അബുദാബി പുസ്തകോത്സവം; അല്‍ മുതനബ്ബിയുടെ രചനകള്‍ മുഖ്യ ശ്രദ്ധാകേന്ദ്രം

Posted on: March 19, 2014 7:13 pm | Last updated: March 19, 2014 at 7:13 pm
SHARE

Abu-Dhabi-International-Book-Fairഅബുദാബി: വിഖ്യാത അറബ് കവി അബൂ ത്വയ്യിബ് അല്‍ മുതനബ്ബിയെ 24-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമായി തെരഞ്ഞെടുത്തു. അറബ് ജീവിതത്തില്‍ ഇന്നും സ്വാധീനം ചെലുത്തുന്ന മുതനബ്ബിയുടെ രചനകളാണ് പുസ്തകോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമെന്ന് അബൂദാബി ടൂറിസം ആന്റ് കള്‍ച്ചര്‍ അതോറിറ്റി നാഷനല്‍ ലൈബ്രറി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അലി ബിന്‍ തമീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗഹനമായ ചിന്താശേഷിയും ധൈഷണികതയും കൊണ്ട് അറബ് സാഹിത്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് അല്‍ മുതനബ്ബി.
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍ മുതനബ്ബിയുടെ രചനകള്‍ ഇന്നും അറബ് നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നവയാണ്.
തന്റെ കവിതകളിലൂടെയും ജീവിതത്തിലൂടെയും അറബ് സമൂഹത്തിന് ഇന്നും പ്രചോദനം പകരുന്ന വ്യക്തിത്വമാണ് അലപ്പോയില്‍ ജനിച്ച അല്‍ മുതനബ്ബി. എല്ലാ കാലത്തെയും ഏറ്റവും മികച്ച അറബ് കവിയായി അല്‍ മുതനബ്ബിയെ നിരവധി പഠനങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഡോ. അലി ബിന്‍ തമീം പറഞ്ഞു. ബൗദ്ധികതയും തത്വജ്ഞാനവും ജീവിതവും നിറഞ്ഞുനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. അല്‍ മുതനബ്ബിയോടുള്ള ആദര സൂചകമായി പുസ്തകോല്‍സവത്തില്‍ അദ്ദേഹത്തിന്റെ രചനകളും പഠനങ്ങളും മാത്രം ഉള്‍ക്കൊള്ളിച്ചുള്ള അന്താരാഷ്ട്ര പവലിയന്‍ ഒരുക്കും.
അല്‍ മുതനബ്ബിയുടെ സാഹിത്യത്തിനും കവിതാസമാഹാരങ്ങള്‍ക്കും പുറമെ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് തുടങ്ങിയ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ പഠനങ്ങളും പവലിയനിലുണ്ടാകും. മജ്‌ലിസ് അല്‍ മുതനബ്ബിയില്‍ പുസ്തകോല്‍സവത്തിന്റെ എല്ലാ ദിവസവും പ്രഭാഷണങ്ങളും സെമിനാറുകളും നടക്കും. അല്‍ മുതനബ്ബിയുടെ ജീവിതത്തെ വീണ്ടും ചിന്തയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് അബുദാബി ടൂറിസം ആന്റ് കള്‍ച്ചര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. 18ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ കവിതകളില്‍ വരെ സ്വാധീനം ചെലുത്തിയ മഹത്‌വ്യക്തിത്വമായ കവിയെക്കുറിച്ച് വിശദമായ ചര്‍ച്ചകളും നടക്കും. ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ച് വരെ അബുദാബി നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പുസ്തകോത്സവം നടക്കുന്നത്.