മാറ്റത്തിന്റെ മാറ്റൊലികള്‍ക്ക് കരുത്ത് പകര്‍ന്ന് എല്‍ ഡി എഫ് ജില്ലാ കണ്‍വെന്‍ഷന്‍

Posted on: March 17, 2014 8:34 am | Last updated: March 17, 2014 at 8:34 am
SHARE

മലപ്പുറം: മുസ്‌ലിംലീഗ് തേര്‍വാഴ്ച്ചക്കും കുത്തക ആധിപത്യത്തിനും വിരാമിട്ട് മാറ്റത്തിന്റെ മാറ്റൊലികള്‍ക്കായി കാതോര്‍ക്കുന്ന മലപ്പുറത്തിന് കരുത്തു പകര്‍ന്ന് എല്‍ ഡി എഫ് പാര്‍ലെമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍. സാമ്രാജിത്വവും പണാധിപത്യവും തുലയട്ടെയെന്ന് പ്രഖ്യാപിച്ചായിരുന്നു കണ്‍വെന്‍ഷന്‍ ആരംഭിച്ചത്.
പത്ത് വര്‍ഷത്തെ യു പി എ സര്‍ക്കാറിന്റെ ഭരണം രാജ്യത്തിന്റെ കറുത്ത അധ്യയമാണെന്ന് സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ ഇ ഇസ്മയില്‍ പറഞ്ഞു. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോചനത്തിനായി ദാഹിക്കുന്ന ഇന്ത്യന്‍ ജനതക്ക് ലഭിച്ച അവസരത്തെ തടുക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ഏതു കുപ്പായമിട്ടിട്ടും കാര്യമില്ല. ഒന്നാം യു പി എ സര്‍ക്കാറിന്റെ ഭരണം ജനങ്ങളില്‍ കാര്യമായി നാശവിതക്കാത്തതിന് കാരണം ഇടുതുപാര്‍ട്ടികളുടെ പിന്തുണയായിരുന്നു. എന്നാല്‍ തട്ടിക്കൂട്ടി രണ്ടാം തവണ അധികാരത്തിലെത്തിയ യു പി എ ഭരണം അഴിമതിയുടേയും സമ്പത്തിക തട്ടിപ്പുകളുടേയും കേന്ദ്രമായിമാറുകയാണുണ്ടായത്.
പ്രധാനമന്ത്രിയും സഹമന്ത്രിമാരും നടത്തിയ അഴിമതികള്‍ ഓരോന്നായി പുറത്തു വന്നതോടെ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് ജനത്തിനെ മുഖകാണിക്കാന്‍ പോലും കഴിയാത്ത സ്ഥിതി ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.