Connect with us

International

ഉക്രൈന്‍: കെറിയും ലാവ്‌റോവും നിര്‍ണായക കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ലണ്ടനിലെത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും

ലണ്ടന്‍: ഉക്രൈനിലെ റഷ്യന്‍ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ വിവാദം കത്തിനില്‍ക്കെ റഷ്യയുടെയും അമേരിക്കയുടെയും വിദേശകാര്യ മേധാവികള്‍ തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ആരംഭിച്ചു. ക്രിമിയയിലെ സൈനിക ഇടപെടലിനെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസാനത്തെ അവസരമായിട്ടാണ് ഈ ചര്‍ച്ചയെ കാണുന്നത്. ബ്രിട്ടന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചക്കായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ലണ്ടനിലെത്തി.
ഉക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം ഇത് മൂന്നാം തവണയാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. പതിവുപോലെ ഈ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ ഉക്രൈന്‍ വിഷയം കൂടുതല്‍ പ്രതിസന്ധിയിലേക്കെത്തുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ലണ്ടനിലെ യു എസ് അംബാസഡറുടെ ഔദ്യോഗിക വസതിയില്‍വെച്ചാണ് ചര്‍ച്ച നടക്കുന്നത്.
ഉക്രൈനില്‍ നിന്ന് വേര്‍പിരിഞ്ഞ് റഷ്യന്‍ ഫെഡറേഷനില്‍ അംഗമാകാനുള്ള ക്രിമിയന്‍ സര്‍ക്കാറിന്റെ തീരുമാനത്തിലുള്ള ഹിതപരിശോധന ഞായറാഴ്ച നടക്കാനിരിക്കെയാണ് കെറിയും ലാവ്‌റോവും തമ്മിലുള്ള ചര്‍ച്ചയെന്നത് ഏറെ ശ്രദ്ധേയമാണ്. റഷ്യന്‍ ഫെഡറേഷനില്‍ അംഗമാകാന്‍ ക്രിമിയയെ അനുവദിക്കരുതെന്ന ആവശ്യം അമേരിക്ക ആവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു. എന്നാല്‍, ഉക്രൈനിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ ഏറ്റവും ഉചിതമായ വഴിയായാണ് ക്രിമിയയുടെ റഷ്യന്‍ പ്രവേശനത്തെ ലാവ്‌റോവ് കാണുന്നത്. ഉക്രൈന്‍ വിഷയത്തില്‍ ഒരുപാട് തീരുമാനങ്ങള്‍ റഷ്യയുടെ ഭാഗത്ത് നിന്നും ക്രിമിയന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും പ്രശ്‌നപരിഹാരത്തിനും സമാധാന ചര്‍ച്ചക്കുമുള്ള ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടതായും ലാവ്‌റോവ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രൈന്‍ വിഷയത്തിലെ റഷ്യന്‍ ഇടപെടലിനെ രൂക്ഷമായാണ് അമേരിക്കയും യൂറോപ്യന്‍ യൂനിയനും വിമര്‍ശിച്ചത്. ഉക്രൈനിന്റെ ഭാഗമായ ക്രിമിയ, റഷ്യന്‍ ഫെഡറേഷനില്‍ അംഗമായാല്‍ റഷ്യക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുമെന്ന് യു എസ്, ഇ യു വക്താക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള മുന്നറിയിപ്പുകളും ഭീഷണികളും മുഖവിലക്കെടുക്കുന്നില്ലെന്ന് റഷ്യയും പ്രതികരിച്ചിരുന്നു.
റഷ്യയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ചുണ്ടായ പ്രതിപക്ഷ കലാപത്തത്തുടര്‍ന്ന് ഉക്രൈന്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് അധികാരം നഷ്ടമായതോടെയാണ് റഷ്യന്‍ അനുഭാവികളായ ക്രിമിയന്‍ സര്‍ക്കാര്‍ ഉക്രൈനില്‍ നിന്ന് സ്വതന്ത്രമാകാന്‍ തീരുമാനിച്ചത്. ഇതിനെ റഷ്യ പൂര്‍ണമായി പിന്തുണക്കുകയും ഉക്രൈന്‍ സൈന്യത്തില്‍ നിന്ന് ക്രിമിയന്‍ ജനങ്ങളെ സംരക്ഷിക്കാന്‍ സൈനിക ഇടപെടല്‍ നടത്തുകയും ചെയ്തതോടെ റഷ്യക്കെതിരെ പാശ്ചാത്യ ശക്തികള്‍ രംഗത്തെത്തുകയായിരുന്നു.