വയനാട് ഇടതിനൊപ്പം നില്‍ക്കുമെന്ന് സത്യന്‍ മൊകേരി

Posted on: March 18, 2014 9:10 am | Last updated: March 18, 2014 at 9:10 am
SHARE

കല്‍പ്പറ്റ: വയനാടിന്റെ മാറിയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ വയനാട് ഇത്തവണ ഇടതിനൊപ്പം നില്‍ക്കുമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി സത്യന്‍ മൊകേരി.
ശ്രീചിത്തിര മെഡിക്കല്‍ സെന്ററും വയനാട് റെയില്‍വേയും രാത്രിയാത്രാ നിരോധനവും പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനവും വിലക്കയറ്റവും കര്‍ഷക ആത്മഹത്യകളും വയനാട് നേരിടുന്ന പ്രശ്‌നങ്ങളാണ്. കല്പറ്റ പ്രസ് ക്ലബ്് സംഘടിപ്പിച്ച മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിന് ഒരു പാക്കേജ് പ്രഖ്യാപിക്കുന്നതിനോ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനോ ഇതുവരെ സാധിച്ചിട്ടില്ല. കര്‍ഷകരെ പരിസ്ഥിതി വിരോധികളായി ചിത്രീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഇറക്കിയ കരട് വിജ്ഞാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.
എം ഐ. ഷാനവാസിനെതിരായ പൊതു വികാരം എല്‍ഡിഎഫിന് അനുകൂലമാകുമെന്നും പുതിയ വോട്ടര്‍മാര്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുകയെന്നും സത്യന്‍ മൊകേരി പ്രതീക്ഷ പ്രകടിപ്പിച്ചു. വയനാടിനോട് ചേര്‍ന്നുകിടക്കുന്ന കോഴിക്കോട് ജില്ലയിലെ അതിര്‍ത്തി മണ്ഡലമായ നാദാപുരത്തിന്റെ പ്രതിനിധിയായി 15 വര്‍ഷം നിയമസഭയില്‍ അംഗമായിരുന്ന സത്യന്‍ മൊകേരി മികച്ച പാര്‍ലിമെന്റേറിയനുള്ള കെ. ശങ്കരനാരായണന്‍ തമ്പി അവാര്‍ഡ് നേടിയിട്ടുണ്ട്. കിസാന്‍സഭ അഖിലേന്ത്യാ നേതാവായും വളരെക്കാലം പ്രവര്‍ത്തിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കുന്നതിന് തനിക്ക് കഴിയുമെന്നും പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.