Connect with us

Kozhikode

കാരാടി ബാറിനു മുന്നില്‍ അനിശ്ചിതകാല ഉപരോധം

Published

|

Last Updated

താമരശ്ശേരി: കാരാടി പതിനെട്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ബാറിനു മുന്നില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധം. സ്തീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറോളം പേരാണ് ബാര്‍ കവാടത്തിലേക്ക് മാര്‍ച്ച് നടത്തി ഉപരാധ സമരം ആരംഭിച്ചത്. അഞ്ച് വര്‍ഷമായി തുടരുന്ന ബാര്‍വിരുദ്ധ സമരത്തിന്റെ അന്തിമ ഘട്ടത്തിലാണ് വിലക്ക് ലംഘിച്ച് ബാര്‍ കവാടത്തിലേക്ക് മാര്‍ച്ച് നടത്തിയത്.
കഴിഞ്ഞ രണ്ടാം തീയതി മാര്‍ച്ച് നടക്കാനിരിക്കെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഒരാഴ്ചത്തേക്ക് ബാര്‍ അടച്ചിരുന്നു. ഞായറാഴ്ച ബാര്‍ വീണ്ടും തുറന്നതോടെയാണ് ഇന്നലെ വൈകീട്ട് ബാറിലേക്ക് മാര്‍ച്ച് നടത്തിയത്. സര്‍വോദയ സംഘം നേതാവും ഗാന്ധിയനുമായ തായാട്ട് ബാലന്‍ സമരപന്തലില്‍ വെച്ച് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്നവര്‍ക്ക് എങ്ങിനെയെങ്കിലും പണം കിട്ടണമെന്ന ചിന്ത മാത്രമാണെന്നും കാലുമാറുന്നവര്‍ക്ക് സീറ്റുറപ്പിക്കാനുള്ള ചര്‍ച്ചക്കിടെ ജനകീയ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ജയില്‍വാസത്തിന് തയ്യാറായാണ് മാര്‍ച്ചിനെത്തിയത്. കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമും ബാഗും കൂടെ കരുതി. ജയിലിലെത്തിയാലും പ്രശ്‌നമില്ലെന്നും ബാര്‍ അടച്ചാല്‍ മതി എന്നുമായിരുന്നു ഇവരുടെ പ്രഖ്യാപനം. ബാറിന് ചുറ്റും പരിസരങ്ങളിലും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. സമീപത്തെ കെട്ടിടങ്ങളും പ്രധാന വഴികളും പോലീസ് നിയന്ത്രണത്തിലാണ്. താമരശ്ശേരി ഡി വൈ എസ് പി ജയ്‌സണ്‍ കെ അബ്രഹാം, സി ഐ എം ഡി സുനില്‍, എസ് ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പോലീസുകാരാണ് ബാര്‍ സംരക്ഷണത്തിനായി നിലയുറപ്പിച്ചത്.
സമര വളണ്ടിയര്‍മാര്‍ ബാര്‍ കവാടത്തില്‍ ഇരിപ്പുറപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്ത് നീക്കേണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച നിര്‍ദേശം. അറസ്റ്റിലാകുന്നവര്‍ തിരഞ്ഞെടുപ്പ് അടുക്കുംവരെ ജാമ്യമെടുക്കേണ്ടെന്ന തീരുമാനമെടുത്തതാണ് അറസ്റ്റ് ഒഴിവാക്കാന്‍ കാരണം.
അറസ്റ്റ് നടക്കില്ലെന്നായതോടെ ബാര്‍ കവാടത്തില്‍ രാപ്പകല്‍ സമരം നടത്തുമെന്ന് സ്തീകളും കുട്ടുകളും പ്രഖ്യാപിച്ചു. സമരം നീണ്ടുപോകുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പോലീസും ആശയക്കുഴപ്പത്തിലാണ്.