Connect with us

Articles

ക്വജപ, ക്വതപ, ക്വസമാധിവിധി

Published

|

Last Updated

ഉടുരാജമുഖി മൃഗരാജകടി
ഗജരാജവിരാജിതമന്ദഗതി
യഥസാ വനിതാഹൃദയേ വസതി
ക്വജപ ക്വതപ ക്വസമാധിവിധി ”
അല്‍പ്പസ്വല്‍പ്പമൊക്കെ മലയാളം പഠിച്ചിട്ടുള്ള മിക്കവര്‍ക്കും ഹൃദിസ്ഥമാണ് ഈ സംസ്‌കൃത ശ്ലോകം. പഴയ കാലത്ത് മനഃസമാധാനത്തോടെ ശിഷ്ടായുസ്സ് ചെലവഴിച്ച് തപസ്സനുഷ്ഠിക്കാന്‍ കാട് കയറിയ മഹര്‍ഷിമാരെ പരിഹസിച്ച് നര്‍മപ്രിയനായ ഏതോ കവിയെഴുതിയതാണീ വരികള്‍. തപസ്സനുഷ്ഠിക്കുന്ന ഋഷിമാര്‍ക്ക് മാത്രമല്ല രാജ്യഭാരം തലയില്‍ പേറി ജന്മസാഫല്യം അടയുക എന്ന അവതാരോദ്ദേശ്യം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങിത്തിരിച്ച നമ്മുടെ രാഷ്ട്രീയക്കാരെയും ഈ ശ്ലോകം ചമച്ച കവി മനസ്സില്‍ കണ്ടിരിക്കണം. പുരുഷന്മാരുടെ ജപവും തപവും മനഃസ്സമാധാനവും എല്ലാം നഷ്ടപ്പെടുത്തുന്ന ഉടുരാജമുഖികള്‍ കേവലം മൃഗരാജകടികളായ മനുഷ്യസ്ത്രീകള്‍ മാത്രമായിരിക്കണമെന്നില്ല. ദേവതമാര്‍ മൂന്നാണ്, സരസ്വതി, ലക്ഷ്മി, പാര്‍വതി. മൂവരും ഒത്ത സുന്ദരീരത്‌നങ്ങള്‍. മൂന്ന് പേരുടെയും കടാക്ഷാനുഗ്രഹങ്ങള്‍ ഒപ്പം ലഭിക്കാന്‍ അവര്‍ക്ക് മുമ്പില്‍ തൊഴുതു നില്‍ക്കുന്നവരാണ് എല്ലാ പുരുഷന്മാരും. സരസ്വതി വിദ്യയുടെയും ലക്ഷ്മി ധനത്തിന്റെയും പാര്‍വതി രതിയുടെയും അതിദേവതകളാണ്. മൂന്ന് പേരും പരസ്പരം പോരടിക്കുന്നവരാണ്.
ഒരാള്‍ക്കു ഇഷ്ടപ്പെടുന്നവരെ മറ്റു രണ്ട് പേര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. വിദ്യയും ധനവും ഒത്തുപോകില്ലെന്നാണല്ലോ പ്രമാണം. അത് ബോധ്യപ്പെടുമ്പോള്‍ മിക്ക ആണുങ്ങളും സരസ്വതിയെ അവരുടെ പാട്ടിനു വിട്ടിട്ട് ലക്ഷ്മിയുടെ പിന്നാലെ കൂടുന്നു. ലക്ഷ്മി കണക്കിനനുഗ്രഹിച്ച് സാമ്പത്തിക നിലയൊക്കെ ഭദ്രമാക്കിക്കഴിയുമ്പോഴാണ് പാര്‍വതികടാക്ഷത്തിനുള്ള ദാഹം ഉണരുക. അപ്പോഴേക്കും പ്രായമൊക്കെ കുറെ കടന്നുപോയിരിക്കും. പല്ലുകള്‍ തുടങ്ങി പലതും കൃത്രിമമായിട്ടുണ്ടാകും. നര മറയ്ക്കാന്‍ ചായം തേച്ചു തുടങ്ങീട്ടുണ്ടാകും. ഈ പ്രായത്തില്‍ പാര്‍വതീസേവക്കിറങ്ങിയാല്‍ സംഗതി കുളമാകുകയേയുള്ളു. രാഷ്ട്രീയാധികാരത്തിന്റെയും സാമ്പത്തിക ശേഷിയുടെയും പിന്‍ബലത്തോടെ വല്ലതും തരമായാലായി. ഇവിടെയാണ് നമ്മുടെ ഗണേഷ്‌കുമാറിനും ഉണ്ണിത്താനും അബ്ദുല്ലക്കുട്ടിക്കും ജോസ് തെറ്റയിലിനും പി ശശിക്കും ഗോപി കോട്ടമുറിക്കലിനും ഒക്കെ അടി തെറ്റിയത്. അത്തരക്കാരുടെ ജപവും തപവും സമാധാനവും എല്ലാം തകരാറിലാകാതെ തരമില്ല. ഇപ്പോള്‍ താരപരിവേഷത്തോടെ ടി വി ചാനലുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സരിതയുടെ വെളിപ്പെടുത്തല്‍ നാടകത്തില്‍ ഇനി ആരുടെയൊക്കെ തലയായിരിക്കുമോ തെറിക്കുക?
ഇപ്പോള്‍ വെളിപ്പെടുത്തും, ഇപ്പോള്‍ വെളിപ്പെടുത്തും… ഇന്ന് അല്ലെങ്കില്‍ നാളെ… എന്നിങ്ങനെയുള്ള മൊഴി കേട്ട് ചാനലുകാര്‍ ക്യാമറയുമായി സരിതയുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് ദിവസം കുറെ കഴിഞ്ഞിരുന്നു. അപ്പോഴാണ് സരിതയുടെ ആകസ്മികമായ വെളിപ്പെടുത്തല്‍. എല്ലാം ഒരുമിച്ചു വെളിപ്പെടുത്തിയാല്‍ എന്തു രസം. പയ്യെ തിന്നാല്‍ പനയും തിന്നാം. മറച്ചുവെച്ചിരിക്കുന്നതൊക്കെ അല്‍പ്പാല്‍പ്പമായി വെളിപ്പെടുത്തുക. ഓരോ വെളിപ്പെടുത്തലും കഴിയുമ്പോള്‍ ശേഷം അടുത്ത ലക്കത്തില്‍ എന്ന പഴയ കോട്ടയം വാരികകളുടെ മട്ടില്‍ പെട്ടൊന്നൊരു സസ്‌പെന്‍സില്‍ കൊണ്ട് നിര്‍ത്തുക, അല്ലെങ്കില്‍ “പരിപാടി ഇടവേളക്ക് ശേഷം തുടരും ചാനല്‍ അവതാരികരെ അനുകരിച്ചു പിന്‍വാങ്ങുക. ഇതൊക്കെ കണ്ടും കേട്ടും ശീലിച്ച സരിത എന്തിനു എല്ലാം ഒറ്റയടിക്കു വെളിപ്പെടുത്തി തനിക്ക് അവസരം കളഞ്ഞുകുളിക്കണം? ഏതായാലും പരിപാടി ജോറായി. ചാനലുകളിലെ ബോറന്‍ സീരിയലുകളും ഇടവേളകളിലെ മുഴനീള പരസ്യങ്ങളും കണ്ടു മടുത്തവര്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍ത്തെന്നലുമായി ഇതാ സരിത നിങ്ങളുടെ സ്വീകരണമുറിയിലെ ടെലിസ്‌ക്രീനില്‍! “ഇത്തരം രാഷട്രീയക്കാരെ”ക്കൊണ്ട് നിറഞ്ഞ നമ്മുടെ കേരളത്തില്‍ പെണ്ണുങ്ങള്‍ക്കു യാതൊരു രക്ഷയുമില്ലെന്നാണ് സരിതയുടെ പ്രഥമ വെളിപ്പെടുത്തല്‍.
ഇന്ത്യയിലാകെ ഇത് തന്നെയല്ലേ അവസ്ഥ? ഒപ്പം കിടന്ന പെണ്ണിനെ തന്തൂരി അടുപ്പിലിട്ട് ചുട്ടു ഫ്രൈയാക്കിയ രാഷ്ട്രീയക്കാരുള്ള നാടാണിത്. കേരളത്തിലെ രാഷ്ട്രീയക്കാരാരും അത്രക്കങ്ങോട്ട് വളര്‍ന്നിട്ടില്ല. ദേഹമാകെ 15 മുറിവുകളുമായി “സ്വാഭാവികമരണം വരിച്ച” സുനന്ദ പുഷ്‌ക്കര്‍ എന്ന, കേന്ദ്ര മന്ത്രിയുടെ ഭാര്യയുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം പിന്നിട്ടിട്ടും കഴിയാത്ത ശാസ്ത്രജ്ഞന്മാരാണങ്ങ് ഡല്‍ഹിയിലുള്ളത്. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയെ ചാക്കില്‍ കെട്ടി ഒരാഴ്ച ആഫീസില്‍ സൂക്ഷിച്ച് കുളത്തില്‍ നിക്ഷേപിച്ചിട്ട് ഓഫീസ് അടിച്ചു തളിച്ചു ശുദ്ധീകരിച്ചു ഗണപതി ഹോമവും നടത്തി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു വനിതാ പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍ ഓഫീസില്‍ രാസ പരിശോധന നടത്തി, ഓഫീസ് സീല്‍ ചെയ്ത്, ഈ ഓഫീസിനുള്ളില്‍ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നു റിപ്പോര്‍ട്ട് എഴുതി വാങ്ങാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയ നാടാണ് നമ്മുടെത്. ഇതാണീ സുതാര്യകേരളം എന്നൊക്കെ പറയുന്നത്.
സന്മാര്‍ഗവും സദാചാരവും രാഷ്ട്രീയക്കാര്‍ക്കു മതിയെന്നൊന്നും ആരും പറയുന്നില്ല. ആണും പെണ്ണും ഒരുമിച്ചിടപെടുന്ന ഒരു ലോകം സ്വന്തം വീട് മാത്രമായിരുന്ന കാലം കഴിഞ്ഞുപോയി. ഇപ്പോള്‍ എല്ലാ രംഗത്തും ഈ ഇടപഴകല്‍ കൂടിയേ തീരൂ എന്നായിട്ടുണ്ട്. ഈ രംഗത്ത് അവരവരുടെ അന്തസ്സ് മറ്റാര്‍ക്കെങ്കിലും പണയപ്പെടുത്തിയിട്ട് താത്കാലിക സുഖങ്ങള്‍ നുകരാന്‍ നില്‍ക്കുന്നവര്‍ ആണായാലും പെണ്ണായാലും സമൂഹം അവരെ ഒറ്റപ്പെടുത്തുക തന്നെ വേണം. ഇക്കാര്യത്തിലെങ്കിലും കോണ്‍ഗ്രഗസിന് സി പി എമ്മിനെ മാതൃകയാക്കാവുന്നതാണ്. ഏതോ കുബുദ്ധികള്‍ ഓഫീസില്‍ ഒളിക്യാമറ വെച്ച്, സ്വന്തം നേതാവിന്റെ കാമിനിസേവക്ക് തെളിവുണ്ടാക്കിയപ്പോള്‍, ഉച്ചക്ക് ഊണ്‍ കഴിക്കാന്‍ പോയ വീട്ടിലെ മകളുടെ പ്രായമുള്ള കുട്ടിയോട് അമിത വാത്സല്യം പ്രകടിപ്പിച്ചു എന്ന പരാതി കിട്ടിയപ്പോള്‍, സഹപ്രവര്‍ത്തകന്റെ ഭാര്യയോട് വഴിവിട്ട സ്‌നേഹം കാണിക്കുന്നുവെന്ന സംശയം ഉദിച്ചപ്പോള്‍ പോലീസ് അന്വേഷണത്തിന്റെയും കോടതി വിചാരണയുടെയും ഒക്കെ ഫലം വരുന്നതുവരെ കാത്തുനില്‍ക്കാതെ കേട്ട മാത്രയില്‍ പൂര്‍വകാല സേവനത്തിന്റെ മാഹാത്മ്യം കണക്കിലെടുക്കാതെ തന്നെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ വിചാരണ ചെയ്തു ശിക്ഷിച്ച പാരമ്പര്യം സി പി എമ്മിനുണ്ട്. ഇത് കണ്ടില്ലെന്നു നടിച്ചു സദാചാരലംഘനത്തിന്റെ തൊപ്പി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും തലക്കു പാകമാണെന്നു സമര്‍ഥിക്കാന്‍ ചില ഉണ്ണിത്താന്മാര്‍ പെടാപ്പാട് പെടുന്നു. .
രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിച്ച സരിത പോലീസുകാരെക്കുറിച്ച് നല്ല അഭിപ്രായം തന്നെ പറഞ്ഞു. സരിതക്കു ജയിലില്‍ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളക്കു ലഭിച്ചതിലും മുന്തിയ പരിഗണന തന്നെ ലഭിച്ചു. വി ഐ പി പരിഗണനയെന്നൊക്കെയുള്ള ആക്ഷേപം വെറുതെ പറഞ്ഞതല്ലെന്നു സരിത സ്വയം സമ്മതിച്ചിരിക്കുന്നു. നമ്മുടെ പോലീസുകാര്‍ എത്ര നല്ലവര്‍, അവര്‍ സ്ത്രീകളോട് എത്ര മര്യാദയായി ഇടപെടുന്നു. സമയാസമയം മാറിയുടുക്കാന്‍ വില പിടിപ്പുള്ള പട്ടുസാരികള്‍, വെളിയില്‍ നിന്നു കൊണ്ടുവരുന്ന നല്ല ഭക്ഷണം, സുരക്ഷിതമായ യാത്രാ സൗകര്യം ജയിലില്‍ കിടന്നുകൊണ്ടു തന്നെ ലക്ഷക്കണക്കിനു രൂപ സംഘടിപ്പിച്ചു താന്‍ പ്രതിയായ കേസുകളെല്ലാം ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെ ഒത്തുതീര്‍പ്പാക്കാനുള്ള സൗകര്യം, ഇതില്‍ കൂടുതല്‍ എന്തു മര്യാദയാണ് പോലീസുകാര്‍ ജയില്‍പ്പുള്ളിയോട് കാണിക്കേണ്ടത്? ആ ടി പി കേസിലെ പ്രതികള്‍ വെറുതെ ഇല്ലാത്ത കഥകള്‍ പറഞ്ഞു പരത്തുകയാണ്. ജയിലില്‍ കുറ്റാരോപിതരായ പ്രതികള്‍ക്കു പോലും പീഡനം എന്നൊക്കെ. തനിക്കു ലഭിച്ച ഈ മുന്തിയ പരിഗണനകളത്രയും പോലീസുദ്യോഗസ്ഥര്‍ സ്വമേധയാ അവരുടെ സന്മനസ്സിന്റെ ഫലമായി തന്നതാണ്. അല്ലാതെ യാതൊരു രാഷ്ട്രീയ സമ്മര്‍ദത്തിന്റെയും ഫലമായിട്ടല്ലായിരുന്നുവെന്ന കാര്യത്തിലും സരിതക്കു നല്ല ഉറപ്പാണ്. രാഷ്ട്രീയ സമ്മര്‍ദം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഭരണകക്ഷിയിലെ രണ്ട് ഉന്നത നേതാക്കള്‍ തനിക്കു വേണ്ടത്ര മനോബലം നല്‍കിയിട്ടുണ്ടെന്നു സരിത പറയുന്നു. സരിത ഏറെ വെള്ളം കുടിപ്പിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടി. സരിത കുടിപ്പിച്ചതോ, ഉമ്മന്‍ ചാണ്ടി സ്വയം കുടിച്ചതോ അതോ തന്റെ വിശ്വസ്തരായ ജോപ്പന്‍, സലിം രാജ് തുടങ്ങിയ ഓഫീസ് സ്റ്റാഫ് കുടിപ്പിച്ചതോ, ഏതായാലും സൗരോര്‍ജ വിവാദത്തിനു ശേഷം മുഖ്യമന്ത്രിയുടെ മുഖശ്രീക്കു വല്ലാതെ മങ്ങലേറ്റിട്ടുണ്ടെന്നാണ് പുതുപ്പള്ളിക്കാര്‍ പോലും പറഞ്ഞു നടക്കുന്നത്. ഇപ്പോള്‍ കേള്‍ക്കുന്ന മറ്റൊരു വാര്‍ത്ത, കോണ്‍ഗ്രസിലെ തന്റെ എതിര്‍ഗ്രൂപ്പ് നേതാക്കളെ കെണിയില്‍ വീഴ്ത്താന്‍ ഉമ്മന്‍ ചാണ്ടി നിയോഗിച്ച ചാരസുന്ദരിയാണ് സരിതയെന്നത്രെ. ഏതായാലും പത്രോസ് യേശുവിനെക്കുറിച്ച് “അവനെ ഞാനറിയുകയില്ല” എന്നു പറഞ്ഞു മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പോലെ സരിത തള്ളിപ്പറയുകയുണ്ടായില്ല. ഞാന്‍ ഉമ്മന്‍ ചാണ്ടിയെ അറിയും. അദ്ദേഹത്തിനു എന്നെ അറിയുമോ എന്നറിയില്ല എന്നാണ് മാഡം പറഞ്ഞത്. സത്യമല്ലേ? ഈ കോണ്‍ഗ്രസ് സംസ്‌കാരം എന്നൊക്കെപ്പറഞ്ഞാല്‍ ഇങ്ങനെയൊക്കെയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ എവിടെ വേണമെങ്കിലും ചെന്നു മുഖ്യമന്ത്രിയുടെ കാതില്‍ എന്തു രഹസ്യവും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹം അനുവദിച്ചു കൊടുത്തിട്ടുണ്ട്. പണ്ട് യേശു ജനങ്ങള്‍ക്കു ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതിനിടയില്‍ മടിയില്‍ വലിഞ്ഞു കയറാന്‍ ശ്രമിച്ച കുട്ടികളെ അവരുടെ അമ്മമാര്‍ തടയാന്‍ ശ്രമിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞു “ശിശുക്കളെ എന്റെ അടുക്കല്‍ വിടുവിന്‍, അവരെ തടയരുത്. സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു.”” സണ്‍ഡേ സ്‌ക്കൂള്‍ പ്രായം മുതല്‍ ബൈബിള്‍ വായിച്ചു പഠിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി, ലൂക്കോസിന്റെ സുവിശേഷത്തിലെ ഈ വാചകം പല തവണ വായിച്ചു ഹൃദിസ്ഥമാക്കിയിട്ടുള്ളതാണ്. ഒരിക്കല്‍ സരിതയെ തടഞ്ഞ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് ഇങ്ങനെ പറഞ്ഞിരിക്കാനും ഇടയുണ്ട്. “അവരെ എന്റെ അടുക്കല്‍ വിടുവിന്‍, അവരെ തടയരുത്” അതില്‍ പിന്നെ ഒരു ഉദ്യോഗസ്ഥനും പൊല്ലാപ്പിനൊന്നും പോയില്ല. അതല്ലേ കണ്ണൂരെ പരിപാടിയില്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ എതിരാളികള്‍ക്കു പോലീസുകാര്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത്.
അല്ലെങ്കില്‍ തന്നെ ഈ സുരക്ഷാ ഉദ്യോഗസ്ഥന്മാരെക്കൊണ്ടൊക്കെ എന്താണ് കാര്യം? പണ്ട് അച്ഛനും അച്ഛന്റെ അമ്മയും അവരുടെ അച്ഛനും പ്രധാനമന്ത്രിമാരായതിന്റെ പേരില്‍ ഇപ്പോഴും “ഇസഡ് കാറ്റഗറി സുരക്ഷ” എന്ന സൗജന്യം അനുഭവിക്കന്ന ആളാണല്ലോ രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ ഒരു പറ്റം ഉത്തരേന്ത്യക്കാരികള്‍ സ്റ്റേജില്‍ ചാടിക്കയറി പിടിച്ചുമ്മ വെക്കുന്ന ചിത്രം നമ്മള്‍ ടി വിയില്‍ കണ്ടില്ലേ. പരസ്യ ചുംബനം ഭാരതീയ സംസ്‌കാരത്തിനു ചേരുന്നതല്ലെന്നൊക്കെപ്പറയുന്നവര്‍ അറുപഴഞ്ചന്മാരാണ്. ഈ ആധുനികോത്തര കാലത്ത് ഇതു വല്ലതും ആരെങ്കിലും കാര്യമാക്കാറുണ്ടോ? കഷ്ടമായത് അവിടെയല്ല. ഇങ്ങനെ പരസ്യചുംബനം നടത്തിയ ഒരുവള്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ചെലവിനു കൊടുക്കുന്ന അവളുടെ ഭര്‍ത്താവ് അവളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു കളഞ്ഞു. ഇത് ഇന്ത്യയിലെ സ്ത്രീകള്‍ക്കു ഒരു പാഠമാകട്ടെ. ഇനിയെങ്കിലും ഏതെങ്കിലും നേതാവിനു പരസ്യചുംബനം നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരോട് മുന്‍കൂര്‍ അനുവാദം വാങ്ങിക്കുന്നത് നന്നായിരിക്കും
നമുക്കു സരിതയുടെ വെളിപ്പെടുത്തലിന്റെ പ്രഥമ ഘട്ടത്തിലേക്കു മടങ്ങാം. തന്നെ ദുരുപയോഗം ചെയ്ത യു ഡി എഫ് നേതാക്കളുടെ പേതുവിവരം അക്ഷരമാലക്രമത്തിലായിരിക്കും വെളിപ്പെടുത്തുക എന്നാണ് ചില ചാനല്‍ റിപ്പോര്‍ട്ടറന്മാരുടെ കമന്റ്. അങ്ങനെയാണത്രെ പാവം പച്ചവെള്ളം പോലും ചവച്ചിറക്കുന്ന കണ്ണൂര്‍ എ എല്‍ എ അബ്ദുല്ലക്കുട്ടിയുടെ പേര് പറഞ്ഞത്. അബ്ദുല്ലക്കുട്ടി ഒരു അത്ഭുതക്കുട്ടിയാണെന്നു പറയുന്നത് വെറുതെയല്ല. കണ്ണൂരെ വനിതാ കോളജില്‍ എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ ആ പെണ്‍പിള്ളേര്‍ക്കു തോന്നി വിജയികളെ ആനയിച്ചു ടൗണില്‍ ഒരു ഘോഷയാത്ര നടത്തണമെന്നും ഘോഷയാത്രക്കു 2മുമ്പില്‍ ഒരാനയെ എഴുന്നെള്ളിക്കണമെന്നും. ആനപ്പുറത്തു കയറാന്‍ പെണ്‍പിള്ളേര്‍ക്കു പേടി. പേടിക്കണ്ട, താന്‍ കയറിക്കൊള്ളാമെന്നായി ഈ സഖാവു കുട്ടി. അതില്‍പ്പിന്നെ താനെപ്പോഴും കണ്ണൂരെ ജനമെന്ന ആനയുടെ പുറത്താണ് സഞ്ചരിക്കുന്നതെന്നാണ് ഭാവം. ആനപ്പുറത്തിരിക്കുന്നവനു പട്ടിയെ പേടിക്കണ്ടെന്നല്ലാതെ സരിതയെ പേടിക്കണ്ടെന്നാരും പറഞ്ഞിട്ടില്ലല്ലോ. ഏതായാലും സരിത പറഞ്ഞതത്രയും കേട്ട് കുട്ടി ഞെട്ടിപ്പോയി. ഇനി നിന്നെ ഞാന്‍ ഉറക്കുകയില്ലെന്നാണ് സരിതയുടെ ഭീഷണി.
ചൊല്ലും ചോറും ഒക്കെ കൊടുത്ത് വളര്‍ത്തിയത് കണ്ണൂരെ സഖാക്കളാണെങ്കിലും ദൈവവിശ്വാസം കലശലായപ്പോള്‍ എസ് എഫ് ഐക്കാരുടെ ആനപ്പുറത്തു നിന്നു ഒറ്റച്ചാട്ടം കണ്ണൂരെ ഗജകേസരിയായ സാക്ഷാല്‍ സുധാകരേട്ടന്റെ തോളത്തേക്ക്. ചാട്ടം പിഴച്ചില്ല. സുധാകരന്‍ പാര്‍ലിമെന്റിലും അബ്ദുല്ലക്കുട്ടി കേരള അസംബ്ലിയിലും എത്തി. അപ്പോഴാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കള്‍ അവരുടെ പ്രഖ്യാപിത ശത്രുവായ സരിതയെ തന്നെ ഉപയോഗിച്ച് ഈ കണ്ണൂക്കാരന്‍ പയ്യന്റെ രാഷ്ട്രീയഭാവി ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. “ദൈവത്താണേ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെ”ന്നാണ് അബ്ദുല്ലക്കുട്ടി ചാനല്‍ പുരോഹിതന്മാരോട് കുമ്പസാരിക്കുന്നത്. ദയവായി നിങ്ങളെനിക്കു പാപമോചനം തരണമെന്നാണ് ഈ സത്യവിശ്വാസിയുടെ പ്രാര്‍ഥന. ഈ രാഷ്ട്രീയ ഗോദയിലെ കളി കാണാന്‍ പ്രത്യേകം പ്രത്യേകം പാര്‍ട്ടികളുടെ ടിക്കറ്റെടുത്തും ആരുടെയും ഒരു ടിക്കറ്റും വാങ്ങാതെയും ഇന്ത്യന്‍ പൗരനെന്ന പ്രത്യേകാവകാശം ഉപയോഗിച്ച് കാത്തിരിക്കുന്നവരുടെ ആശങ്ക, നമ്മുടെ സരിതോര്‍ജം ഇനി ഏത് രാഷട്രീയ ഭിക്ഷാംദേഹിയുടെ ചട്ടിയിലാണ് അടുത്തതായി മണ്ണ് വാരിയിടുക എന്നതായിരിക്കും.

ഫോണ്‍ 9446268581