Connect with us

Malappuram

ഞെരളത്ത് ഉപയോഗിച്ച 45 വര്‍ഷം പഴക്കമുള്ള ഇടക്ക കോലുമായി സുരേഷ് എത്തി

Published

|

Last Updated

പെരിന്തല്‍ണ്ണ: 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞെരളത്ത് രാമപോതുവാള്‍ ഉപയോഗിച്ചിരുന്ന ഇടക്ക കോല്‍ സ്വന്തം ശേഖരത്തില്‍ നിന്നും കൊണ്ട് വന്നു സുരേഷ് എന്ന പാലക്കാട് സ്വദേശി അത്ഭുതപ്പെടുത്തി.
നിലമ്പൂര്‍ കോവിലകത്തെ പരേതനായ എന്‍ ഗോപി നാഥന്‍ തിരുമുള്‍പ്പാടിന്റെയും പാലക്കാട് കണ്ണംബ്ര നായര് തറവാട്ടിലെ രാധ നേത്യാരുടെയും മകനാണ് സുരേഷ്. 1966 -67 കാലത്ത് ഏഴ് വയസ്സുണ്ടായിരുന്ന സുരേഷന് നിലമ്പൂര്‍ കോവിലകത്ത് നിത്യ സന്ദര്‍ശകനായിരുന്ന ഞെരളത്ത് രാമപോതുവാള്‍ സമ്മാനമായി നല്‍കിയതത്രേ ഈ ഇടക്ക കോല്‍.
അങ്ങാടിപ്പുരത്ത് ഞെരളത്തും കുടുംബവും താമസിച്ചിരുന്ന ഒരു വീട് തീ പിടിച്ചു കത്തി നശിച്ചിരുന്നു. അന്ന് അതിനകത്തുണ്ടായിരുന്ന ഇടക്ക പൂര്‍ണമായും കത്തിപ്പോയി. എന്നാല്‍ പിടിയില്‍ വെള്ളി കെട്ടിയ ഈ കോല്‍ മാത്രമാണ് ബാക്കിയായത്. അതാണ് ഉണ്ണിക്ക് തരുന്നത് എന്ന് ഞെരളത്ത് സുരേഷിനോട് പറഞ്ഞിരുന്നത്രെ.
എത്രമാത്രം വണ്ണവും നീളവും കുറഞ്ഞതാണോ ഒരു ഇടക്ക വാദകന്റെ ഇടക്ക കോല്‍ അത്ര മാത്രം കേമനായിരിക്കും വാദകന്‍ എന്നാണു പറയുക. ഈ ഇടക്ക കോല്‍ നീളവും വണ്ണവും വളരെ കുറഞ്ഞതാണ്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കലാശ്രമത്തില്‍ നേരിട്ടെത്തി ഞെരളത്ത് ഹരിഗോവിന്ദന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ആണ് ഞെരളത്തിന്റെ ഇടക്ക പ്രതിഷ്ടിച്ച ശ്രീകോവിലിന്റെ സോപാനത്തില്‍ വെച്ചു കോല്‍ കൈമാറിയത്.
ഞെരളത്ത് ശ്രീരാമക്ഷേത്രം ഭാരവാഹിയായ അപ്പു മേനോനും അയല്‍വാസിയായ കൃഷ്ണ ദാസും അദ്ദേഹത്തിന്റെ പത്‌നിയും പ്രസിദ്ധ നര്‍ത്തകിയുമായ പ്രിയ കൃഷ്ണ ദാസും കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ കോല്‍ ശ്രീകോവിലിനകത്തെ ഇടക്കയില്‍ ചേര്‍ത്തുവെച്ചു.

Latest