ആളിയാര്‍ ജലവിതരണത്തിന് നിയന്ത്രണം; രണ്ട് ലക്ഷം പേര്‍ക്ക് കുടിവെള്ളം മുടങ്ങും

Posted on: March 23, 2014 12:29 am | Last updated: March 23, 2014 at 12:29 am
SHARE

പാലക്കാട്: ആളിയാറില്‍ നിന്നുള്ള ജലവിതരണത്തില്‍ തമിഴ്‌നാട് കുറവുവരുത്തിയതോടെ ഏപ്രില്‍ മുതല്‍ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. കരാര്‍ പ്രകാരം നല്‍കേണ്ട വെള്ളത്തിന്റെ പരിധി അടുക്കാറായതോടെയാണ് തമിഴ്‌നാട് ജലവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മുന്‍പ് 280 ക്യുസെക്‌സ് തോതില്‍ വെള്ളം തുറന്നുവിട്ടിരുന്ന സ്ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ 218 ക്യുസെക്‌സ് ജലം മാത്രമേ ചിറ്റൂര്‍ പുഴയിലേക്ക് ലഭിക്കുന്നുള്ളൂ. ഈ മാസം അവസാനം ആകുമ്പോഴേക്കും ആളിയാറില്‍ നിന്ന് കേരളത്തിന് ഏഴ് ടി എം സി വെള്ളം ലഭിക്കും. പിന്നീട് കരാര്‍ പ്രകാരം 250 ദശലക്ഷം ഘനഅടി വെള്ളം മാത്രമെ കേരളത്തിന് അര്‍ഹതയുള്ളൂ. പറമ്പിക്കുളംആളിയാര്‍ കരാര്‍ പ്രകാരം ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 15 വരെ കേരളത്തിന് വെള്ളം നല്‍കേണ്ടതില്ല.
ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് തമിഴ്‌നാട് ജലവിതരണം കുറച്ചിരിക്കുന്നത്. കേരളം സര്‍ക്കാര്‍ തലത്തിലോ, ചീഫ് സെക്രട്ടറി തലത്തിലോ ഇടപെട്ട് ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടി ജലവിതരണം തുടരാന്‍ സാഹചര്യം ഒരുക്കിയില്ലെങ്കില്‍ ചിറ്റൂര്‍ പുഴയെ ആശ്രയിച്ചുള്ള 12 കുടിവെള്ള പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും.
12 പദ്ധതികളിലായി രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് കുടിവെള്ളം എത്തിക്കുന്നത്. അതേ സമയം കരാര്‍വ്യവസ്ഥകള്‍ പാലിച്ച് കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നല്‍കുന്നുണ്ടെന്നാണ് തമിഴ്‌നാടിന്റെ വാദം. അധികവെള്ളം ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ തലത്തിലാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ചിറ്റൂര്‍ പുഴയില്‍ നീരൊഴുക്ക് നിലച്ചാല്‍ അത് ഭാരതപ്പുഴയിലെ പദ്ധതികളെയും ദോഷകരമായി ബാധിക്കും.
അധിക ജലം നേടിയെടുത്തില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ കുടിവെള്ള വിതരണം പ്രതിസന്ധിലാകുമെന്ന് ചൂണ്ടിക്കാട്ടി ജലവിഭവ വകുപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ കലക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.—