Connect with us

Kerala

സര്‍ക്കാര്‍ സഹായം: അപേക്ഷാ ഫോറത്തില്‍ സമര്‍പ്പിക്കേണ്ട സ്ഥലം വ്യക്തമാക്കണം

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ആനുകൂല്യത്തിനുള്ള അപേക്ഷകളില്‍ അത് എവിടെയാണ് സമര്‍പ്പിക്കേണ്ടതെന്ന് അപേക്ഷയില്‍ തന്നെ രേഖപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ നികുതി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കാരുണ്യ സഹായത്തിന്റെ അപേക്ഷ എവിടെയാണ് സമര്‍പ്പിക്കേണ്ടതെന്നറിയാത്തതു കാരണം ധനസഹായം നിഷേധിക്കപ്പെട്ട ഈസ്റ്റ് കല്ലട സ്വദേശി എന്‍ ബേബി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കാരുണ്യ ഭാഗ്യക്കുറി ചികിത്സാ സഹായ പദ്ധതിയുടെ അപേക്ഷ എവിടെയാണ് സമര്‍പ്പിക്കേണ്ടതെന്ന് അപേക്ഷയില്‍ തന്നെ വ്യക്തമാക്കണമെന്നും വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് പറഞ്ഞ് ഒഴിയരുതെന്നും ഉത്തരവിലുണ്ട്. സൗജന്യചികിത്സാ സഹായത്തിന് അപേക്ഷ നല്‍കുന്നത് സാധാരണക്കാരാണെന്നും അവര്‍ക്ക് വെബ്‌സൈറ്റ് അപ്രാപ്യമാണെന്ന കാര്യം ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
ബേബിക്ക് കാരുണ്യ ചികിത്സാസഹായം ലഭ്യമാക്കാന്‍ തടസ്സം നിന്ന ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിലെ അസിസ്റ്റന്റ് മെഡിക്കല്‍ റിക്കാര്‍ഡ്‌സ് ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ബേബി ഓപ്പറേഷന് മുമ്പ് നല്‍കിയ അപേക്ഷയുടെ വെളിച്ചത്തില്‍ ചികിത്സാസഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
2013 ഓഗസ്റ്റ് എട്ടിനാണ് ബേബിക്ക് ശ്രീചിത്തിരയില്‍ ഹൃദയശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ രോഗം കലശലായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ഏപ്രില്‍ 17ലേക്ക് മാറ്റി. കാരുണ്യയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട രീതിയെക്കുറിച്ച് റിക്കാര്‍ഡ്‌സ് ഓഫീസര്‍ പറഞ്ഞുകൊടുത്തതായും ഇതനുസരിച്ച് ഓപ്പറേഷനു മുമ്പുതന്നെ അപേക്ഷ സമര്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. അപേക്ഷ കൊല്ലം ജില്ലാഭാഗ്യക്കുറി ഓഫീസര്‍ക്ക് കൈമാറിയതായി ഉദ്യോഗസ്ഥന്‍ ബേബിയെ അറിയിച്ചു.
ഇതിനിടയില്‍ സഹായം ലഭിക്കാതാവുകയും കടംവാങ്ങി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. റിക്കാര്‍ഡ്‌സ് ഓഫീസറെ നിരവധി തവണ കണ്ടെങ്കിലും ഭാഗ്യക്കുറിവകുപ്പില്‍ നിന്ന് അനുമതി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞതായും പരാതിയിലുണ്ട്. എന്നാല്‍ മേയ് 17ന് കൊല്ലം ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നിന്ന് ബേബിയുടെ അപേക്ഷ നിരസിച്ചതായി അറിയിപ്പ് കിട്ടി. ശസ്ത്രക്രിയ കഴിഞ്ഞതുകാരണമാണ് അപേക്ഷ നിരസിച്ചത്. കാരുണ്യ സഹായം ശസ്ത്രക്രിയക്ക് മുമ്പാണ് നല്‍കുന്നതത്രേ.
പരാതിക്കാരനായ ബേബി കൊല്ലം ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കില്‍ സഹായം ലഭിക്കുമായിരുന്നുവെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ കൊല്ലം ഓഫീസില്‍ അപേക്ഷ നല്‍കാമെന്ന വിവരം ബേബിക്ക് അറിയില്ലായിരുന്നു.