Connect with us

International

വിമാനത്തിനായി തിരച്ചില്‍ നടക്കുന്നത് ഏറ്റവും ദുര്‍ഘടമായ കടലില്‍

Published

|

Last Updated

സിഡ്‌നി: കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടി ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത് ലോകത്തിലെ ഏറ്റവും ദുര്‍ഘടമായ സമുദ്ര ഭാഗങ്ങളില്‍പ്പെട്ട സ്ഥലത്ത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍പ്പെട്ട ഈ ഭാഗം മഞ്ഞുറഞ്ഞ് കിടക്കുന്ന അന്റാര്‍ട്ടിക്കക്ക് അടുത്താണ് സഥിതിചെയ്യുന്നത്. സദാസമയവും ക്ഷുഭിതമായ കടലില്‍ തിരമാലകളും കാറ്റും അതിശക്തമാണെന്ന് തിരച്ചില്‍ നടത്തുന്ന ആസ്‌ത്രേലിയന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു.

മലേഷ്യന്‍ വിമാനത്തിന്റെതെന്ന് കരുതപ്പെടുന്ന ഭാഗങ്ങള്‍ ഈ ഭാഗത്ത് കണ്ടെത്തിയതായി ആസ്‌ത്രേലിയ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ ഇങ്ങോട്ട് വ്യാപിപ്പിച്ചത്. സാറ്റലൈറ്റ് ചിത്രങ്ങളിലാണ് രണ്ട് വലിയ വസ്തുക്കള്‍ ഈ സമുദ്രഭാഗത്ത് ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ആസ്‌ത്രേലിയയുടെ നേതൃത്വത്തില്‍ തന്നെ തിരച്ചില്‍ ഇങ്ങോട്ട് വ്യാപിപ്പിക്കുകയായിരുന്നു.

17M-Missing plane search MAP.jpg

അതേസമയം, വ്യാഴാഴ്ച ആരംഭിച്ച തിരച്ചില്‍ ഇന്നും തുടര്‍ന്നെങ്കിലും ഇതുവരേയായും ഒന്നും കണ്ടെത്താനായിട്ടില്ല. സാറ്റലൈറ്റ് ചിത്രങ്ങളില്‍ കണ്ടെത്തിയ ഭാഗങ്ങള്‍ കടലില്‍ ആണ്ടുപോയിട്ടുണ്ടാകാമെന്ന് ആസ്‌ത്രേലിയന്‍ ഉപപ്രധാനമന്ത്രി വാരണ്‍ ട്രസ് പറഞ്ഞു. പെര്‍ത്തിന് തെക്ക് പടിഞ്ഞാറ് 2500 കിലോമീറ്റര്‍ സമുദ്രഭാഗത്ത് തിരച്ചില്‍ നടത്തിയ ശേഷം കപ്പലുകള്‍ നാവിക കേന്ദ്രത്തിലേക്ക് മടങ്ങിയിട്ടുണ്ട്.

സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത അത്രയും ദുര്‍ഘടമായ സ്ഥലത്താണ് തിരച്ചില്‍ നടത്തുന്നതെന്നും പക്ഷേ അവിടെ എന്തെങ്കിലും ഉണ്ടെങ്കില്‍ തങ്ങള്‍ കണ്ടെടുക്കുമെന്നും ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. സാറ്റലൈറ്റ് ചിത്രങ്ങളില്‍ കണ്ടത് ചിലപ്പോള്‍ ഏതെങ്കിലും കപ്പലില്‍ നിന്ന് വീണ കണ്ടയിനര്‍ ആകാം. പക്ഷേ തങ്ങളുടെ കഴിവിന്റെ പരമാവധി വിമാനം കണ്ടെടുക്കാനായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് എട്ടിനാണ് അഞ്ചു ഇന്ത്യക്കാരുള്‍പ്പെടെ 227 യാത്രക്കാരും 11 ജീവനക്കാരുമുള്ള മലേഷ്യന്‍ വിമാനം ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

Latest