റോജര്‍ ഫെഡറര്‍ സെമിഫൈനലില്‍

Posted on: March 15, 2014 9:00 am | Last updated: March 15, 2014 at 9:16 am
SHARE

roger federerഇന്ത്യന്‍വെല്‍സ്: ഇന്ത്യന്‍ വെല്‍സ് എ ടി പി മാസ്റ്റേഴ്‌സില്‍ റോജര്‍ ഫെഡറര്‍ സെമിഫൈനലില്‍ പ്രവേശിച്ചു. 7-5, 6-1ന് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സിനെ തോല്‍പ്പിച്ചാണ് ഫെഡററുടെ മുന്നേറ്റം. ഉക്രൈന്‍ താരം അലക്‌സാണ്ടര്‍ ഡൊല്‍ഗൊപൊലോവാണ് സെമി എതിരാളി.
പതിനേഴ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി ലോക റെക്കോര്‍ഡിട്ട ഫെഡറര്‍ കഴിഞ്ഞ ഒമ്പത് മാസമായി ഒരു കിരീടവിജയത്തിനായി ദാഹിക്കുകയാണ്. ഫോം മങ്ങിയതും പരിക്കും ഫെഡററുടെ സ്വാഭാവിക മികവിനെ ബാധിച്ചിരുന്നു. എന്നാല്‍, നാല് തവണ ഇന്ത്യന്‍ വെല്‍സില്‍ ചാമ്പ്യനായ ഫെഡറര്‍ ശക്തമായൊരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.
ആസ്‌ത്രേലിയന്‍ ഓപണില്‍ റാഫേല്‍ നദാലിന് മുന്നില്‍ നിഷ്പ്രഭനായ ഫെഡറര്‍ ഫ്രഞ്ച് ഓപണിന് മുന്നോടിയായി മികച്ച ഫോം കണ്ടെത്തുകയാണ്. നദാലിനെ തോല്‍പ്പിച്ച് ആസ്‌ത്രേലിയന്‍ ഓപണ്‍ ഉയര്‍ത്തിയ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ തോല്‍പ്പിച്ച കെവിന്‍ ആന്‍ഡേഴ്‌സനാണ് ഫെഡററുടെ മുന്നില്‍ തോല്‍വി സമ്മതിച്ചത്. ഫെഡ്എക്‌സ്പ്രസ് തിരിച്ചുവരുന്നുവെന്നതിന്റെ സൂചനയാണിത്.