Connect with us

Gulf

വെള്ളം കോരും, വിറകു വെട്ടും...

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ. നാട്ടില്‍ കക്ഷി രാഷ്ട്രീയം പയറ്റിയ ശേഷം ഗള്‍ഫിലേക്ക് കുടിയേറിയവരില്‍ പലര്‍ക്കും ഉറക്കം വരുന്നില്ല. കൊടിപിടിച്ചു നടന്നതിന്റെയും ചുവരെഴുതിയതിന്റെയും വീടുകള്‍ കയറി “സ്ലിപ്പ്” കൊടുത്തതിന്റെയും വോട്ടെണ്ണി കഴിയുമ്പോള്‍, ആരവം മുഴക്കുകയോ കണ്ണീര്‍ വാര്‍ക്കുകയോ ചെയ്തതിന്റെയും ഓര്‍മകള്‍ തിണര്‍ത്തു വരുകയാണ്. കരയിലിട്ട മത്സ്യത്തെപ്പോലെ ശ്വാസം കിട്ടാതെ പിടയുന്നവരുമുണ്ട്. അത്രമാത്രം വൈകാരികത, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പകരാന്‍ കഴിയും.
നാട്ടില്‍ പോകാന്‍ നിവര്‍ത്തിയില്ലാത്തവര്‍, ചൊരുക്കു തീര്‍ക്കാന്‍ പുതുവഴി കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളെ വിശേഷിച്ച് “”മുഖപുസ്തകത്തെ”” (ഫേസ്ബുക്ക്) കുമ്മായം തേച്ച ചുവരായും അതിലെ ചാറ്റ് ബോക്‌സിനെ “”സ്ലിപ്പ്”” കൊടുക്കാനുള്ള വാതിലായും കണക്കാക്കുന്നു. അന്യന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നു. മുഖപുസ്തകത്തിന്റെ മതില്‍ നിറയെ ചിഹ്‌നങ്ങളും സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും. കൂട്ടത്തില്‍ അപഖ്യാതികള്‍ കത്തിച്ചു വിടുന്ന വിരുതരുമുണ്ട്.
ഗള്‍ഫില്‍ മിക്ക രാജ്യങ്ങളും സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ലേബര്‍ ക്യാമ്പുകള്‍, കുടുംബങ്ങള്‍ താമസിക്കുന്ന കോളനികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങള്‍ നടക്കില്ല. നാട്ടുകാരെ സംഘടിപ്പിച്ച് കുടുംബാംഗങ്ങള്‍ക്ക് സന്ദേശം അയക്കാന്‍ അഭ്യര്‍ഥന നടത്തുകയോ സമ്മര്‍ദം ചെലുത്തുകയോ ആകാം. കാസര്‍കോട്, കണ്ണൂര്‍, തിരുവന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ ഗള്‍ഫിലുണ്ട്. മിക്കവരും രാഷ്ട്രീയ പക്ഷപാതമുള്ളവരാണ്. റേഡിയോ ചര്‍ച്ചകള്‍ കോട്ടാലറിയാം ഇവരുടെ ആവേശം. പ്രത്യയ ശാസ്ത്ര പ്രതിബദ്ധതയ്ക്കുപരി, മനസിന്റെ ചോറിച്ചില്‍ മാറ്റാനുള്ള ഉപാധിയാണ് ചര്‍ച്ചാ വേദി എന്ന യാഥാര്‍ഥ്യവുമുണ്ട്. റേഡിയോ സുഹൃത്തുക്കളാണെങ്കില്‍, ഒരു മുഴം മുമ്പേ എറിയുകയും ചെയ്യും. മണ്ഡലം തിരിച്ച് ഗള്‍ഫില്‍ വോട്ടെടുപ്പ് നടത്തി ഗള്‍ഫുകാര്‍ക്കിടയിലെ വിജയികളെ കണ്ടെത്തുക വരെ ചെയ്യുന്നു.
അതേ സമയം രാഷ്ട്രീയ കക്ഷികള്‍ ഗള്‍ഫ് ഇന്ത്യക്കാരെ കറവപ്പശുവായാണ് കാണുന്നത്. സാംസ്‌കാരിക സംഘടനകള്‍ വഴി അവര്‍ ഗള്‍ഫിലും സാന്നിധ്യമുറപ്പിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവുമില്ല.
ഇക്കഴിഞ്ഞ പ്രവാസി ഭാരതീയ സമ്മാന്‍ യു എ ഇ ഒ ഐ സി സി പ്രസിഡന്റ് ആയിരുന്ന എം ജി പുഷ്പാകരനോ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വൈ ഐ റഹീമിനോ നല്‍കണമെന്ന് മുറവിളി ഉയര്‍ന്നതാണ്. എം ജി പുഷ്പാകരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിപുരുഷന്‍ എന്നാണ് അറിയപ്പെടുന്നത്. കേന്ദ്രപ്രവാസി കാര്യമന്ത്രി വയലാര്‍ രവി യു എ ഇ യില്‍ എത്തുമ്പോള്‍ പുഷ്പാകരന്‍ സന്തത സഹചാരിയുമാണ്. സാമൂഹിക പ്രതിബദ്ധതയ്ക്ക് ദുബൈ പോലീസിന്റെ അംഗീകാരം വാങ്ങിയിട്ടുണ്ട്. യു പി എ സര്‍ക്കാറിന്റെ അവസാനത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ആയിരുന്നിട്ടും പുഷ്പാകരനെ പുഷ്പം പോലെ തഴഞ്ഞു. പ്രവാസി ഭാരതീയ സമ്മാന്‍ കിട്ടിയവര്‍ അയോഗ്യരാണന്നല്ല. അക്കൂട്ടത്തില്‍ പുഷ്പാകരനെ ഉള്‍പ്പെടുത്താമായിരുന്നു. ഇനി വരുന്ന ഭരണകൂടത്തില്‍ നിന്ന് പുഷ്പാകരന് എന്തെങ്കിലും ആദരവ് ലഭിക്കുമെന്ന് ഉറപ്പില്ല.
ഗള്‍ഫില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തി ഇന്ത്യന്‍ സമൂഹത്തിന്റെ അംഗീകാരം പിടിച്ചു പറ്റിയ പലര്‍ക്കും നാട്ടിലെത്തിയാല്‍ ബ്രാഞ്ച് കമ്മിറ്റിയിലാണ് ഇടം കിട്ടുക. യു എ ഇയില്‍ ഇടതുപക്ഷ സംഘടനകളുടെ നേതൃ നിരയിലുണ്ടായിരുന്ന എ കെ മൂസ മാസറ്റര്‍ (അബുദാബി) കണ്ണൂരിലെ ജനാര്‍ദനന്‍(ദുബൈ) തുടങ്ങിയവര്‍ക്ക് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പോലും “ഇരിപ്പിടം” ലഭിച്ചില്ല. “ഓ ഒരു ഗള്‍ഫുകാരന്‍ വന്നിരിക്കുന്നു” എന്നതായിരുന്നു സഖാക്കളുടെ മനോഭാവം. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ “”ഇരിപ്പിടം”” യു എ ഇ കെ എം സി സി അധ്യക്ഷന്‍ ഡോ പുത്തൂര്‍ റഹ്മാന് നല്‍കണമെന്ന് അനുയായികള്‍ സമ്മര്‍ദം ചെലുത്തി. പതിറ്റാണ്ടുകളായി കെ എം സി സി യുടെ നേതൃനിരയിലുള്ള ആളാണ്. പാര്‍ലമെന്റിലേക്ക് പോലും മത്സരിക്കാന്‍ യോഗ്യനാണ്. പക്ഷേ, പാണക്കാട് കൊടപ്പനക്കുന്നില്‍ സ്ഥാനാര്‍തിമോഹികളുടെ തള്ളിക്കയറ്റത്തില്‍ കടലിനിപ്പുറമുള്ള പുത്തൂരിന്റെ ശീട്ടുകീറിപ്പോയി. സഊദിയിലെ കെ എം സി സി നേതാവ് മുഹമ്മദ് കുട്ടിക്കും ഇതേ അനുഭവം
ഇത്തവണ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്താനാര്‍ഥിയാകേണ്ടത്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി ബാലകൃഷ്ണന്‍ തച്ചങ്ങാടാണെന്ന് ഒ ഐ സി സി പ്രവര്‍ത്തകര്‍ എ ഐ സി സി ക്ക് നിവേദനം അയച്ചു. അത് ചെന്നു വീണത് ചവറ്റുകൊട്ടയില്‍.
അതേസമയം, കുറേകാലം ഗള്‍ഫ് ജീവിതം നയിച്ച്, നാട്ടില്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചവര്‍ നിയമ സഭയ്ക്ക് അലങ്കാരമായി മാറിയിട്ടുണ്ട്. എം എല്‍ എ മാരായ കെ വി അബ്ദുല്‍ ഖാദര്‍, അബ്ദു റഹ്മാന്‍ രണ്ടത്താണി, എന്‍ എ നെല്ലിക്കുന്ന്, തോമസ് ചാണ്ടി തുടങ്ങി നിരവധി ഉദാഹരണങ്ങള്‍. കെ വി അബ്ദുല്‍ ഖാദര്‍ അല്‍ ഐനില്‍ ഒരു കമ്പനി ജീവനക്കാരനായിരുന്നു. രണ്ടത്താണി അബുദാബി കെ എം സി സി സെക്രട്ടറിയായിരുന്നു. എന്‍ എ നെല്ലിക്കുന്ന് ദുബൈയില്‍ ചെറുകിട കച്ചവടം നടത്തിയ ആളാണ്.
കേരളീയ കുടുംബങ്ങളിലെ 30 ശതമാനത്തോളം ജീവിതം പുലര്‍ത്താന്‍ ഗള്‍ഫ് പണത്തെയാണ് ആശ്രിയിക്കുന്നത്. അവരുടെ പ്രശ്‌നങ്ങളില്‍ ഇവര്‍ സജീവമായി ഇടപെടുന്നു. കുറേകാലത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്ന് ലഭിച്ച അനുഭവജ്ഞാനം ഇവര്‍ക്ക് മുതല്‍കൂട്ടാകുന്നു.
ഗുരുവായൂരില്‍ നിന്ന് രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട പിടി കുഞ്ഞു മുഹമ്മദ് ദിവസവും ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങള്‍ നിയമ സഭയില്‍ ഉന്നയിക്കാറുണ്ടായിരുന്നുവത്രെ. ഗള്‍ഫിലെ ഏത് “”മണ്ഡല””ത്തെയാണ് പ്രിതിനിധീകരിക്കുന്നതെന്ന് സരസനായ സ്പീക്കര്‍ ചോദിക്കുകയും ചെയ്തു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി എം കെ ചിഹ്‌നത്തില്‍ മത്സരിച്ച മുസ്‌ലിം ലീഗിലെ എം അബ്ദുറഹ്മാന്‍ ദീര്‍ഘകാലം പ്രവാസിയായിരുന്നു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴിലെ ഐ സി ഡബ്ല്യൂസി അംഗമായിരുന്നു. കഴിഞ്ഞ തവണ 1.10ലക്ഷം വോട്ടിനാണ് വിജയിച്ചത്.
ഇത്തവണ ലീഗ് ചിഹ്‌നമായ കോണി അടയാളത്തില്‍ മത്സരിക്കുമെന്നു കേള്‍ക്കുന്നു. ലോക്‌സഭാംഗം എന്ന നിലയില്‍ അദ്ദേഹത്തിന് മികച്ച് പ്രതിച്ഛായയുണ്ട്. ഇത്തവണയും ജയിക്കാനാണ് സാധ്യത.
ഇതിനിടയില്‍ യു എ ഇയില്‍ ഇപ്പോഴും വാണിജ്യ സ്ഥാപനങ്ങളുള്ള, തികഞ്ഞ ഗള്‍ഫ് മലയാളിയായ പി വി അബ്ദുല്‍ വഹാബിനെ മുസ്‌ലിം ലീഗുകാര്‍ കൈ വിട്ടത് ശരിയായില്ല. രാജ്യസഭാംഗം എന്ന നിലയില്‍ കഴിവു തെളിയിച്ച വ്യക്തിയാണ്. നിരുത്തരവാദപരമായി പെരുമാറിയ പൈലറ്റിന്റെ മുഖത്തു നോക്കി “യു ആര്‍ ഒണ്‍ലി എ ഗ്ലോറിഫൈഡ് ഡ്രൈവര്‍” (താന്‍ ഒരു സ്വയം ഭൂഷിത ഡ്രൈവര്‍ മാത്രം) എന്ന് പറയാന്‍ തന്റേടം കാണിച്ച വഹാബ് ലോക്‌സഭാ ഇരിപ്പിടം അര്‍ഹിക്കുന്നുണ്ട്. പക്ഷേ, കടല്‍ കിഴവന്‍മാരുടെ കാലത്ത് യോഗ്യതയുള്ള പലരും തഴയപ്പെടുന്നു. സ്ഥാനം അര്‍ഥിക്കുന്നവന്‍ ഗള്‍ഫ് മലയാളിയാണെങ്കില്‍ പറയുകയേ വേണ്ട. എന്നാലും ഗള്‍ഫ് മലയാളികള്‍ വിറകു വെട്ടും. വെള്ളം കോരും…..

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest