Connect with us

Articles

ശൈഖ് രിഫാഈ: ജീവിതം, ദര്‍ശനം

Published

|

Last Updated

“ആത്മജ്ഞാനികളുടെ സുല്‍ത്താന്‍” എന്ന അപരനാമത്തില്‍ വിശ്രുതനായ ആത്മീയ ലോകത്തെ സൂര്യ തേജസ് ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ (റ)ന്റെ ജീവിതം അയവിറക്കുകയാണ് മുസ്‌ലിം ലോകം ഈ മാസത്തില്‍. ദിശാബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാര്‍ഗദര്‍ശനം നല്‍കിയ നാല് “ഖുതുബു”കളില്‍ രണ്ടാമത്തെ ആളാണ് ശൈഖ് രിഫാഈ (റ).

ഉന്നത പണ്ഡിതനും വലിയ്യുമായ അബുല്‍ ഹസന്‍ അലി (റ) ന്റെയും ഉമ്മുല്‍ ഫള്ല്‍ അന്‍സ്വാരിയ്യ (റ)യുടെയും മകനായി ഹിജ്‌റ 500 ക്രിസ്താബ്ദം 1118ല്‍ ഇറാഖിലെ ഉമ്മുഅബീദ എന്ന കൊച്ചു ഗ്രാമത്തിലാണ് ശൈഖ് ജനിച്ചത്.

ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം തുടങ്ങിയ വൈജ്ഞാനിക രംഗങ്ങളില്‍ പ്രതിഭാധനനായ ശൈഖ് രിഫാഈ അബൂഇസ്ഹാഖ് ശ്ശീറാസിയുടെ ഗ്രന്ഥമായ കിതാബുത്തന്‍ബീഹ് ഹൃദിസ്ഥമാക്കി ശാഫിഈ അനുഷ്ഠാനശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്നു. ആത്മജ്ഞാന മേഖലയില്‍ വ്യുല്‍പ്പത്തി നേടിയ അദ്ദേഹം ധാരാളം ആളുകള്‍ക്ക് അത് പകര്‍ന്നുകൊടുക്കുകയും ചെയ്തു. മാതുലന്‍ ശൈഖ് മന്‍സൂര്‍, ശൈഖ് അബ്ദുല്‍ മലിക്കുല്‍ ഖര്‍നൂബി, ശൈഖ് അബുല്‍ ഫള്ല്‍ അലിയ്യുല്‍ ഖാരി തുടങ്ങിയ മഹാരഥന്‍മാരില്‍ നിന്നാണ് വിജ്ഞാനം നേടിയത്. ശൈഖ് മന്‍സൂര്‍ തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കുകയും ചെയ്തു. ഉന്നത വ്യക്തിത്ത്വത്തിന്റെയും സ്വഭാവഗുണങ്ങളുടെയും ഉടമയായ ശൈഖ് രിഫാഈ, ഭൗതിക വിരക്തിയിലൂടെയും ഭൂമിയിലുളള സകല വസ്തുക്കള്‍ക്കും കാരുണ്യം വര്‍ഷിച്ചും സ്വാന്തനം നല്‍കിയും ഉന്നതങ്ങള്‍ കീഴടക്കി.

കള്ളന്‍മാരെയും കൊള്ളക്കാരെയും തെമ്മാടികളെയും ആത്മീയ വഴിയിലേക്ക് ആകര്‍ഷിക്കുകയും അവരെ നല്ലവരാക്കി മാറ്റുകയും ചെയ്തു. കുഷ്ഠം പിടിച്ച നായയെ നാല്‍പ്പത് ദിവസത്തോളം മരുന്നും ഭക്ഷണവും നല്‍കി പരിചരിക്കാന്‍ അദ്ദേഹം തയ്യാറായതായി ചരിത്രത്തില്‍ കാണാം. തന്റെ വസ്ത്രത്തില്‍ കിടന്നുറങ്ങിയ പൂച്ചക്ക് ശല്യമാകാതിരിക്കാന്‍ വസ്ത്രം മുറിക്കുകയും പൂച്ച എഴുന്നേറ്റ ശേഷം വസ്ത്രം തുന്നിപ്പിടിപ്പിക്കുകയും ചെയ്തും അദ്ദേഹത്തിന്റെ വിശാല ഹൃദയവും കാരുണ്യവും വ്യക്തമാക്കുന്നതാണ്.

പ്രബോധകന്‍, അധ്യാപകന്‍, ഗ്രന്ഥകാരന്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ധാരാളം അത്ഭുത സംഭവങ്ങള്‍ ആ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
ഹിജ്‌റ 555ല്‍ മദീനയില്‍ നബി (സ)യുടെ റൗളാ ശരീഫ് സിയാറത്ത് ചെയ്തു കൊണ്ടിരിക്കെ പ്രവാചകാനുരാഗത്തില്‍ ലയിച്ച് ചേര്‍ന്ന അദ്ദേഹം റൗളാ ശരീഫിന്റെ മുമ്പില്‍ വെച്ച് പാടി: വിദൂരസ്ഥനായിരിക്കെ ഞാനെന്റെ ആത്മാവിനെ പരഞ്ഞയച്ചിരുന്നു. എനിക്ക് പകരക്കാരനായി അങ്ങയുടെ പുണ്യ ഭൂമി ചുംബിക്കാന്‍. ഇപ്പോഴിതാ ഞാന്‍ തന്നെ അങ്ങയുടെ തിരു സന്നിധിയില്‍ വന്നിരിക്കുന്നു. എനിക്കാ വലതു കരമൊന്നു നീട്ടി തരണം എന്റെ അധരം അതിനാല്‍ സുഭകമായി തീരാന്‍ വേണ്ടി” ഉടനെ റൗളാ ശരീഫില്‍ നിന്ന് നബി തങ്ങളുടെ പുണ്യ കരം പുറത്തേക്ക് നീണ്ടു. ശൈഖ് രിഫാഈ തങ്ങള്‍ മതിവരുവോളം ചുംബിക്കുകയും ചെയ്തു. ശൈഖ് മുഹയുദ്ദീന്‍ ജീലാനി തങ്ങള്‍ അടക്കമുള്ള പണ്ഡിതന്‍മാര്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു. ഹിജ്‌റ 578ല്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തോടൊപ്പം അല്ലാഹു നമ്മെ സ്വര്‍ഗീയ ലോകത്ത് ഒരുമിച്ച് കൂട്ടട്ടെ ആമീന്‍.

---- facebook comment plugin here -----