ഖത്തറില്‍ നിന്ന് യു എ ഇ മാധ്യമ പ്രവര്‍ത്തകര്‍ രാജിവെച്ചു

Posted on: March 11, 2014 6:09 am | Last updated: March 11, 2014 at 8:10 am
SHARE

അബൂദബി/ദോഹ: ഖത്തര്‍ ആസ്ഥാനമായ ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്തുവരികയായിരുന്ന യു എ ഇയിലെയും പത്രപ്രവര്‍ത്തകരും ഖത്തറിലെ മാധ്യമങ്ങള്‍ക്ക് വേണ്ടി ലേഖനങ്ങളെഴുതിയ സഊദി എഴുത്തുകാരും ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചു. പത്ത് വര്‍ഷത്തിലധികമായി തുടരുന്ന ചാനലുമായുള്ള ബന്ധം അവസാനിപ്പിച്ചതായി യു എ ഇയിലെ മൂന്ന് പ്രമുഖ പത്രപ്രവര്‍ത്തകര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം ഇവര്‍ പുറം ലോകത്തെ അറിയിച്ചത്.
തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ബ്രദര്‍ഹുഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഖത്തര്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സഊദി അറേബ്യ, ബഹ്‌റൈന്‍, യു എ ഇ എന്നി രാജ്യങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് പത്രപ്രവര്‍ത്തകരുടെ തീരുമാനം. ഖത്തര്‍ ആസ്ഥാനമായ ബി ഇന്‍ സ്‌പോര്‍ട്‌സില്‍ നിന്നാണ് മൂന്ന് യു എ ഇക്കാര്‍ രാജി വെച്ചത്. ചാനലിലെ സ്‌പോര്‍ട്‌സ് കമന്റേറ്ററായ ഫാരിസ് അവദ് ആണ് രാജിക്കാര്യം ആദ്യം അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് മിനിറ്റുകള്‍ക്കകം ചാനലിലെ മറ്റൊരു കമന്റേറ്ററായ അലി സഈദ് അല്‍ കഅബിയും രാജിക്കാര്യം പ്രഖ്യാപിച്ചു.
യു എ ഇയുടെ മുന്‍ ദേശീയ ഫുട്‌ബോള്‍ താരവും ബി ഇന്‍ സ്‌പോര്‍ട്‌സിലെ ജോലിക്കാരനുമായ സുല്‍ത്താന്‍ റാശിദാണ് ചാനലില്‍ നിന്ന് രാജിവെച്ച മൂന്നാമന്‍. അല്‍ ജസീറ ചാനല്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു നേരത്തെ ഖത്തര്‍ ആസ്ഥാനമായ ബി ഇന്‍ സ്‌പോര്‍ട്‌സ്.
മൂന്ന്‌പേരും രാജിക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും രാജിയിലേക്കെത്തിച്ച കാരണങ്ങള്‍ വ്യക്തമാക്കാന്‍ കൂട്ടാക്കിയില്ല. ഖത്തര്‍ കേന്ദ്രമായ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മീഡിയകളില്‍ നിന്നുള്ള രാജി ഇവിടെ അവസാനിക്കുകയില്ലെന്നും പലരും രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളില്‍ പരക്കുന്നുണ്ട്.
ഖത്തറിലെ തന്നെ പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ അല്‍ കാസിലെ പ്രമുഖ കമേന്റേറ്റര്‍മാരില്‍ ഒരാളായ യു എ ഇ സ്വദേശി അബ്ദുല്ല മുബാറക് അല്‍ ഹര്‍ബിയും രാജിവെച്ചതായി വാര്‍ത്തയുണ്ട്. ഇതേ ചാനലിലെ സഊദി സ്വദേശിയായ ജീവനക്കാരന്‍ ഫഹദ് അല്‍ ഉതൈബി ചാനലുമായുള്ള ബന്ധം വിഛേദിച്ചതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
മുസ്‌ലിം ബ്രദര്‍ ഹുഡിനെ പിന്തുണക്കുന്ന യൂസുഫുല്‍ ഖര്‍ദാവി ഖത്തര്‍ ആസ്ഥാനമായ അല്‍ ജസീറ ചാനലിലൂടെ, യു എ ഇ ഇസ്‌ലാമിക ഭരണകൂടത്തിനെതിരാണെന്നുള്‍പ്പെടെയുള്ള ഗുരതരമായ ആരോപണങ്ങളുന്നയിച്ചിരുന്നു.