Connect with us

Gulf

തൊഴിലാളികളുടെ എണ്ണം 26 ലക്ഷമായി ഉയരും

Published

|

Last Updated

അബുദാബി: 2030 ആവുമ്പോഴേക്കും അബുദാബിയില്‍ തൊഴിലാളികളുടെ മൊത്തം സംഖ്യ 26 ലക്ഷമായി ഉയരുമെന്നു അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍(യു പി സി). 2012ല്‍ 15 ലക്ഷമായിരുന്നു തൊഴിലാളികള്‍. ഇത് 2020 ആവുമ്പോഴേക്കും 20 ലക്ഷമാവും. 2030 ആവുമ്പോഴേക്കും 26 ലക്ഷത്തിലേക്കും കുതിക്കും. എമിറേറ്റില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുന്നതാണ് തൊഴിലാളികളുടെ എണ്ണത്തില്‍ ഉയര്‍ച്ച സംഭവിക്കാന്‍ ഇടയാക്കുന്നത്. അബുദാബി 2030 പദ്ധതിയുമായി ബന്ധപ്പെട്ട് വിശദീകരിക്കവേയാണ് യു പി സി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാനത്ത് മാത്രം വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട് 2.4 ലക്ഷം തൊഴിലുകള്‍ വര്‍ധിച്ചു.
2020 ആവുമ്പോഴേക്കും ഓഫീസ് ജോലികളില്‍ 3.4 ലക്ഷത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 2030 ആവുമ്പോഴേക്കും ഈ സംഖ്യ 4.5 ലക്ഷമായി വര്‍ധിക്കും.
2.5 ലക്ഷം സ്വദേശികളാണ് 2012ല്‍ തലസ്ഥാന മേഖലയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്. ഇത് 2020 ആവുമ്പേഴേക്കും 3.5 ലക്ഷമായി വര്‍ധിക്കും. 2030ല്‍ തലസ്ഥാനത്തും പരിസരത്തുമായി മാത്രം ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 4.9 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിവിധ പുതു തൊഴില്‍ രംഗങ്ങളിലേക്കും സ്വദേശികള്‍ എത്തും. ബാക്കി വരുന്ന തൊഴില്‍ സാധ്യതകളാവും വിദേശികള്‍ക്ക് നല്‍കുക.
2012ല്‍ 11.6 ലക്ഷം വിദേശ ജോലിക്കാരായിരുന്നു തലസ്ഥാനമായ അബുദാബി എമിറേറ്റിന്റെ വിവിധ മേഖലകൡ ജോലി ചെയ്തിരുന്നത്. 2020ല്‍ ഇത് 15.8 ലക്ഷമായും 2030 ആവുമ്പോള്‍ 20.2 ലക്ഷമായും വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും യു പി സി വിശദീകരിച്ചു.