മഅ്ദനിക്ക് നീതി: സെക്രട്ടേറിയറ്റിന് മുന്നില്‍ പി ഡി പി നിരാഹാരം തുടങ്ങി

Posted on: March 20, 2014 12:34 am | Last updated: March 20, 2014 at 12:34 am
SHARE

madani-case.transfer_തിരുവനന്തപുരം: ‘ജീവന്‍ തരാം മഅ്ദനിയെ തരൂ’ എന്ന പ്രമേയത്തില്‍ പി ഡി പി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി മൈലക്കാട് ഷായാണ് സമരം നടത്തുന്നത്. മതേതരത്വത്തിന്റെ ഗിരിപ്രഭാഷണം നടത്തുന്ന കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമായി മാറിയിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പി ഡി പി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അഭിപ്രായപ്പെട്ടു. ഫാസിസത്തോട് കോണ്‍ഗ്രസിന് ഇരട്ട മുഖമാണുള്ളത്. ആര്‍ എസ് എസിന്റെ ഉത്പന്നമായ വാജ്‌പേയിയെയും ബി ജെ പിയെയും വി എം സുധീരന്‍ പുകഴ്ത്തുകയാണ്.
ബി ജെ പിയെയും വാജ്‌പേയിയെയും പ്രകീര്‍ത്തിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ നടപടി മതേതര വിശ്വാസികളില്‍ ആശങ്ക ഉണ്ടാക്കുന്നതാണ്. നാടു നീളെ മതേതരത്വം പ്രസംഗിച്ചു നടക്കുന്ന കോണ്‍ഗ്രസ് ഫാസിസത്തിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ മഅ്ദനിയെ ജയിലില്‍ അടച്ചിരിക്കുകയാണ്. കള്ളവാദങ്ങളും കള്ളത്തെളിവുകളും കോടതിയില്‍ നിരത്തിയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മഅ്ദനിക്ക് സ്വാഭാവിക നീതി നിഷേധിക്കുന്നത്.
മഅ്ദനിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പി ഡി പി ആവശ്യപ്പെടുന്നില്ല. അതേസമയം ഗുരുതരാവസ്ഥയിലുള്ള മഅ്ദനിക്ക് മതിയായ ചികിത്സയെങ്കിലും നല്‍കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. കടുത്ത ഉപാധികളോടെയെങ്കിലും ഇനിയും ജാമ്യം നല്‍കിയില്ലെ ങ്കില്‍ കോണ്‍ഗ്രസ് ഗുരുതര ഭവിഷ്യത്താകും നേരിടേണ്ടിവരിക. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഒരു സമുദായത്തിന്റെ സഭ കണ്ണുരുട്ടിയപ്പോള്‍ ആഭ്യന്തരമന്ത്രി മുതല്‍ എ കെ ആന്റണി വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ പോയി കരട് വിജ്ഞാപനമിറക്കാന്‍ സന്നദ്ധമായി. ഇതിന്റെ ഒരു ശതമാനമെങ്കിലും ആത്മാര്‍ഥത മഅ്ദനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായിരുന്നെങ്കില്‍ മഅ്ദനി എന്നേ ജയില്‍ മോചിതനാകുമായിരുന്നുവെന്ന് സിറാജ് പറഞ്ഞു.
ഈ മാസം 28ന് മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനമനുസരിച്ചാകും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കുക. അതിനു ശേഷം മഅ്ദനി നിലപാടറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി ഡി പി സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് അധ്യക്ഷത വഹിച്ചു. സുബൈര്‍ സബാഹി, സാബു കൊട്ടാരക്കര, മാഹീന്‍ ബാദുഷ, നിസാര്‍ മേത്തര്‍, നടയറ ജബ്ബാര്‍, പി എം മാര്‍ഷല്‍ സംസാരിച്ചു.