നിഷേധ വോട്ട് ചെയ്യുമെന്ന് ഹൗസിംഗ് ബോര്‍ഡ് ലോണീസ് അസോസിയേഷന്‍

Posted on: March 14, 2014 8:12 am | Last updated: March 14, 2014 at 8:12 am
SHARE

കല്‍പ്പറ്റ: വിവിധ സ്‌കീമുകളില്‍ ഹൗസിംഗ് ബോര്‍ഡില്‍ നിന്ന് നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസ നടപടികളെടുക്കാത്തതില്‍ പ്രതിഷേധിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് രേഖപ്പെടുത്തുമെന്ന് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് ലോണീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
876 കുടുംബങ്ങളാണ് ഹൗസിംഗ് ബോര്‍ഡില്‍ നിന്ന് വായ്പ തിരിച്ചടക്കാനുള്ളത്. ഇവരും ഇവരുമായി ബന്ധപ്പെട്ടവരും നിഷേധ വോട്ട് രേഖപ്പെടുത്തുമെന്ന് ഇവര്‍ പറഞ്ഞു.
വായ്പയെടുത്തതിന്റെ നാലിരട്ടിവരെ തുകയാണ് തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയപ്പോള്‍ വായ്പാ തുകയുടെ ഇരട്ടിയും 2011 മുതലുള്ള പലിശയും നല്‍കാമെങ്കില്‍ ലോണ്‍ തീര്‍പ്പാക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല. 2014 ജൂണ്‍ 30 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവിലുണ്ട്. എന്നാല്‍ മുതലും പലിശയും പിഴപ്പലിശയും മുടക്കപ്പലിശയുടെ 30 ശതമാനവും തിരിച്ചടയ്ക്കണമെന്നാണ് ഒറ്റത്തവണ തീര്‍പ്പാക്കലിലെ വ്യവസ്ഥ. വയനാട്ടിലെ കാര്‍ഷിക തകര്‍ച്ചയും മറ്റും മൂലം വായ്പാ തുക തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ഇത്രയേറെ തുക അടച്ച് വായ്പ തീര്‍പ്പാക്കാനാവില്ല.
1990 മുതല്‍ എല്‍ഐജി, എംഐജി, എച്ച്‌ഐജി സ്‌കീമുകളിലായി ആയിരത്തോളം പേരാണ് വീട് നിര്‍മിക്കാന്‍ വായ്പയെടുത്തത്.
അസോസിയേഷന്‍ രൂപീകരിച്ച് സമരം നടത്തിയതിനെ തുടര്‍ന്ന് 2011ല്‍ വയനാട് സ്‌പെഷല്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കും മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും പാക്കേജിന് പകരം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൊണ്ടുവരികയുമായിരുന്നു. 2012ലും 2013ലും കളക്ടറേറ്റ് പടിക്കല്‍ സമരം നടത്തി. കഴിഞ്ഞ നവംബറില്‍ വയനാട്ടിലെ ഹൗസിംഗ് ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണയെ ുതടര്‍ന്ന് ഡിസിസി പ്രസിഡന്റ് ഇടപെട്ടാണ് വായ്പയുടെ ഇരട്ടി തുക അടയ്ക്കാമെന്ന നിലപാടെടുത്തത്. ഭവനശ്രീ, കുടുംബശ്രീ പദ്ധതികളില്‍ അനുവദിച്ച ഭവനവായ്പകള്‍ക്ക് ആശ്വാസം നല്‍കിയപ്പോള്‍ ഹൗസിംഗ് ബോര്‍ഡ് വായ്പയെടുത്തവര്‍ക്ക് നല്‍കിയ വാഗ്ദാനം പോലും നടപ്പാക്കുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു. അബു പടിഞ്ഞാറത്തറ, ജോസ് തോമസ്, ലീല മലവയല്‍, കെ.പി. മൊയ്തീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.