കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്രം

Posted on: March 24, 2014 1:45 pm | Last updated: March 25, 2014 at 12:02 am
SHARE

western gatt

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹരിത ട്രെബ്യൂണലിനെ അറിയിച്ചു. വനം പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുടെ നിലപാട് പരിസ്ഥിതി മന്ത്രാലയം തള്ളി. കരട് വിജ്ഞാപനത്തിനെതിരെ ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജി ഹരിത ട്രെബ്യൂണല്‍ പരിഗണിക്കവെയാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിലപാടറിയിച്ചത്. ഗോവ ഫൗണ്ടേഷന്റെ വാദത്തെ കേരളം എതിര്‍ത്തു. ഇക്കാര്യത്തില്‍ ഗോവ ഫൗണ്ടേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും ട്രെബ്യൂണല്‍ ആവശ്യപ്പെട്ടു.

കരട് വിജ്ഞാപനത്തില്‍ കേരളത്തിന് മാത്രം ഇളവുനല്‍കിയത് എന്തിനെന്ന് വനം മന്ത്രാലയത്തോട് ഹരിത ട്രെബ്യൂണല്‍ ആരാഞ്ഞു. കരടില്‍ ഇടപെടാന്‍ ആവുമോ എന്ന് പരിശോധിക്കുമെന്നും ട്രെബ്യൂണല്‍ പറഞ്ഞു.
പരിസ്ഥിതിലോല മേഖലകള്‍ പുനര്‍നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കസ്തൂരി റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിക്കുകയും അത് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. പൊതു ജനങ്ങള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ വിജ്ഞാപനത്തില്‍ വേണ്ട് ഭേദഗതികള്‍ നിശ്ചയിക്കാമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.