്രമുഖരുടെ പത്രികകള്‍ മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായില്ല. ചില ജില്ലകളില്‍ പരിശോധനാ പ്രക്രിയ പൂര്‍ത്തിയാകാത്തതും മറ്റിടങ്ങളില്‍ പത്രികയെക്കുറിച്ചുയര്‍ന്ന പരാതികളെ തുടര്‍ന്നുമാണ് സൂക്ഷ്മ പരിശോധന ഇന്നത്തേക്കു കൂടി നീളുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, ആലപ്പുഴ എന്നിവിടങ്ങളിലാണ് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാകാനുള്ളത്. മറ്റ് ജില്ലകളില്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ എതിര്‍ മുന്നണികള്‍ നല്‍കിയിട്ടുള്ള പരാതികള്‍ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിയായ നാളെക്കു മുമ്പ് പരിഹരിക്കും. ഇതിന് ശേഷമാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കുക. മൊത്തം 396 പത്രികകളാണ് ഇരുപത് മണ്ഡലങ്ങളിലായി സമര്‍പ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍, എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം, ആറ്റിങ്ങല്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണ, കോട്ടയം സ്ഥാനാര്‍ഥി ജോസ് കെ മാണി എന്നിവരുടെ പത്രികകളുടെ സൂക്ഷ്മ പരിശോധനയാണ് പിന്നീടേക്ക് മാറ്റിവെച്ചത്. ഇതില്‍ ജോസ് കെ മാണി ഒഴികെയുള്ളവരുടെ ഹിയറിംഗ് ഇന്ന് വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും. ശശി തരൂരിനു വേണ്ടി സമര്‍പ്പിച്ച പത്രികയിലെ സത്യവാങ്മൂലത്തില്‍ യഥാര്‍ഥ സ്വത്തുവിവരം കരുതിക്കൂട്ടി മറച്ചുവച്ചെന്നാരോപിച്ച് പട്ടം ശശിധരനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ നാമിനിര്‍ദേശ പട്ടികക്കെതിരെയും പരാതി ഉയര്‍ന്നു. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ 11 മണിക്ക് എടുക്കുമെന്നും കോട്ടയം കലക്ടര്‍ അറിയിച്ചു.
ജോസ് കെ മാണി സമര്‍പ്പിച്ചിരിക്കുന്ന പത്രികയില്‍ കെ എം മാണിയുടെ നിര്‍ദേശപ്രകാരം ജോയി എബ്രാഹാമാണ് സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം സി എഫ് തോമസാണ് ചെയര്‍മാന്‍. അതിനാല്‍ സി എഫ് തോമസിനു മാത്രമേ സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കാന്‍ ആളെ ചുമതലപ്പെടുത്താന്‍ അധികാരമുള്ളൂവെന്നാണ് പരാതി.
സൂക്ഷ്മപരിശോധനയില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നാമനിര്‍ദേശ പത്രികകളും സ്വീകരിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ പത്രികയില്‍ ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരണം കൃത്യമല്ലെന്ന് എല്‍ ഡി എഫ് ആരോപിച്ചെങ്കിലും കലക്ടര്‍ പരാതി സ്വീകരിച്ചില്ല.
പത്തനംതിട്ട മണ്ഡലത്തിലെ ഇടത് സ്വതന്ത്രന്‍ പീലിപ്പോസ് തോമസിന്റെ അപരന്റെ പേര് കോണ്‍ഗ്രസ് തിരുത്തിയെന്ന് ഇടതു മുന്നണി പരാതിപ്പെട്ടു. പാലക്കാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന്റെ അപരന്‍ വീരേന്ദ്രകുമാറിന്റെ പേരിനെച്ചൊല്ലി പരാതി ഉയര്‍ന്നെങ്കിലും വിശദ പരിശോധനക്കു ശേഷം പത്രിക അംഗീകരിച്ചു.
ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ പത്രികയിലെ പിഴവിനെ ചൊല്ലി വാദപ്രദിവാദവുമുയര്‍ന്നെങ്കിലും പരിശോധനക്ക് ശേഷം നാമനിര്‍ദേശ പത്രിക സ്വീകരിച്ചു.

---- facebook comment plugin here -----

Latest