Connect with us

International

ക്രിമിയ ഹിതപരിശോധനാ ഫലം അംഗീകരിക്കില്ലെന്ന് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നതു സംബന്ധിച്ച് ക്രിമിയയില്‍ നടത്തിയ ഹിതപരിശോധനയുടെ ഫലം അംഗീകരിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. ക്രിമിയയില്‍ നടന്ന ഹിതപരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. വോട്ടെണ്ണല്‍ പകുതി പൂര്‍ത്തിയായപ്പോള്‍ 95.5 ശതമാനം വോട്ടര്‍മാരും ക്രിമിയ റഷ്യയുടെ ഭാഗമാകുന്നതിനെ പിന്തുണച്ചിരുന്നു.

ക്രിമിയയിലെ റഷ്യന്‍ ഇടപെടല്‍ യുക്രെയിനിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ്. യൂറോപ്യന്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് റഷ്യക്കെതിരേ ഉപരോധനടപടികളുമായി നീങ്ങുമെന്നും ഒബാമ അറിയിച്ചു. അതേസമയം, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ക്രിമിയയില്‍ ഹിതപരിശോധന നടത്തിയതെന്ന് പുടിന്‍ പ്രതികരിച്ചു.

യുക്രെയിനില്‍നിന്നു വേര്‍പിരിഞ്ഞ് റഷ്യന്‍ ഫെഡറേഷനില്‍ ചേരണമോ അതോ കൂടുതല്‍ സ്വയംഭരണത്തോടെ യുക്രെയിനില്‍ തുടരണമോ എന്നതു സംബന്ധിച്ചായിരുന്നു ഹിതപരിശോധന. റഷ്യയില്‍ ചേരുന്നതിന് അനുകൂലമായിരിക്കും വോട്ടെടുപ്പുഫലം എന്നാണു സൂചന. റഷ്യന്‍ സൈനികരുടെ കാവലില്‍ നടന്ന വോട്ടെടുപ്പ് അംഗീകരിക്കില്ലെന്ന് യുക്രെയിനും പാശ്ചാത്യരാജ്യങ്ങളും മുന്നറിയിപ്പു നല്‍കിയിരുന്നു.

Latest