Connect with us

Ongoing News

ആരും കൂടെ നിര്‍ത്തുന്നില്ല: ജമാഅത്തെ ഇസ്‌ലാമിയുടെ മുന്നണി നീക്കം പാളി

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാതെ ജമാഅത്തെ ഇസ്‌ലാമി ചിന്താക്കുഴപ്പത്തില്‍. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം അകറ്റിനിര്‍ത്തിയതിനൊപ്പം ചെറുകക്ഷികള്‍ ചേര്‍ന്നുണ്ടാക്കിയ മുന്നണിയില്‍ ഇടം നേടാനുള്ള അവരുടെ നീക്കവും പാളി. ഇതോടെ ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി അഞ്ച് സീറ്റില്‍ ഒറ്റക്ക് മത്സരിക്കുകയാണ്. ആം ആദ്മിയുമായി യോജിക്കാന്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ ആര്‍ എം പിയും എസ് യു സി ഐയും എം സി പി ഐ (യു)ഉം ചേര്‍ന്നുണ്ടാക്കിയ ഇടതുപക്ഷ ഐക്യമുന്നണിയില്‍ ചേരാന്‍ പല തലങ്ങളില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും കൂടെ ചേര്‍ക്കാന്‍ അവരും സന്നദ്ധമായില്ല.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫയര്‍ പാര്‍ട്ടിയെ ഇടതുപക്ഷ ഐക്യമുന്നണിയുടെ ഭാഗമാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സഖ്യം തങ്ങളുടെ അണികള്‍ തന്നെ അംഗീകരിക്കില്ലെന്ന നിലപാടാണ് ആര്‍ എം പിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഐക്യമുന്നണിയിലെ മൂന്ന് കക്ഷികളും സ്വീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമി ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ സത്യവാങ്മൂലം നല്‍കിയ സാഹചര്യവും ജമാഅത്തെയുടെ പ്രസിദ്ധീകരണശാലകളില്‍ നടക്കുന്ന റെയ്ഡും പുസ്തകങ്ങള്‍ നിരോധിക്കുന്ന സാഹചര്യവും സഖ്യമുണ്ടാക്കിയാല്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതും ഇവരെ അകറ്റി.
സ്ഥാനാര്‍ഥികളുടെ “മൂല്യം” നോക്കി വോട്ട് ചെയ്തിരുന്ന ജമാഅത്തെ ഇസ്‌ലാമി അടുത്ത കാലത്തായി ഒരു മുന്നണിയെ പൂര്‍ണമായി പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ആഗോളവത്കരണ, സാമ്രാജ്യത്വ വിരോധമായിരുന്നു പിന്നീട് പിന്തുണക്കുള്ള മാനദണ്ഡം. ഇക്കാര്യം മുന്‍നിര്‍ത്തി കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെയാണ് ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചിരുന്നത്. യു പി എ സര്‍ക്കാറിന്റെ സാമ്രാജ്യത്വ വിധേയത്വമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കാന്‍ നിരത്തിയ ന്യായീകരണം. അപ്പോഴും യു പി എയുടെ നയങ്ങളെ ന്യായീകരിച്ച് ശക്തമായ വാദഗതികള്‍ നിരത്തിയിരുന്ന പൊന്നാനിയിലെയും വയനാട്ടിലെയും യു ഡി എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ എല്‍ ഡി എഫുമായുള്ള സഹകരണം ലക്ഷ്യമിട്ടാണ് രണ്ട് തിരഞ്ഞെടുപ്പുകളിലും എല്‍ ഡി എഫിനെ പിന്തുണച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ ഐ എന്‍ എല്ലിനെ പോലെ സീറ്റ് ധാരണയെങ്കിലും ജമാഅത്ത് ലക്ഷ്യമിട്ടു. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമിയുമായി ഒരു സഹകരണവുമില്ലെന്ന് സി പി എം കര്‍ക്കശ നിലപാടാണ് സ്വീകരിച്ചത്.
ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ജമാഅത്തിനെ പിന്തുണക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ തന്നെ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്ന ഭീഷണിയോടെയാണ് പിണറായിയെ ജമാഅത്തെ ഇസ്‌ലാമി അന്ന് നേരിട്ടത്. ജമാഅത്തെ ഇസ്‌ലാമി എതിര്‍ക്കപ്പെടേണ്ടതാണെന്ന പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നും ജമാഅത്തിനെ എതിര്‍ത്താല്‍ തിരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് പേടിപ്പിച്ചാല്‍ നിലപാട് മാറ്റില്ലെന്നും പിണറായി മറുപടി നല്‍കി.
എല്‍ ഡി എഫ് സഹകരണം നടക്കില്ലെന്ന് ഉറപ്പായതോടെ യു ഡി എഫിനെ പിന്തുണക്കാമെന്നായി ആലോചന. ഇതിനിടെയാണ്, ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത്. ഇന്ത്യയുടെ ഭരണ നിയമ വ്യവസ്ഥകള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും സംഘടന സര്‍ക്കാറിന്റെ നിരന്തര നിരീക്ഷണത്തിലാണെന്നുമായിരുന്നു സത്യവാങ്മൂലം. ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലായിരുന്നു സര്‍ക്കാര്‍ നിലപാടെന്നതും ശ്രദ്ധേയമാണ്.
ഇതോടെയാണ് ചെറുകക്ഷികളുടെ മുന്നണിയുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചത്. സോളിഡാരിറ്റി നടത്തിയിരുന്ന സമരവുമായി സഹകരിച്ചിരുന്നവരെ മധ്യസ്ഥരാക്കി എസ് യു സി ഐ, ആര്‍ എം പി എന്നിവയുമായി സഖ്യമുണ്ടാക്കാനായിരുന്നു ശ്രമം. വിവിധ പ്രദേശങ്ങളിലെ ജനകീയ സമര സമിതികളുമായി സഖ്യമുണ്ടാക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തു. ഇതനുസരിച്ച് അഞ്ച് സീറ്റില്‍ മത്സരിക്കാനും ശേഷിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം പാര്‍ട്ടികളെ പിന്തുണക്കാനുമായിരുന്നു തീരുമാനം. എന്നാല്‍, വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് കണ്ട് എല്ലാവരും പിന്‍വാങ്ങുകയായിരുന്നു.
ചെറിയ ഇടതുപക്ഷ പാര്‍ട്ടികള്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച ഇടതുപക്ഷ ഐക്യമുന്നണിയില്‍ ആര്‍ എം പി, എം സി പി ഐ (യു), എസ് യു സി ഐ (സി) പാര്‍ട്ടികളാണ് ഉള്ളത്. സഖ്യമില്ലെങ്കില്‍ സഹകരണമെങ്കിലും വേണമെന്ന് ജമാഅത്ത് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അതിനും അവ സന്നദ്ധമായില്ല. വയനാട്ടിലും മലപ്പുറത്തും പാലക്കാട്ടും ആറ്റിങ്ങലുമാണ് വെല്‍ഫയര്‍ പാര്‍ട്ടി മത്സരിക്കുന്നത്. ഈ സീറ്റുകളിലെല്ലാം ഇടതുപക്ഷ ഐക്യമുന്നണിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഏതെങ്കിലും വിധേന ഇവരെ പിന്‍വലിപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി സമ്മര്‍ദം തുടരുകയാണ്.

 

Latest