വികലാംഗ യുവതിയെ പീഡിപ്പിച്ച് ആഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍

Posted on: March 20, 2014 8:22 am | Last updated: March 20, 2014 at 8:22 am
SHARE

ചാലക്കുടി: വിവാഹ വാഗ്ദാനം നല്‍കി ഹരിജന്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡി വൈ എസ് പി. ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട വികലാംഗയായ ഹരിജന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങളും പണവും പ്രതി കവര്‍ന്നതായും ഡി വൈ എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസിലെ പ്രതി ചേന്ദാമംഗലം പാലാത്തുരുത്ത് കളത്തിപറമ്പില്‍ ചിംചുഖാന്‍(28)നെ വടക്കേക്കരയില്‍ നിന്നുമാണ് പിടികൂടിയത്. 2009ലാണ് കൊമ്പത്തുകടവ് സ്വദേശിനിയായ യുവതിയെ മിസ്ഡ് കോള്‍ വഴി പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രേമം നടിച്ച് യുവതിയുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്താണ് പ്രതി വീട്ടിലെത്തി പീഡിപ്പിച്ചിരുന്നത്. 2011ല്‍ ഗര്‍ഭിണിയായ യുവതി പ്രസവിച്ചെങ്കിലും കുട്ടി മരിച്ചു. ആശുപത്രിയിലും മറ്റും പ്രതിയെത്തി രേഖകളില്‍ പിതാവിന്റെ സ്ഥാനത്ത് ഒപ്പിട്ടും നല്‍കിയിരുന്നു. യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന പ്രതി കഴിഞ്ഞ ആറ് മാസമായി മുങ്ങി നടക്കുകയായിരുന്നു.
യുവതുയടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കബളിപ്പിച്ച വിവരം മനസ്സിലായത്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നല്‍കി വിലാസം വ്യാജമാണെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് യുവതി മാള പോലീസില്‍ പോലീസില്‍ പരാതി നല്‍കിയത്. യുവതി നല്‍കിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ടെന്നും പോലീസ് പറഞ്ഞു. യുവതിയില്‍ നിന്നും കൈപ്പറ്റിയ സ്വര്‍ണം കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വിറ്റതായും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
പറവൂര്‍, വടക്കേക്കര പോലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ നിരവധി കേസുണ്ടെന്നും ഡി വൈ എസ് പി. അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.