Connect with us

Palakkad

ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി വൈദ്യുതി ബോര്‍ഡില്‍ നൂറോളം പേര്‍ക്ക് സ്ഥാനക്കയറ്റം

Published

|

Last Updated

പാലക്കാട്: ചട്ടങ്ങളും ഹൈക്കോടതി ഉത്തരവും മറികടന്ന് വൈദ്യുതി ബോര്‍ഡില്‍ നൂറോളം പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ തസ്തികയിലേക്കാണ് അനധികൃതമായി സ്ഥാനക്കയറ്റം നല്‍കിയത്. 2012 ആഗസ്ത് നാലിനും കഴിഞ്ഞ മാസം 18നും ഈ മാസം ഒന്നിനുമായി മൂന്ന് തവണ സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ നിശ്ചിതയോഗ്യതയില്ലാത്ത പലരും ലിസ്റ്റില്‍ കയറിക്കൂടി; യോഗ്യതയുള്ള പലരും പുറത്തുമായി.
ജോലിക്കയറ്റത്തിനായി പുതിയ രീതി നടപ്പാക്കാനും ഇതിനായി വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി രൂപവത്കരിക്കാനും 2008 മാര്‍ച്ച് 31ന് കെ എസ് ഇ ബി ചെയര്‍മാന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആദ്യഘട്ടത്തില്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ മുതല്‍ മുകളിലേക്കുള്ള തസ്തികകളില്‍ പുതിയ രീതിയിലുള്ള ജോലിക്കയറ്റം നടപ്പാക്കാനാണ് തീരുമാനിച്ചത്.
ജോലിക്കയറ്റത്തിന്, ഡിഗ്രി യോഗ്യതയുള്ളവര്‍ മൂന്ന് വര്‍ഷവും ഡിപ്ലോമ യോഗ്യതയുള്ളവര്‍ ഏഴ് വര്‍ഷവും കാലാവധി പൂര്‍ത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഇതോടൊപ്പം ഇലക്ട്രിക്കല്‍ വിഭാഗത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്ക് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറായി സ്ഥാനക്കയറ്റം ലഭിക്കാന്‍ ജനറേഷന്‍ വിഭാഗത്തില്‍ രണ്ട് വര്‍ഷമെങ്കിലും മുന്‍പരിചയം വേണമെന്ന പുതിയ നിബന്ധനയും ചേര്‍ത്തു. 2009നുശേഷം സ്ഥാനക്കയറ്റം ലഭിക്കാന്‍ യോഗ്യരായവരില്‍ ജനറേഷന്‍ വിഭാഗത്തില്‍ ജോലിചെയ്തിട്ടില്ലാത്തവരുണ്ടെങ്കില്‍ ജനറേഷന്‍ വിഭാഗത്തിലേക്ക് മാറ്റം ലഭിക്കാന്‍ അപേക്ഷ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
2012 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ രീതി നടപ്പാക്കിത്തുടങ്ങി. അതേവര്‍ഷം ആഗസ്ത് നാലിന് 92 അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്ക് (ഇലക്ട്രിക്കല്‍) അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായി സ്ഥാനക്കയറ്റം നല്‍കി.
പിന്നീട് 167 അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്ക് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറായി താത്കാലിക സ്ഥാനക്കയറ്റം നല്‍കാനും അതിനുശേഷം ഒഴിവ് വരുന്ന തസ്തികകളില്‍ ഇവരെ നിയമിക്കാനും 2014 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ ഉത്തരവുപ്രകാരം 67 പേര്‍ക്ക് ഫെബ്രുവരി 18ന് സ്ഥാനക്കയറ്റം നല്‍കി. രണ്ട് തവണയും ഉദ്യോഗക്കയറ്റം ലഭിച്ച 40 ശതമാനത്തോളം പേര്‍ ജനറേഷന്‍ വിഭാഗത്തില്‍ രണ്ട് വര്‍ഷം പ്രവൃത്തിപരിചയമില്ലാത്തവരാണ്. പത്ത് വര്‍ഷത്തിലധികമായി ജോലിചെയ്യുന്നവരെയും ജനറേഷന്‍ വിഭാഗത്തില്‍ രണ്ട് വര്‍ഷത്തിലധികം മുന്‍പരിചയമുള്ളവരെയും മറികടന്നാണ് യോഗ്യതയില്ലാത്ത പലര്‍ക്കും ജോലിക്കയറ്റം നല്‍കിയത്. യോഗ്യതയുണ്ടായിട്ടും സ്ഥാനക്കയറ്റം ലഭിക്കാത്തവര്‍, ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, ഹൈക്കോടതിയില്‍ ഹരജി നല്‍കി.
ഹരജിയിന്മേലുള്ള വിധിക്കനുസരിച്ചേ പ്രമോഷന്‍ നല്‍കാവൂയെന്ന് 2014 ഫെബ്രുവരി 28ന് ഹൈക്കോടതി വിധിച്ചു. ഇക്കാര്യം ചെയര്‍മാന്‍, ചീഫ് എന്‍ജിനീയര്‍ (എച്ച് ആര്‍ എം) എന്നിവരെ ഹര്‍ജിക്കാര്‍ ഇമെയില്‍ വഴി അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് മറികടന്ന് ഈ മാസം ഒന്നിന് നോമിനേഷന്‍ ലിസ്റ്റില്‍നിന്ന് 134 പേര്‍ക്ക് ചട്ടങ്ങള്‍ മറികടന്ന് വീണ്ടും സ്ഥാനക്കയറ്റം നല്‍കി. അപ്പോഴും യോഗ്യരായ അറുപതോളം പേര്‍ പുറത്ത്.
ബോര്‍ഡിലെ ഒരു ഉന്നതന്റെ പ്രത്യേകതാത്പര്യമാണ് അനധികൃത സ്ഥാനക്കയറ്റത്തിന് പിന്നിലെന്നാണ് ഉദ്യോഗക്കയറ്റം നിഷേധിക്കപ്പട്ടവരുടെ ആരോപണം. നീതിനിഷേധത്തിനെതിരെ കൂടുതല്‍ നിയമനടപടികളിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.