കാട്ടുതീ:മന്ത്രിസഭാ യോഗത്തില്‍ ഉന്നയിക്കും

Posted on: March 18, 2014 10:23 pm | Last updated: March 18, 2014 at 10:23 pm
SHARE

കല്‍പ്പറ്റ: വേനല്‍ ശക്തമായതോടെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ പടരാതിരിക്കാന്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം തോല്‍പ്പെട്ടി, മുത്തങ്ങ വന്യജീവി സങ്കേതങ്ങളിലും മറ്റ് ഭാഗങ്ങളിലും കാട്ടുതീ ഉണ്ടായപ്പോള്‍ വനപാലകരോടൊപ്പം തീയണക്കാന്‍ മുന്നിട്ടിറങ്ങിയ നാട്ടുകാരെ മന്ത്രി അഭിനന്ദിച്ചു. പ്രകൃതിയും വനവും സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ബാധ്യതയാണ്.
മറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടുത്തം ആസൂത്രിതമാണോയെന്ന കാര്യത്തില്‍ സംശയമുണ്ട്. വിഷയം വനംമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
സമഗ്ര അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പടും. കാട്ടുതീ വിഷയം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഉന്നയിക്കും.
കഴിഞ്ഞദിവസം വനംവകുപ്പിന്റെ വിജിലന്‍സ് വിഭാഗം അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സി.എസ്. എലാക്കിയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനംവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വയനാട് ജില്ലയില്‍നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ കേന്ദ്ര ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും.
വയനാട് വന്യജീവി സങ്കേതത്തില്‍ 129.75 ഹെക്ടര്‍ വനവും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ 74 ഹെക്ടര്‍ വനവുമാണ് കത്തി നശിച്ചിട്ടുള്ളത്. ബാക്കിയുള്ള സ്ഥലം നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലും ഉള്‍പ്പെട്ടതാണ്. മാര്‍ച്ച് 16നാണ് ഏറ്റവും വലിയ അഗ്നിബാധയുണ്ടായിട്ടുള്ളത്. വനത്തിനുള്ളില്‍നിന്ന് പുറത്തേക്ക് തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.