Connect with us

Gulf

മുംബൈയില്‍ അറസ്റ്റിലായ ഒമാനിയുടെ മോചനം വൈകുന്നു

Published

|

Last Updated

മസ്‌കത്ത്: ബേഗില്‍ നിന്നും തോക്കിന്റെ തിരകള്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന് മുംബൈ പോലീസിന്റെ പിടിയിലായ ഒമാനി പൗരന്റെ മോചനം സാധ്യമായില്ല. തടവിലായിരുന്ന പൗരന് ജാമ്യം ലഭിച്ചുവെങ്കിലും കേസ് അവസാനിപ്പിച്ച് പാസ്‌പോര്‍ട്ട് വിട്ടു കിട്ടാത്തതാണ് മടങ്ങി വരവ് വൈകുന്നത്. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചെങ്കിലും പോലീസില്‍നിന്നും മതിയായ രേഖകള്‍ ലഭിക്കാത്ത കാരണത്താല്‍ അടുത്ത മാസത്തേക്കു നീട്ടി വെക്കുകയായിരുന്നു.
കേസ് വിധിയാകുന്നതിന് അഭിഭാഷക സ്ഥാപനത്തെ ചുമതലപ്പെടുത്തി തയാറെടുത്തിരുന്നുവെങ്കിലും ലോക്കല്‍ പോലീസ് സമര്‍പ്പിക്കേണ്ട രേഖകള്‍ വൈകിയതിനാല്‍ കോടതി കേസ് നീട്ടി വെക്കുകയായിരുന്നുവെന്ന് മുംബൈയിലെ ഒമാന്‍ കോണ്‍സുലേറ്റിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സ്വദേശിയുടെ മോചനം സാധ്യമാക്കിത്തരാമെന്നു വാഗ്ദാനം ചെയ്ത് വിവിധ ഇന്ത്യന്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും കൈക്കൂലി ആവശ്യപ്പെട്ടതായി വാര്‍ത്തകളില്‍ പറയുന്നു. നിരവധി പേരാണത്രെ ഈ വിഷയത്തില്‍ ഇടപെട്ട് സാമ്പത്തിക ചൂഷണം നടത്താന്‍ ശ്രമിക്കുന്നത്.
ചികിത്സാ ആവശ്യാര്‍ഥം ഇന്ത്യയിലെത്തിയ സ്വദേശിയുടെ ബേഗില്‍നിന്നുമാണ് തോക്കിന്റെ തിരകള്‍ കണ്ടെടുത്തത്. ഇന്ത്യയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ബേഗില്‍ നിന്നും എടുത്തു വെക്കാന്‍ മറന്നതായിരുന്നുവത്രെ. ഇത് എയര്‍പോര്‍ട്ടിലെ പരിശോധയില്‍ കണ്ടെത്തുകയും അറസ്റ്റിലാവുകയുമായിരുന്നു. ഇബ്രാഹിം ബിന്‍ മുഹമ്മദ് ബിന്‍ ഹാരിബ് അല്‍ ഹദ്‌റമി എന്ന സ്വദേശി യുവാവാണ് മുംബൈയില്‍ നിയമ നടപടി നേരിടുന്നത്. കേസില്‍ പെട്ടതോടെ പോലീസ് പാസ്‌പോര്‍ട്ട് തടഞ്ഞു വെക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി അടുത്ത മാസം നാലിലേക്കാണ് കേസ് നീട്ടി വെച്ചിരിക്കുന്നതെന്ന് ഒമാന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഒമാന്‍ വിദേശ കാര്യ മന്ത്രാലയം പൗരന്റെ മോചനത്തിനായി ഇടപെടുന്നുണ്ട്. ഒമാനില്‍ തോക്കുപയോഗിക്കാന്‍ ലൈസന്‍സുള്ള പൗരന്‍ തിരകള്‍ എടുത്തുവെക്കാന്‍ മറന്നതാണെന്ന വിശദീകരണം ഒമാന്‍ അധികൃതര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
മോചനത്തിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും അഭിഭാഷകര്‍ക്കും നീതിന്യായ വകുപ്പിലും സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും വിദേശ കാര്യമന്ത്രലായം അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ പരിശോധനക്കും ചികിത്സക്കും അവിടെ സൗകര്യമൊരുക്കിയിട്ടുമുണ്ട്.