സലീംരാജ് പുറത്ത് വിലസുമ്പോള്‍ നീതി നടപ്പാകില്ലെന്ന് ഹൈക്കോടതി

Posted on: March 12, 2014 5:56 pm | Last updated: March 12, 2014 at 5:56 pm
SHARE

saleemraj chandyകൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സലീംരാജിനെപ്പോലെയുള്ളവര്‍ പുറത്ത് വിലസുമ്പോള്‍ നീതി നടപ്പാവില്ലെന്ന് ഹൈക്കോടതി. തന്റെ ഓഫീസിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. വെറും ആരോപണങ്ങള്‍ മാത്രമായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സലീംരാജിനെതിരായ ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

വിഷയം ഇത്ര രൂക്ഷമായിട്ട് എന്തുകൊണ്ടാണ് സര്‍ക്കാര്‍ രാജിവെക്കാത്തത്. ഓഫീസുമായി ബന്ധപ്പെട്ട കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനാണ് സലീംരാജ്. സോളാര്‍ കേസിലെ പ്രതികളുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടു എന്ന ആരോപണത്തെത്തുടര്‍ന്ന് പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് സലീംരാജിനെ പുറത്താക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് തിരുവനന്തപുരം കടകംപള്ളിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സലീംരാജിനെതിരെ ആരോപണമുയര്‍ന്നത്. വ്യാജ പ്രമാണങ്ങളുണ്ടാക്കി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.