സംവാദം: എസ് കെ എസ് എസ് എഫ് വിഭാഗത്തിന് ദയനീയ പരാജയം

Posted on: March 23, 2014 12:31 am | Last updated: March 23, 2014 at 12:31 am
SHARE

മണ്ണാര്‍ക്കാട്: കുമരംപുത്തൂരില്‍ നടന്ന എസ് എസ് എഫ് – എസ് കെ എസ് എസ് എഫ് സംവാദത്തില്‍ എസ് കെ എസ് എസ് എഫ് വിഭാഗത്തിന് ദയനീയ പരാജയം.
കുമരംപുത്തൂര്‍ പള്ളിക്കുന്ന് എസ് എസ് എഫ് യൂനിറ്റും പള്ളിക്കുന്ന് എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റിയും പരസ്പരം കൈമാറിയ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു സംവാദം. മര്‍കസില്‍ സൂക്ഷിച്ച തിരുകേശം വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിയാതെ ചേളാരി വിഭാഗം പരാജയപ്പെടുകയായിരുന്നു. മര്‍കസിലെ തിരുകേശം പ്രവാചകന്റെതാണെന്ന് മാത്രമല്ല, അത് ആദരിക്കാനും പുണ്യമെടുക്കാനും പര്യാപ്തമാണെന്ന് പ്രമാണങ്ങള്‍കൊണ്ട് തെളിയിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് സുന്നിപക്ഷം വ്യക്തമാക്കി. എന്നാല്‍ മറുപക്ഷം വ്യക്തമായ മറുപടി നല്‍കിയില്ല. അതേസമയം, മര്‍കസില്‍ സൂക്ഷിച്ച കേശങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ തയ്യാറാണെന്ന് എസ് കെ എസ് എസ് എഫ് വിഭാഗം വാദിച്ചിരുന്നു. സുന്നി പണ്ഡിതരുടെ മുമ്പിലെത്തിയ വിഘടിത നേതാക്കാള്‍ നേരത്തെ എഴുതിയ വാദം നിരന്തരം മാറ്റിക്കൊണ്ടിരുന്നു.
എസ് എസ് എഫിനെ പ്രതിനിധാനം ചെയ്ത് കെ കെ എം സഅദി ആലിപ്പറമ്പ്, ജഅ്ഫര്‍ അസ്ഹരി കൈപ്പമംഗലം, അബ്ദുര്‍റശീദ് സഖാഫി ഏലംകുളം, ഇബ്‌റാഹീം സഖാഫി കോട്ടൂര്‍, അബ്ദുല്‍ റശീദ് സഖാഫി മേലാറ്റൂര്‍, പി സി സിദ്ദീഖ് സഖാഫി അരിയൂര്‍, അബ്ദുല്‍ റഊഫ് പുളിയംപറമ്പ് സംബന്ധിച്ചു. മറുവിഭാഗത്തെ പ്രതിനിധാനം ചെയ്ത് എം ടി അബൂബക്കര്‍ ദാരിമി, മുസ്തഫ അശ്‌റഫി, സലീം ഫൈസി സംബന്ധിച്ചു. മുഹമ്മദലി പുത്തനത്താണി മോഡറേറ്ററായിരുന്നു.