Connect with us

Kozhikode

തിരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്ക് പരിശീലന വേളയില്‍ വോട്ട് ചെയ്യാം

Published

|

Last Updated

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിക്കുന്നവര്‍ക്ക് ഇത്തവണ പരിശീലന വേളയില്‍തന്നെ വോട്ട് ചെയ്യാം. രണ്ടാംഘട്ട പരിശീലന വേളയിലാണ് ഏത് അസംബ്ലിമണ്ഡലത്തിലാണ് ഡ്യൂട്ടി എന്ന് വ്യക്തമാകുക.
സ്വന്തം പാര്‍ലിമെന്റ് മണ്ഡല പരിധിയിലാണ് ഡ്യൂട്ടിയെങ്കില്‍ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡ്യൂട്ടി ചെയ്യുന്ന പോളിംഗ് സ്റ്റേഷനില്‍തന്നെ വോട്ട് രേഖപ്പെടുത്താന്‍ കഴിയും. മറ്റൊരു ലോക്‌സഭാ മണ്ഡംലത്തിലാണ് ഡ്യൂട്ടിയെങ്കില്‍ രണ്ടാം ഘട്ട പരിശീലന ക്യാമ്പില്‍ പോളിംഗ് ബൂത്തിന് സമാനമായി വേട്ടിംഗ് കംപാര്‍ട്ട്‌മെന്റ് സൗകര്യമൊരുക്കി വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കുകയാണ് ചെയ്യുന്നത്.
പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തി വരണാധികാരിക്ക് കൈമാറും. പോസ്റ്റല്‍ ബാലറ്റിനൊപ്പമുള്ള അഫിഡവിറ്റ് സാക്ഷ്യപ്പെടുത്താനായി ക്യാമ്പില്‍ ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യമുണ്ടാകും.
പോസ്റ്റല്‍ ബാലറ്റ് സാങ്കേതിക കാരണങ്ങളാല്‍ അസാധുവാകുന്നതും ബാലറ്റ് ലഭിക്കുന്നവര്‍ കൃത്യ സമയത്ത് ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് അയക്കുന്നതില്‍ വീഴ്ച വരുത്തുന്നതും കാരണമായി നല്ലൊരു ശതമാനം സമ്മതിദാനാവകാശം വിനിയോഗിക്കപ്പെടാതെ പോകുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് ജില്ലാ കലക്ടര്‍ സി എ ലത പറഞ്ഞു. ഏതെങ്കിലും കാരണവശാല്‍ പരിശീലന ക്യാമ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് തപാല്‍ വകുപ്പ് മുഖേനെമാത്രമേ പോസ്റ്റല്‍ വോട്ട് അയക്കാന്‍ കഴിയൂ.
തപാല്‍ വകുപ്പില്‍ ഇതിനായി ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കുന്നുണ്ട്. എല്ലാ ദിവസവും വൈകിട്ട് മൂന്നിന് പ്രതേ്യക സുരക്ഷയോടെ അതത് ദിവസം ശേഖരിക്കുന്ന പോസ്റ്റല്‍ ബാലറ്റ് വരണാധികാരിക്കു മുമ്പാകെ സമര്‍പ്പിക്കണം. മെയ് 15 വരെ എല്ലാ ദിവസവും ഈ പ്രക്രിയ തുടരും. വോട്ടെണ്ണല്‍ നടക്കുന്ന മെയ് 16 ന് രാവിലെ എട്ടി ന് മുമ്പ്‌വരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കും.
പോസ്റ്റല്‍ ബാലറ്റ്, ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏത് വേണമെന്നത് ജീവനക്കാരന് തിരഞ്ഞെടുക്കാം.