Connect with us

Idukki

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയം ഒരാഴ്ചക്കകം: മുഖ്യമന്ത്രി

Published

|

Last Updated

തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിജ്ഞാപനത്തിന്റെ കരട് പുറത്തിറക്കിയ സാഹചര്യത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തി ഒരാഴ്ചക്കുള്ളില്‍ നിര്‍ണയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നവംബര്‍ 13ലെ വിജ്ഞാപനത്തിലെ നിബന്ധനകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടുക്കി പാര്‍ലിമെന്റ് മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കരടുവിജ്ഞാപനം പുറത്തിറക്കാന്‍ സാധിച്ചതു തന്നെ കേരളത്തിനു കിട്ടിയ അംഗീകാരമാണെന്നും ഇത് കേരളത്തിലെ കര്‍ഷകരുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിജ്ഞാപനത്തില്‍ നിന്ന് കൃഷിഭൂമി, തോട്ടം, ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കസ്തൂരിരംഗന്റെ പേരില്‍ പ്രതിഷേധിച്ചവര്‍ യഥാര്‍ഥ കര്‍ഷക താല്‍പര്യമുള്ളവരാണെങ്കില്‍ സര്‍ക്കാറിന്റെ ആത്മാര്‍ഥതയെ പ്രശംസിക്കണം. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിഷേധത്തിന്റെ ഉള്ളടക്കം കര്‍ഷകരുടെ ആശങ്ക മാറ്റുകയാണെങ്കില്‍ പശ്ചിമ ഘട്ട സംരക്ഷണ സമിതി സ്വീകരിച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച് ആര്‍ക്കുള്ള ആശങ്കയും മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി, കൂടുതല്‍ ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയ്യാറാണെന്നും അറിയിച്ചു.