കാട്ടുതീ: സമഗ്ര അന്വേഷണം വേണം- പരിഷത്ത്

Posted on: March 20, 2014 10:52 am | Last updated: March 20, 2014 at 10:52 am
SHARE

കല്‍പ്പറ്റ: കേരളത്തിലെ വനപ്രദേശങ്ങള്‍ വന്‍ തോതില്‍ അഗ്നിക്കിരയാക്കുന്ന സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാക്കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോടഭ്യര്‍ഥിച്ചു.
ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ വനമേഖല വ്യാപമായി അഗ്നിക്കിരയാക്കപ്പെടുന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു. കേരളത്തിന്റെ വനവിസ്തൃതി നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വനഭൂമിയിലെ കയ്യേറ്റം, വനനശീകരണം, വനമേഖലയില്‍ നടക്കുന്ന നിരവധി ഖനനങ്ങള്‍, ക്വാറികള്‍, റിസോര്‍ട്ടുകളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഈ നഷ്ടത്തിന് കാരണങ്ങളാണ്. വേനല്‍ക്കാലമായാല്‍ കേരളത്തില്‍ കാടുകള്‍ വ്യാപകമായി അഗ്നിക്കിരയാവുകയോ ഇരയാക്കപ്പെടുകയോ ചെയ്യുന്നു. വയനാട്ടി ലെ ഈ വര്‍ഷത്തെ കാട്ടു തീക്കു കാരണം മനപ്പൂര്‍വം സാമൂഹിക വിരുദ്ധര്‍ തീയിട്ടതാണെന്ന് കണ്ടെത്തിയിരിക്കുന്നു.
കേരളത്തിലെ പശ്ചിമഘട്ട മലനിരകളും കാടും നിര്‍വഹിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ധര്‍മങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. കുടിവെളളം ഉറപ്പാക്കുന്നതിനും ,കൃഷി നിലനിര്‍ത്തുന്നതിനും, ഇവ സഹായകമാണ്.
പ്രകൃതി ക്കും പ്രകൃതിദത്ത വിഭവങ്ങള്‍ക്കും ഒരു മൂല്ല്യവുമില്ല എന്ന ചിന്താഗതി കേരളത്തില്‍ അടുത്തിടെയായി ശക്തിയാര്‍ജിച്ചു വരികയാണ്.ഇത് അങ്ങേയറ്റം ആപത്കരമാണ്. പ്രകൃതിയിലെ ഒരോ ഘടകവും മനുഷ്യരുടെ നിലനില്‍പ്പിനു വേണ്ടി നല്‍കുന്ന വിലമതിക്കാനാകാത്ത സേവനങ്ങള്‍ക്ക് പകരം വെക്കാന്‍ മറെറാന്നും ഇല്ലെന്ന് മനസിലാക്കി ഇതിനെ സംരക്ഷിക്കാനുളള ബാധ്യത സര്‍ക്കാരിനുണ്ട്.
യോഗത്തില്‍ പ്രസിഡന്റ് പ്രൊഫ.കെ ബാലഗോപാലന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എംഡി ദേവസ്യ, കെ കെ സുരേഷ്, പിവി സന്തോഷ്, സിഎസ് ശ്രീജിത്ത്, പിസി ജോണ്‍,എസ് ചിത്രകുമാര്‍,മാഗിടീച്ചര്‍,ടിപി സന്തോഷ് പി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.