വികസനപദ്ധതികള്‍ പൂര്‍ത്തീകരിക്കുക പ്രഥമലക്ഷ്യം: എം ഐ ഷാനവാസ്

Posted on: March 18, 2014 10:19 pm | Last updated: March 18, 2014 at 10:19 pm
SHARE

കല്‍പ്പറ്റ: തുടങ്ങിവെച്ചതും സാങ്കേതികകാരണങ്ങളാല്‍ മുടങ്ങിപ്പോയതുമായ പ്രവൃത്തികള്‍ക്ക് പൂര്‍ത്തിയാക്കുകയെന്നതാണ് വിജയിച്ചാലുള്ള പ്രഥമലക്ഷ്യമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസ്. വയനാട് പ്രസ് ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ കാന്റിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ വയനാടിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു.
ഒരു വര്‍ഷം പൂര്‍ണമായും ആറു മാസം ഭാഗികമായും അസുഖം മൂലം പൊതുപ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. എന്നാല്‍ മൂന്നര വര്‍ഷക്കാലത്തെ പ്രവര്‍ത്തനംകൊണ്ട് എല്ലാ മേഖലകളിലും നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് 100 കോടി, സ്‌പൈസ് ബോര്‍ഡ് മുഖേന കുരുമുളക് കര്‍ഷകരുടെ ഉന്നമനത്തിനായി 52 കോടി രൂപ, കാപ്പികര്‍ഷകരുടെ കടാശ്വാസപദ്ധതിക്കായി 44 കോടി രൂപ, ബി ആര്‍ ജി എഫ് പദ്ധതി പ്രകാരം 70 കോടി രൂപ, മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് നാല് കോടി രൂപ എന്നിങ്ങനെ നിരവധി പദ്ധതികള്‍ വയനാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിനായി വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ചേരാന്‍ സാധിച്ചത് ഏറെ പ്രയോജനപ്രദമായി. തടസ്സങ്ങളും മറ്റ് സാങ്കേതികബുദ്ധിമുട്ടുകളും നീക്കി ഫണ്ടെത്തിക്കാന്‍ ഇത് ഉപകാരപ്രദമായി. എം എസ് ഡി പി പദ്ധതിയിലൂടെ 55 കോടി രൂപ ജില്ലയിലെത്തിക്കാന്‍ സാധിച്ചതും ഇതിന്റെ ഫലമാണ്. ഇന്ത്യയില്‍ അലോട്ട് ചെയ്ത പണം മുഴുവനും ചിലവാക്കിയ ഏകജില്ലയും വയനാടായിരുന്നു. ആകെ 1000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വയനാട്ടില്‍ നടപ്പിലാക്കിയത്. വയനാടിന്റെ മര്‍മ്മപ്രധാനപ്രശ്‌നങ്ങളില്‍ ചിലത് ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. രാത്രിയാത്രാ നിരോധനമാണ് അതില്‍ പ്രധാനപ്പെട്ടത്.
2009ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് രാത്രിയാത്രാ നിരോധനം നിലവില്‍ വന്നത്. എന്നാല്‍ നിരോധനം നീക്കുന്നതിന് വേണ്ടി അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതി കേരളത്തിനെതിരായി വിധിക്കുകയും ചെയ്തു. സുപ്രീംകോടതിയില്‍ നിലവില്‍ കേസ് നിലച്ചിരിക്കുകയാണെങ്കിലും അവധി കഴിഞ്ഞാല്‍ വീണ്ടുമെടുക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. കേസ് നടത്തുന്നതിന് ഗോപാല്‍സുബ്രഹ്മണ്യത്തെ പോലെ പ്രമുഖനായ വക്കീലിനെയാണ് നിയോഗിച്ചിരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ കോടതില്‍ കേരളത്തിന് അനുകൂലമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഞ്ചന്‍ഗോഡ് റെയില്‍പാതക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. നിശ്ചലമായി കിടന്നിരുന്ന ഈ പദ്ധതിക്കായി എ രാജ, ദ്രുവ് നാരായണന്‍ എന്നീ എം പിമാരുമായി ചേര്‍ന്ന് റെയില്‍വെ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ കാണുകയും റെയില്‍പാതക്കായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിട്ടുണ്ട്. വോട്ട് ഓണ്‍ അക്കൗണ്ടായതിനാലാണ് ഇത്തവണ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ സാധിക്കാതിരുന്നത്. അടുത്ത ബജറ്റില്‍ ഈ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശ്രീചിത്ര മെഡിക്കല്‍ സയന്‍സിന്റെ കേന്ദ്ര വയനാട്ടില്‍ കൊണ്ടുവരാന്‍ കടമ്പകളേറെയുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ന്യൂഡല്‍ഹി, കേന്ദ്ര-കേരള ആരോഗ്യ വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ-ഗവേഷണ കേന്ദ്രം വയനാട്ടില്‍ 75 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്നതിന് അന്തിമ അംഗികാരം ലഭിച്ചുകഴിഞ്ഞു. സ്ഥലമെറ്റേടുക്കാനുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് തറക്കല്ലിടല്‍ ചടങ്ങ് നടത്താന്‍ സാധിക്കാത്തത്. പുതിയ സ്ഥലത്തിന്റെ രേഖകളുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.
അത് പൂര്‍ത്തിയായാല്‍ ശ്രീചിത്രയും യാഥാര്‍ത്ഥ്യമാവും. ജില്ലയിലെ ജനപ്രതിനിധികളുമായി ചേര്‍ന്ന് സംസ്ഥാനസര്‍ക്കാരുമായി നിരന്തരമായി ചര്‍ച്ച നടത്തിയതിന്റെ ഫലമാണ് വയനാട് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനുള്ള തീരുമാനമുണ്ടായത്. 950 കോടി രൂപയുടെ ബൃഹത് പദ്ധതിക്കായി കല്‍പ്പറ്റയില്‍ സ്ഥലവും ലഭിച്ചുകഴിഞ്ഞു. സ്ഥലവുമായി ബന്ധപ്പെട്ട തുടര്‍പ്രവൃത്തികള്‍ പൂര്‍ത്തിയായാലുടന്‍ തന്നെ മെഡിക്കല്‍ കോളജിന് തറക്കല്ലിടാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എം പി എന്ന നിലയില്‍ ഐക്യം രൂപീകരിക്കാന്‍ സാധിച്ചു. ഗാഡ്കില്‍ റിപ്പോര്‍ട്ട് പ്രകാരം 633 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കിയിരുന്നു. ഇതിന്റെ അപാകം തിരിച്ചറിഞ്ഞാണ് കസ്തൂരിരംഗനെ നിയമിച്ചത്.
ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 123 വില്ലേജുകളായി കുറഞ്ഞു. പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകരെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ച് അന്വേഷണം നടത്തിയത്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചത് വിജയമായി കാണുന്നു. പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവയെ ഒഴിവാക്കുക തുടങ്ങിയ ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തത്വത്തില്‍ അംഗീകാരം ലഭിച്ചുകഴിഞ്ഞു. എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയവുമായി ബന്ധപ്പെട്ട് വയനാട് പാക്കേജ് സംബന്ധിച്ച ആലോചനകള്‍ നടത്തിയതായിരുന്നു. എന്നാല്‍ ഇടുക്കി, കുട്ടനാട് പാക്കേജുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വയനാട് പാക്കേജെന്ന സ്വപ്‌നം മുടങ്ങി. വീണ്ടുമൊരിക്കല്‍ കൂടി എം പിയായാല്‍ പാക്കേജിനുള്ള ശ്രമം തുടരും.